തൃശ്ശൂര്‍ : മലയാളത്തിലെ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്ന സച്ചിദാന്ദന്റെ നില അതീവ ഗുരുതരം. മറ്റൊരാശുപത്രിയില്‍ ചികിത്‌സയിലായിരുന്ന സച്ചിയെ
ചൊവ്വാഴ്ച രാവിലെയാണ് തൃശ്ശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. നടുവേദനയെത്തുടര്‍ന്ന് നട്ടെല്ലിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ എത്തിയ സച്ചിയുടെ ആദ്യ ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതമുണ്ടാവുകയും തലച്ചോര്‍ പ്രതികരിക്കാതാവുകയും ചെയ്തു. ഹൃദയാഘാതമുണ്ടായപ്പോഴാണ് ജൂബിലി മിഷനില്‍ എത്തിച്ചത്. നില വഷളായതിനേത്തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്്. സേതുവിനൊപ്പം 2007ല്‍ ചോക്ലേറ്റിലൂടെ സിനിമയിലെത്തിയ സച്ചി 2012ല്‍ റണ്‍ ബേബി റണ്ണിന് വേണ്ടി തിരക്കഥ എഴുതുകയും തുടര്‍ന്ന് സിനിമാ മേഖലയില്‍ സജീവമാവുകയുമായിരുന്നു. രാജീവ് നായര്‍ നിര്‍മ്മിച്ച അനാര്‍ക്കലിയാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2020 ല്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയുമാണ് സച്ചിയുടേതായി ഒടുവിലിറങ്ങിയ സിനിമ . എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍.എല്‍ബി പൂര്‍ത്തിയാക്കിയ ശേഷം എട്ട് വര്‍ഷം കേരളാ ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു ഇദ്ദേഹം. പിന്നീടാണ് സിനിമാ രംഗത്തേക്കുള്ള കടന്നു വരവ്. മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സച്ചി കുറഞ്ഞ കാലയളവില്‍ത്തന്നെ ശ്രദ്ധേയനാവുകയായിരുന്നു.
സച്ചിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
