
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ സജന ഷാജിക്ക് പിന്തുണയുമായി റോഡരികില്‍ ബിരിയാണി വില്ക്കാന് നടന് സന്തോഷ് കീഴാറ്റൂര്‍ എത്തി. ഇരുമ്പനത്ത് റോഡരികില്‍ ഭക്ഷണം വില്‍ക്കുന്ന സജന ഷാജിക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു നടന് എത്തിയത്. ട്രാന്സ്ജെന്ഡേഴ്സിനോട് ചിലര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിക്കുന്നതായി അദ്ദേഹം പറഞ്ഞു. സജനയ്ക്ക് ഐക്യദാര്‍ഢ്യം നല്‍കാനാണ് നേരിട്ടെത്തിയത്. എല്ലാവര്ക്കും തുല്യാവകാശമാണെന്ന് ഓര്‍മിക്കണമെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. സജനയുടെ ബിരിയാണി റോഡരികില്‍നിന്ന് സന്തോഷ് കഴിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വില്‍പ്പന.
കഴിഞ്ഞ ദിവസം സജന തന്നെ ജോലിയെടുത്ത് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങളില്‍ കരഞ്ഞുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. വഴിയോരക്കച്ചവടത്തിന് എത്തിയപ്പോള്‍ മര്‍ദ്ദനമേറ്റുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫെയ്സ് ബുക്ക് ലൈവ്. ഇതോടെ സംഭവം വിവാദമാകുകയും നിരവധി പേര് പിന്തുണയുമായി എത്തുകയും ചെയ്തു.
സംഭവമറിഞ്ഞ ഉടന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇവരെ ഫോണില്‍ ബന്ധപ്പെട്ടു. ആവശ്യമായ സംരക്ഷണവും സാമ്പത്തികസഹായവും മന്ത്രി സജനയ്ക്ക് ഉറപ്പുനല്‍കുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തൃപ്പൂണിത്തുറ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ സജന ഹില്‍ പാലസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നടന് ജയസൂര്യ സജനയ്ക്ക് ബിരിയാണി വില്‍ക്കുന്നതിനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും സാമൂഹ്യനീതി വകുപ്പ് സഹായവുമായും എത്തിയിരുന്നു.