MoviesTop News

സപ്ത സ്വരങ്ങളുടെ സഹചാരി സപ്തതി നിറവില്‍

കൃഷ്‌ണേന്ദു പ്രകാശ്‌

കണ്ണാടിമന കൈരളിക്കു നല്‍കിയ കലോപാസകന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സപ്തതി. സാഹിത്യം, സംഗീതം, അഭിനയം തുടങ്ങി അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാത്ത മേഖലകളില്ല. എല്ലാ വര്‍ഷവും കര്‍ക്കിടക മാസത്തിലെ രേവതിനാളില്‍ ഇദ്ദേഹം തന്റെ പിറന്നാള്‍ മൂകാംബികയുടെ തിരുസന്നിധിയിലാകും ആഘോഷിക്കുക. എന്നാല്‍ ഇക്കുറി കോവിഡ് എന്ന മഹാമാരി, സപ്തതി ആഘോഷങ്ങള്‍ക്ക് മാറ്റ് കുറച്ചുവെങ്കിലും കണ്ണാടിപ്പുഴയുടെ തീരങ്ങളില്‍ ആ കാവ്യോപാസകന്‍ കടന്നു വന്ന ഓരോ വഴിത്താരകളെയും ഓര്‍മിച്ചെടുക്കുന്നുണ്ട്. ഈ സപ്തതി നിറവില്‍ മീഡിയമംഗളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം തന്റെ മനസ് തുറക്കുകയാണ്.

എല്ലാ വര്‍ഷവും മൂകാംബിക അമ്മയ്ക്ക് മുന്നില്‍ ജന്മദിനം ആഘോഷിക്കുന്ന താങ്കള്‍ക്ക് ഇത്തവണ കൊവിഡ് കാരണം സപ്തതി ആഘോഷിക്കാന്‍ മൂകാംബികയിലേക്ക് പോകാന്‍ സാധിക്കില്ലല്ലോ. അപ്പോള്‍ എങ്ങനെയാണ് ഇത്തവണത്തെ ആഘോഷം?

ഇത്തവണ പ്രത്യേകിച്ച് യാതൊരു ആഘോഷവുമില്ല. കര്‍ക്കിടക മാസത്തില്‍ ഭഗവത് സേവ നടത്താറുണ്ട്. അതുമാത്രമാണ് ഇത്തവണത്തെ ആഘോഷം

സാഹിത്യകാരന്‍, ഗാനരചയിതാവ്, അഭിനേതാവ് എന്നിങ്ങനെ കലാസാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം എന്ന നിലയിലാണ് സാധാരണക്കാര്‍ താങ്കളെ അറിയുന്നത്. യഥാര്‍ഥ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആരാണ്?

ഞാന്‍ ഒരു സാധാരണ മനുഷ്യന്‍. ഒരു കലം ചോറ് പാകമായോയെന്ന് നോക്കാന്‍ ഒരു വറ്റ് നോക്കിയാല്‍ മതി. എന്റെ എതെങ്കിലും ഒരു ഭാവം ഓക്കെയാണെന്ന് തോന്നിയാല്‍ ബാക്കിയെല്ലാം ശരിയായിരിക്കും. അതിന് വേണ്ടി പ്രാര്‍ഥിക്കുന്ന ഒരാളാണ് ഞാന്‍.

സംഗീതത്തെ മനുഷ്യ ജീവനുമായും രോഗശാന്തിക്ക് മാര്‍ഗമെന്ന നിലയിലും ചിന്തിച്ചത് അങ്ങു മാത്രമാണ്. അങ്ങനെ ഒരു ചിന്തയുണ്ടാകാന്‍ കാരണമെന്ത് ?

മനുഷ്യന് വേണ്ടി പാടണം. മനുഷ്യന്റെ വേദന ശമിപ്പിക്കാന്‍ വേണ്ടി പാടിയാല്‍ അതിന് അര്‍ഥമുണ്ട്. അല്ലെങ്കില്‍ പിന്നെ പഠിക്കുന്നതിനും പാടുന്നതിനും അര്‍ഥമില്ലാതാകും. തൊണ്ണൂറു ശതമാനം ആളുകളും അവസാനം വരെ പഠിക്കുന്നു. പഠിക്കുന്നത് നല്ലതാണ്. എന്നാല്‍ അതിന് പ്രയോജനം ഉണ്ടാകേണ്ടേ? സംഗീതം ഒരു ജോലിയല്ല. സംഗീതം ഒരു സേവനവും സ്വാന്തനവുമായിരിക്കണം.

സംഗീതത്തിന് ഒരു ഔഷധസിദ്ധിയുണ്ടെന്ന തിരിച്ചറിവ് എന്നാണ് താങ്കള്‍ക്ക് ഉണ്ടായത്?

