
തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്ക്യൂ ആപ്പ് വീണ്ടും തിരിച്ചെത്തിക്കാനൊരുങ്ങി എക്സൈസ് വകുപ്പ്. ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ ബാറുകളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാനാണ് ആപ്പ് തിരിച്ചെത്തിക്കുന്നത്. പരാതികള്‍ പരിഹരിച്ച് നവീകരിച്ച ആപ്പ് അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാം ലോക്ക്ഡൗണ്‍ കാലത്ത് മദ്യവിതരണത്തിന് വിര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായാണ് ആപ്പ് സജ്ജമാക്കിയത്. കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് ആയ ഫെയര്‍കോഡ് ടെക്നോളജീസ് ആണ് ആപ്പ് വികസിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ പ്രവര്‍ത്തനം തുടങ്ങി. ഡിസംബര്‍ മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കിയതോടെ ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കുകയായിരുന്നു. സാങ്കേതിക തകരാറുകളും ആപ്പിന്റെ പ്രവര്‍ത്തനം ഉപേക്ഷിക്കാനുള്ള നീക്കത്തിന് പിന്നിലുണ്ട്. ഈ തകരാറുകള്‍ പരിഹരിച്ചാകും ഇക്കുറി ആപ്പ് മടക്കികൊണ്ടുവരുന്നത്.