
ലഖ്നൗ: ഹാത്രാസ് കേസില്‍ സംസ്ഥാനസര്‍ക്കാറിനെതിരെ അസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടബലാത്സംഗക്കൊലക്ക് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് ‘അജ്ഞാതര്‍’ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് യു.പി പൊലീസ്. ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹകുറ്റം ചുമത്തി യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത 19 എഫ്.ഐ.ആറുകളില്‍ ഒന്നിലാണ് ഈ പരാമര്‍ശം. സര്‍ക്കാറിനെതിരെ അജ്ഞാത സംഘം ഗൂഢാലോചന നടത്തിയെന്നും അസത്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ ഇരയുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തുവെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.ഹാത്രാസില്‍ സബ് ഇന്‍സ്പെക്ടര്‍ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് ഈ പരാമര്‍ശമുള്ളത്. ‘സര്‍ക്കാരിനെതിരെ അസത്യങ്ങള്‍ സംസാരിക്കാന്‍ ചില ഘടകങ്ങള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ഘടകങ്ങള്‍ വാഗ്ദാനം ചെയ്തു’-എന്നാണ് എഫ്.ഐ.ആറില്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ആ ഘടകങ്ങള്‍ ഏതെന്ന് വ്യക്തമാക്കുന്നില്ല. ഉത്തര്‍പ്രദേശില്‍ ജാതി സംഘര്‍ഷം ഇളക്കിവിടാനുള്ള ശ്രമം ചിലര്‍ നടത്തിയെന്നുംം എഫ്.ഐ.ആറി കുറ്റപ്പെടുത്തുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യു.പി സര്‍ക്കാരില്‍ തൃപ്തനല്ലെന്ന് പറയുന്ന ഒരു ഭാഗം വേണമെന്ന് ജ്ഞാതനായ ഒരു മാധ്യമപ്രവര്ത്തകന് ഇരയുടെ സഹോദരനോട് ആവശ്യപ്പെട്ടുവെന്നും പറയുന്നു.സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടന്നുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്േറതെന്ന വ്യാജേന തെറ്റായ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും പൊലീസ് എഫ്ഐആറില്‍ പറയുന്നു.സംസ്ഥാനത്തൊട്ടാകെ 19 എഫ്.ഐ.ആറാണ് പൊലീസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ചിലര്‍ സംസ്ഥാനത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിക്കുന്നു. തന്റെ സര്‍ക്കാറിന്റെ വികസന നടപടികളില്‍ അസ്വസ്ഥരായവര്‍ ഹാഥറസ് സംഭവം മുതലെടുക്കുകയാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് കേസുകള്‍ ഫയല്‍ ചെയ്തത്.