സച്ചിക്കു വിട നല്കി സിനിമാലോകം

തൃശൂര്‍: ‘കഥാന്ത്യത്തില്‍ കലങ്ങിത്തെളിയണം. നായകന് വില്ലൊടിക്കണം. കണ്ണീരു നീങ്ങി കളിചിരിയിലാവണം ശുഭം. കൈയടി പുറകേ വരണം. എന്തിനാണ് ഹേ… ഒരു ചോദ്യമോ ദുഖമോ ബാക്കിവെയ്ക്കുന്നത്. തിരശീലയില്‍ നമ്മുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി !!!!’ ജനപ്രിയ സിനിമകളുടെ അമരക്കാരനായി മലയാള സിനിമയില്‍ മാറ്റങ്ങളുടെ വക്താവായി മാറിയ സച്ചി പറഞ്ഞ വാക്കുകളാണിവ. വാണിജ്യ സിനിമകളിലെ സ്ഥിരം ശൈലികളെ തച്ചുടച്ച് കലാമൂല്യങ്ങളെയും കോര്‍ത്തിണക്കാന്‍ സച്ചിക്കു കഴിഞ്ഞു. പൂജ കഴിഞ്ഞു മുടങ്ങിയ ആദ്യ ചിത്രം പോലെ ആരംഭത്തിലെ അസ്തമിക്കുകയായിരുന്നു ആ കലാ ജീവിതവും. ഒന്നരപ്പതിറ്റാണ്ടിനടുത്ത കലാജീവിതം കൊണ്ട് സച്ചി ബാക്കിയാക്കുന്നത് തിരശീലയിലെ ഒരു പിടി നല്ല ചിത്രങ്ങളാണ്. പ്രിയപ്പെട്ട സംവിധായകന്റെ അകാല വിയോഗത്തില്‍ നടുക്കത്തോടെ വിടനല്‍കുകയാണ് മലയാള സിനിമാ ലോകം. മരണത്തിനപ്പുറവും സച്ചി ജീവിക്കുക തന്റെ കണ്ണുകളിലൂടെയാവും. മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണ് കുടുംബാംഗങ്ങള്‍.
ചലച്ചിത്ര പ്രവര്‍ത്തകരും മന്ത്രിമാരുമടക്കം നിരവധി പേരാണ് സച്ചിയുടെ കുടുംബത്തിന്റെ വേദനയോടൊപ്പം പങ്കുചേരുന്നത്.മലയാള സിനിമയ്ക്കു പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു. മലയാള സിനിമയ്ക്കു നികത്താനാവാത്ത നഷ്ടമാണ് സച്ചിയുടെ മരണത്തിലൂടെ ഉണ്ടായതെന്നു സാംസ്കാരിക മന്ത്രി എ കെ ബാലന് അഭിപ്രായപ്പെട്ടു.
മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത നിരവധി കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു സച്ചി- സേതു കൂട്ടുകെട്ടും. ആ കൂട്ടുകെട്ടില്‍ നിരവധി സിനിമകള്‍ ഇനിയും പിറക്കേണ്ടവയാണ്. എന്നാല്‍ സേതു മാത്രമായി സച്ചി അകാലത്തില്‍ പൊലിയുകയുന്നു. ‘സച്ചി ഇല്ലായിരുന്നുവെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ താന്‍ എത്തുമെന്നു വിശ്വസിക്കുന്നില്ല. എന്നെ മനസിലാക്കാത്തവരുടെ ഇടയ്ക്കു സച്ചി-സേതുവിലെ സേതുവാണ് എന്നു പറഞ്ഞാണ് ഞാന്‍ പരിചയപ്പെടുത്താറുള്ളതെന്നും’ സേതു വിതുമ്പലോടെ പ്രതികരിച്ചതിങ്ങനെയാണ്. സച്ചിയുടെ സിനിമകളില്‍ സ്ഥിര സാന്നിധ്യമായിരുന്നു പൃഥിരാജും ബിജു മേനോനും. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ നിശബ്ദമാകുന്നപോലെ സച്ചിയുടെ ചിത്രത്തിനൊപ്പം ‘പോയി’ എന്ന വാക്കു ചേര്‍ത്താണ് പൃഥിരാജ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. ദിലീപെന്ന നടന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലും സിനിമയില്‍ നിലനിര്‍ത്തിയത് സച്ചിയായിരുന്നു. ‘പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ചു തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു എന്തു പറയാന്‍ ഒരിക്കലും മറക്കാനാവത്ത സഹോദരന്റെ വേര്‍പാടില്‍ കണ്ണീര് ആദരാഞ്ജലികള്‍’. എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ദുല്‍ഖര്‍ സല്മാന്, ജോണ്‍ അബ്രാഹാം, മിയ, മുകേഷ്, സുരേഷ് കൃഷ്ണ, സംവിധായകരായ റോഷന് ആന്‍ഡ്രൂസ്, ബി ഉണ്ണികൃഷ്ണന്, വിനയന്, ഡോ.ബിജു തുടങ്ങിയവരും സച്ചിയുടെ വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ചു.