ബാലമുരളി സാറാണ് ഇതിനെക്കുറിച്ച് ആദ്യം പറയുന്നത്. ഒരു ഗുരുവിന്റെ കീഴിലും സംഗീതം അഭ്യസിക്കാത്ത ഒരാളാണ് അദ്ദേഹം. അമ്മയാണ് അദ്ദേഹത്തിന്റെ ഗുരു. ബാലമുരളി സാറിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അമ്മ വീണ വായിക്കുമായിരുന്നു. ഈ വയറ്റിലുള്ള കുട്ടിക്ക് അമ്മയുടെ സംഗീതം കേട്ട് പഠിക്കാമെങ്കില്‍ അതാണ് യഥാര്‍ഥ പഠനം. അതാണ് സ്വാന്തനം. അതാണ് സംഗീതം. അതാണ് എന്റെ പാഠം. അടുത്ത തലമുറ എന്റേവും നന്നാകാനുള്ള മാര്‍ഗവും സമാധാനത്തിലേക്കുള്ള മാര്‍ഗവും ഒന്നു മാത്രമാണ്. ലോകത്തിലെ ഗര്‍ഭിണികള്‍ക്ക് സംഗീതം പഠിപ്പിക്കുകയെന്നതു തന്നെ. ഞാന്‍ ഇതിനെ ഒരു ഉപാസനയായി കാണുന്നു. ഗര്‍ഭിണികള്‍ക്ക് മാത്രമായി ഒരു സ്വാന്തന കേന്ദ്രം ഞാന്‍ സ്ഥാപിക്കുന്നുണ്ട്.

ഹിസ് ഹൈനസ് അബ്ദുള്ള, നിവേദ്യം എന്നിവയില്‍ കാര്‍ക്കശ്യക്കാരനായ അഭിനേതാവിനെയാണ് കണ്ടിട്ടുള്ളത്. യഥാര്‍ഥ ജീവിതത്തില്‍ കാര്‍ക്കശ്യക്കാരനായ സംഗീതജ്ഞന്‍ ആണോ?

ഒരിക്കലുമല്ല. അത് ആ സിനിമകളിലെ കഥാപാത്രം അങ്ങനെയാണ്. ജീവിതത്തില്‍ ഞാന്‍ വളരെ സ്വാത്വികനാണ്. ഒരാളെയും വേദനിപ്പിക്കാത്ത ഒരാളാണ്. ആരെക്കുറിച്ചും മോശമായി സംസാരിക്കില്ല. ഒന്റെ കുഞ്ഞുങ്ങളെ പോലും തല്ലിയിട്ടില്ല. എനിക്ക് അതിന് സാധിക്കില്ല.

ജീവിതത്തിന്റെ വഴിത്താരയില്‍ ഇടക്കാലത്ത് മാധ്യമപ്രവര്‍ത്തന മേഖലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടല്ലോ. അതിനെക്കുറിച്ച്?

മാതൃഭൂമിയില്‍ പ്രൂഫ് റീഡറായിരുന്നു. എന്നാല്‍ കൃഷ്ണവാരിയര്‍ സാറൊക്കെ എന്നെക്കൊണ്ട് എഴുതിപ്പിച്ചിട്ടുണ്ട്. സംഗീതത്തെക്കുറിച്ചുള്ള ലേഖനങ്ങളാണ് എഴുതിയിരുന്നത്. സംഗീതവുമായുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ടും ചെയ്തിട്ടുണ്ട്.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ നേര്‍ ശിഷ്യന്റെ മകനാണ് അങ്ങയുടെ ഗുരു. അദ്ദേഹത്തിന്റെ സ്വാധീനം ജീവിതത്തില്‍ എങ്ങനെ പ്രതിഫലിച്ചു?

ഗുരുവെന്ന് പറയുന്നതാണ് ഏറ്റവും വലുത്. ഗുരുവെന്ന് പറഞ്ഞാല്‍ അതിന് അര്‍ഥം ഗുരു ശബ്ദ സന്ധ്യകാരാഖിയോ നിശബ്ദ തനം നിരോധകാരനാണ്. അതായത് നമ്മുടെ മനസിലെ ഇരുട്ടിനെ നീക്കുന്ന വെളിച്ചമാണ് ഗുരു. അതുകൊണ്ട് തന്നെ അത്രയും ഗുരുവിനെ സ്‌നേഹിക്കാന്‍ സാധിക്കും. ജീവിതത്തില്‍ മുഴുവന്‍ മനസില്‍ കൊണ്ടുനടക്കേണ്ട ഒരാളാണ് ഗുരു. എന്റെ ഗുരുവിനെ ശുശ്രൂഷിക്കാന്‍ വേണ്ടി ഏറെക്കാലം ഞാന്‍ ഗുരുവായൂരില്‍ തങ്ങിയിട്ടുണ്ട്. 1970-71 കാലഘട്ടത്തില്‍ നാല്‍പ്പത്തിയൊന്നു ദിവസം ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുത ഒരാളാണ് ഞാന്‍. അതിനുള്ള ഭാഗ്യം ലഭിക്കാന്‍ കാരണം എന്റെ ഗുരുവാണ്. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ അവസരം ലഭിച്ചതുകൊണ്ടാണ് ആ ഭാഗ്യം കൈവന്നത്. പിന്നെ എന്റെ ജീവിതത്തില്‍ ഒരിക്കലും ആ ഭാഗ്യം കൈവന്നിട്ടില്ല.

