
ജയ്പൂര്‍ : മുഖ്യമന്ത്രി അശോക് ഗെഹലോത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയ സച്ചിന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കി. ചൊവ്വാഴ്ച ജയ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സച്ചിന് പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് സച്ചിന് പൈലറ്റും സംഘവും നിയമസഭാകക്ഷി യോഗം ബഹിഷ്കരിക്കുന്നത്. ഇതിനു പിന്നാലെ യോഗത്തില്‍, ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയായിരുന്നു.
ജയ്പുരിലെ ഫെയര്‍മോണ്ട് ഹോട്ടലിലാണ് യോഗം നടന്നത്. സച്ചിന് പൈലറ്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് എംഎല്‍എമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജനങ്ങള്‍ അധികാരത്തിലെത്തിച്ച സര്‍ക്കാരിനെ അട്ടിമറിക്കാന്ശ്രമിച്ചെന്നും ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നുമാണ് സച്ചിന് പൈലറ്റിനെതിരെയുള്ള ആരോപണം. സച്ചിന്റെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് പുറത്താക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു. സച്ചിന് അനുകൂലികളായ രണ്ട് മന്ത്രിമാരേയും പദവികളില്‍ നിന്ന് നീക്കിയിട്ടുണ്ട്. മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത് .