KERALANEWS

സജന ഷാജിയ്ക്ക് എതിരായ ആക്രമണം:അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി

കൊച്ചി: എറണാകുളത്ത് ബിരിയാണിക്കച്ചവടം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജിയ്ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇവരെ നേരില്‍ വിളിച്ച് സഹായവും പോലീസ് സുരക്ഷയും ഉറപ്പുനല്‍കിയതായും സാമൂഹ്യനീതി വകുപ്പിന്റെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സംഭവത്തില്‍ യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മന്ത്രി വിളിച്ച് എല്ലാ പിന്തുണയും അറിയിച്ചെന്നും എല്ലാവരും കൂടെയുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടന്നും സജന പറഞ്ഞു. ഉണ്ടായ നഷ്ടത്തിന് പരിഹാരം നല്‍കാമെന്ന് ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് ഫുഡ് ഇന്‍സ്‌പെക്ടര്‍ വിളിച്ച് കച്ചവടം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ക്ക് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ട്. അവിടെ കച്ചവടം നടത്തുന്ന ആരോടും നിര്‍ത്തിവെക്കാന്‍ പറഞ്ഞിട്ടുമില്ല. ഇക്കാര്യം അറിയിച്ചപ്പോള്‍ അതിനും പരിഹാരം ഉണ്ടാക്കാമെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. നാളെ മുതല്‍ കൂടുതല്‍ നന്നായി കച്ചവടം ആരംഭിക്കും -സജന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. എറണാകുളം ഇരുമ്പനത്ത് വഴിയോരത്ത് ബിരിയാണിക്കച്ചവടം ചെയ്യുന്നതിനിടെയാണ് ചിലര്‍ സജനയുടെ കച്ചവടം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്തത്.കഴിഞ്ഞ ദിവസം ഇക്കാര്യം സജന ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. താന്‍ കച്ചവടം ചെയ്യുന്നതിന്റെ എതിര്‍വശത്ത് മറ്റൊരു കച്ചവടം ചെയ്തിരുന്നയാള്‍ കുടുംബവുമൊത്ത് താന്‍ കച്ചവടം ചെയ്തിരുന്ന ഭാഗത്ത് ബിരിയാണിക്കച്ചവടം ആരംഭിക്കുകയും തങ്ങളുടെ കച്ചവടം തടസ്സപ്പെടുത്തുകയുമായിരുന്നെന്ന് സജന പറയുന്നു. ഞങ്ങളുടെ ഫ്‌ലക്‌സ് മറയുന്ന രീതിയില്‍ ഫ്‌ലക്‌സ് സ്ഥാപിക്കുക, വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ ഓടിച്ചെന്ന് ഭക്ഷണം നല്‍കുക, ഭക്ഷണം വാങ്ങാന്‍ വരുന്നവരോട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അധിക്ഷേപിച്ച് സംസാരിക്കുക, ഭക്ഷണം മോശമാണെന്ന് പറയുക തുടങ്ങി പല രീതിയിലും ഇയാള്‍ ഉപദ്രവിച്ചു. കഴിഞ്ഞ ദിവസം അവരുടെ വാഹനത്തിനു മുന്നില്‍ പോയി കച്ചവടം ചെയ്തപ്പോള്‍ ഇയാള്‍ തന്നെയും കൂടെയുള്ളവരെയും കയ്യേറ്റം ചെയ്യുകയും ചെയ്തു. പരാതിയുമായി ചെന്നപ്പോള്‍ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും സജന കൂട്ടിച്ചേര്‍ത്തു. അതേസമയം, പരാതിയില്‍ അലംഭാവമുണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ വാദം. ഇന്നലെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്തു.എന്നാല്‍, മൂന്ന് ദിവസം മുമ്പ് നല്‍കിയ പരാതിയില്‍ ഹൈക്കോടതി അഡ്വക്കേറ്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സജന പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close