Media Mangalam Exclusive

സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാകുക ലോക മലയാളികളും; കലാസന്ധ്യ കൊഴുപ്പിക്കാൻ യേശുദാസും മമ്മൂട്ടിയും മോഹൻലാലും മ‍‍ഞ്ജു വാര്യരും ചേർന്ന താരനിരയുമെത്തും; രണ്ടാമൂഴം കളറാക്കാനൊരുങ്ങി സഖാവ് പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനോട് അനുബന്ധിച്ച് അണിയറയിൽ ഒരുങ്ങുന്നത് വിപുലമായ പരിപാടികൾ. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള പ്രമുഖരായ മലയാളികളും കലാകാരന്മാരും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കും. ​ഗായകൻ യേശുദാസ്, നടന്മാരായ മമ്മുട്ടി, മോഹൻലാൽ, പ്രമുഖ വ്യവസായി എം എ യൂസഫലി, മഞ്ജു വാര്യർ, മുരളീ തുമ്മാരുകുടി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി ആളുകൾ സത്യപ്രതിജ്ഞ ചടങ്ങിന് ഓൺലൈൻ ആയി സാക്ഷിയാകും.

രണ്ടാം വരവിലൂടെ നാം അതിജീവിക്കും എന്ന പ്രത്യാശയുടെ സന്ദേശംനൽകാനാണു ​ ഇടതു മുന്നണിയുടെ തീരുമാനം. ഇതിന്റെ ഭാ​ഗമായി ഓൺലൈനായി കലാസന്ധ്യയും സംഘടിപ്പിക്കും. യേശുദാസ് ഉൾപ്പെടെയുള്ള ​ ഗായകരെ ഉൾപ്പെടുത്തിയുള്ള ദൃശ്യ സംഗീത വീഡിയോ അവതരണമാണ് ഹൈലൈറ്റ്. സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് ഇതിന്റെ ആസൂത്രണം.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തിന്റെ രണ്ടാം ഊഴം ആഘോഷമാക്കാൻ പറ്റാത്ത അണികളെയും സന്തോഷിപ്പിക്കാനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും സത്യപ്രതിജ്ഞയും ആ​ഘോഷ പരിപാടികളും ലൈവായി കാണുന്നതിനും സംവിധാനം ഒരുക്കും.

സത്യപ്രതിജ്ഞാ ചടങ്ങ് ലോകമെമ്പാടുമുള്ള മലയാളികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാക്കാനാണ് സിപിഎം ആലോചിക്കുന്നത്. കലാകാരന്മാരെയും വ്യവസായ പ്രമുഖരെയും സാങ്കേതിക വിദ​ഗ്ധരെയും ​ഗവേഷകരെയും വിദ്യാർത്ഥികളെയും തൊഴിലാളികളെയും പാർട്ടിയോട് കൂടുതൽ അടുപ്പിച്ച് നിർത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നതായാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close