SPORTS

സഞ്ജുവിനെ ലോകകപ്പ് ടീമില്‍ എടുത്ത് സ്‌റ്റൈറിസ്

ട്വന്റി20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ ന്യൂസീലന്‍ഡ് താരവും നിലവില്‍ ക്രിക്കറ്റ് കമന്റേറ്ററുമായ സ്‌കോട് സ്‌റ്റൈറിസും മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണും. ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പരയുടെ ഭാഗമായി സ്റ്റാര്‍ സ്‌പോര്‍ട്‌സിനു വേണ്ടിയാണ് ഇരുവരും ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. സ്‌റ്റൈറിസിന്റെ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചപ്പോള്‍, ലക്ഷ്മണിന്റെ ടീമില്‍ യുവതാരത്തിന് ഇടമില്ല. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ട്വന്റി20 ലോകകപ്പ് അരങ്ങേറുക.

ഒരേയൊരു രാജ്യാന്തര ട്വന്റി20യുടെ മാത്രം അനുഭവസമ്പത്തുള്ള സഞ്ജുവിനു പുറമെ ഇതുവരെ രാജ്യാന്തര ട്വന്റി20യില്‍ അരങ്ങേറിയിട്ടില്ലാത്ത യുവതാരം ശുഭ്മാന്‍ ഗില്ലിനെയും സ്‌റ്റൈറിസ് തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇരുവരെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ സ്‌റ്റൈറിസിനു പ്രചോദനമായത്.

അതേസമയം ഭുവനേശ്വര്‍ കുമാര്‍, മനീഷ് പാണ്ഡെ, ഷാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയവര്‍ക്ക് സ്‌റ്റൈറിസിന്റെ ടീമില്‍ ഇടമില്ല. വിരാട് കോലി നയിക്കുന്ന സ്‌റ്റൈറിസിന്റെ 15 അംഗ ലോകകപ്പ് ടീം ഇതാ:

വിരാട് കോലി (ക്യാപ്റ്റന്‍) രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചെഹല്‍, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി, ദീപക് ചാഹര്‍.
അതേസമയം, കൂടുതല്‍ പരിചിത മുഖങ്ങളാണ് ലക്ഷ്മണിന്റെ ടീമില്‍ ഏറെയും. എന്നാല്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഒഴിവാക്കിയത് അപ്രതീക്ഷിതമായി. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് ഇപ്പോഴും വിരമിച്ചിട്ടില്ലാത്ത മഹേന്ദ്രസിങ് ധോണിക്കും ലക്ഷ്മണിന്റെ ടീമില്‍ ഇടമില്ല. ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്, ശിവം ദുബെ എന്നിവര്‍ ലക്ഷ്മണിന്റെ ടീമിലുണ്ട്. ലക്ഷ്മണിന്റെ ലോകകപ്പ് ടീം ഇതാ:

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചെഹല്‍, കുല്‍ദീപ് യാദവ്, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close