KERALATrending

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മലപ്പുറത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം: കേരളത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് മരണസംഖ്യയും ഉയരുന്നു. ഇന്ന് ഒരു കോവിഡ് മരണം കൂടി കേരളത്തില്‍ സ്ഥിരീകരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാത്തിമയുടെ മരണം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു. അതേസമയം മലപ്പുറം ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നത്. ഞായറാഴ്ചകളില്‍ ജനങ്ങള്‍ അനവശ്യമായി പുറത്തിറങ്ങുന്നു എന്ന പൊലീസ് റിപ്പോര്‍ട്ടിന്രെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചത്.
വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കോഴിക്കോട് ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കി. ലോക്ക് ഡൗണ്‍ ഉപാധികളോടെ പിന്‍വലിക്കുന്നതായി കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലായ സാഹചര്യത്തിലാണ് നടപടി. എന്നാല്‍ ജില്ലയില്‍ യാതൊരു തരത്തിലുള്ള ഒത്തു ചേരലുകളും കൂട്ടംകൂടലും അനുവദിക്കില്ല.
കേരളത്തില്‍ പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1608 പേരിലാണ് പുതിയതായി വൈറസ് ബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്നു വന്ന 74 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്ന 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Tags
Show More

Related Articles

Back to top button
Close