സംസ്ഥാനത്ത് രണ്ട് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് പേര്‍ക്കു കൂടി ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവര്‍ രണ്ടുപേരും കഴിഞ്ഞ ദിവസം വിദേശത്തുനിന്നുവരാണ്. ഏഴാംതിയതി ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയില്‍നിന്ന് കൊച്ചിയില്‍ എത്തിയ വിമാനത്തിലും ഉണ്ടായിരുന്ന ഓരോരുത്തര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കൊച്ചിയിലും കോഴിക്കോട്ടും ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. 39കാരന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.മേയ് ഏഴിനു രാത്രി അബുദാബിയില്‍നിന്ന് കൊച്ചിയിലെത്തിയ 23 കാരനെ അന്നു തന്നെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളോട് കൂടിയാണ് യുവാവ് എത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ഇതുവരെ സംസ്ഥാനത്ത് 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 പേര് നിലവില്‍ ചികിത്സയിലുണ്ട്. 23,930 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 23,596 പേര് വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 334 പേര് ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 36,648 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 36,002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3,475 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3,231 എണ്ണം നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.