തൃശ്ശൂര്‍: സിപിഎം പ്രവര്‍ത്തകന്‍ സനൂപിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. ഒന്നാം പ്രതി നന്ദനെ പൊലീസ് പിടികൂടി. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. തൃശ്ശൂര്‍ ജില്ലയില്‍ കുന്ദംകുളത്തു നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. ജില്ല വിട്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് നന്ദന്‍ പൊലീസ് പിടിയിലായത്. ബസില്‍ കയറി പോകാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഇപ്പോള്‍ കുന്ദംകുളം എസിപി ഓഫീസിലാണ്.
കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശൂര്‍ ജില്ലയിലെ ചിലയിടങ്ങില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. നന്ദന്‍ രണ്ടുമാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. സനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ്ട് നന്ദന്‍ കുത്തിയതെന്നാണ് എഫ്‌ഐആര്‍. സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തത് നന്ദനാണെന്ന് പൊലീസ് പറയുന്നു.നന്ദന്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന അനുമാനത്തെ തുടര്‍ന്ന് ഇയാളുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.