
പനാജി:കോവിഡ് കാലത്തും ഗോവ വീണ്ടും തിരക്കുകളിലേക്ക്. ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കായി ഗോവയുടെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു. ഇതിനോടനുബന്ധിച്ച് 250 ഓളം ഹോട്ടലുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഗോവ ടൂറിസം മന്ത്രി മനോഹര്‍ അജ്ഗാവ്കര്‍ അറിയിച്ചു. സംസ്ഥാനത്ത് പ്രവേശിക്കാനും സഞ്ചരിക്കാനും സഞ്ചാരികള്‍ ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. യാത്രയ്ക്കു മുമ്പ്, യാത്രാസമയത്ത,് എത്തിച്ചേര്‍ന്ന ശേഷം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുളളത്. സഞ്ചാരികള്‍ റോഡിലൂടെയും കപ്പല്‍ വഴിയും വ്യോമമാര്ഗ്ഗങ്ങളിലൂടെയും ഗോവയിലെത്തുന്നുണ്ട്.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1) ഏറ്റവും ഉയര്‍ന്ന സുരക്ഷയും ശുചിത്വവുമുള്ള ഹോട്ടലുകള്‍ മാത്രമേ തുറക്കാന്‍ അനുവദിച്ചിട്ടുള്ളൂ. ഇവിടെ പ്രീ-ബുക്കിംഗ് നിര്‍ബന്ധവുമാണ്.
(2) മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലില്‍ ഒരു ഫോം പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്.
(3) എത്തിച്ചേര്‍ന്നതിന് ശേഷം 48 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം
(4.) സഞ്ചാരികള്‍ ഓരോ സ്ഥലത്തും എത്തുമ്പോള്‍ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധനയ്ക്ക് വിധേയരാക്കും.
(5.) വിനോദസഞ്ചാരികളുടെ സാമ്പിള്‍, പ്രവേശന സ്ഥലങ്ങളില്‍ ശേഖരിക്കും. കോവിഡ്19 സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് രണ്ട് ഘട്ടങ്ങളില്‍ ഇത് ഒഴിവാക്കാം.
(6.) സഞ്ചാരികള്‍ ടെസ്റ്റിന് നല്‍കിയശേഷം ഏതെങ്കിലും താമസ സ്ഥലത്ത് ചെക്ക്-ഇന്‍ ചെയ്യുക, ഫലം വരുന്നതുവരെ രണ്ടാഴ്ചത്തേക്ക് ഐസൊലേഷന്‍ നിര്‍ബന്ധമായിരിക്കും
(7.) ഫലങ്ങള്‍ നെഗറ്റീവ് ആണെങ്കില്‍ ഗോവയില്‍ തുടരാം. പോസിറ്റീവ് ആണെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയേണ്ടിവരും.
ഗോവയില്‍ 1,482 കോവിഡ് കേസുകളും നാല് മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.