മറക്കാനാകാത്ത ഒരു പിറന്നാള്‍ അനുഭവം ഒന്നു പങ്ക് വയ്ക്കാമോ?

ഗുരുവായൂരില്‍ നാല്‍പ്പത്തിയൊന്നു ദിവസം നിര്‍മാല്യം തൊഴാന്‍ ഭാഗ്യം ലഭിച്ച കാര്യം നേരത്തെ പറഞ്ഞുവല്ലോ. ആ ദിവസങ്ങളില്‍ ഒന്ന് എന്റെ പിറന്നാള്‍ ആയിരുന്നു. അത് മറക്കാനാകാത്തതാണ്. പിന്നെ പിറന്നാള്‍ ഒരിക്കലും ആഘോഷമല്ല. ആയുസിന്റെ പടികള്‍ ഓരോന്നായി കടന്നു പോകുന്ന ദിവസങ്ങളിലൊന്നാണ് പിറന്നാള്‍. കുട്ടിക്കാലത്ത് ഞാന്‍ ആഗ്രഹിച്ച പലതും ലഭിച്ചിട്ടില്ല. ഇനി അതു ലഭിക്കത്തുമില്ല. മനസില്‍ നമ്മള്‍ എപ്പോഴും കുട്ടിയാണ്. എന്നാല്‍ നമ്മള്‍ അറിയാതെ പ്രായം കൂടിക്കൊണ്ടിരിക്കും. അപ്പോള്‍ പിന്നെ ആലോചിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് കൊടുക്കാനുള്ളത് ഇപ്പോള്‍ കൊടുക്കുക. അത് മാറ്റിവച്ചിട്ട് കാര്യമില്ല.

കോവിഡ് കാലം എങ്ങനെയാണ് പൊതുജീവിതത്തെ മാറ്റിമറിച്ചത്?

എപ്പോഴും ജീവിതം ഒരേപോലെ ആകണമെന്നില്ല. വീട്ടില്‍ ഇപ്പോള്‍ സ്വസ്ഥമായി ഇരിക്കുന്നു. കുടുംബ ജീവിതം വളരെ സന്തോഷത്തോടെ ആഘോഷിക്കുന്നു.

താങ്കളുടെ ജീവിതത്തിന്റെ പരിച്ഛേദമാണോ സോപാനം എന്ന സിനിമ?

നമ്മുടെ ജീവിതത്തില്‍ സ്‌നേഹവും പ്രണയവും വിരഹവും ദാരിദ്ര്യവും എല്ലാം ഉണ്ടാകും. അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്തു പരിഭവം എന്ന ഗാനത്തില്‍ വിരഹമാണ്. പറയാതെ അറിയാതെ നീ പോയതല്ലേ, മറുവാക്കു മിണ്ടാഞ്ഞതല്ലേ അതിലും വിരഹമില്ലേ. നമ്മളില്ലാതെ എന്തു കഥയാ. വേറൊരാളുടെ കഥ മാത്രമല്ല, നമ്മുടെ കഥയും പറയും. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായിരിക്കണമെന്നു മാത്രം. അവരെ വേദനിപ്പിക്കരുത്. അവരെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതായിരിക്കണം.

നാടകനടന്‍, അഭിനേതാവ്, സംഗീതജ്ഞന്‍, സാഹിത്യകാരന്‍ തുടങ്ങി താങ്കള്‍ ഒരു ബഹുമുഖ പ്രതിഭയാണ്. കലയ്ക്കായി ഉഴിച്ചുവച്ച ഒരു ജീവിതമാണ് താങ്കളുടേത്. കലയെ ആഴത്തില്‍ അറിഞ്ഞ ഒരാളാണ്. എന്നാല്‍ താങ്കള്‍ ഒരിക്കല്‍ പുതുസാഹിത്യകാരന്മാരെ വിമര്‍ശിക്കുകയുണ്ടായി. അവരില്‍ ജീര്‍ണതയുടെ സാഹിത്യസൃഷ്ടികളാണ് ഉടലെടുക്കുന്നതെന്ന്. എന്താണ് അത്തരമൊരു വിമര്‍ശനത്തിന് കാരണം?

വിമര്‍ശിച്ചത് സദുദ്ദേശ്യത്തോടെയാണ്. അവര്‍ക്ക് അനുഭവം പോരാ. നല്ല അനുഭവം ഉള്ളവര്‍ക്കു മാത്രമേ മികച്ച സൃഷ്ടികള്‍ നടത്താന്‍ സാധിക്കൂ. കൊടുംചൂടില്‍ ടാറിട്ട റോഡിലൂടെ ചെരുപ്പില്ലാതെ നടന്ന ഒരാളാണ് ഞാന്‍. ഒരു നേരത്തെ ഭക്ഷണം കഴിക്കാനുള്ള പണം പോലും ഇല്ലാത്തതു മൂലം പട്ടിണി കിടന്നിട്ടുണ്ട്. അത് എന്റെ അനുഭവങ്ങളായിരുന്നു. പാകം വരാതെ പഴുക്കരുത്. പാകം വരണം. അപ്പോഴാണ് പഴത്തിന് യഥാര്‍ഥ രുചി ലഭിക്കുക. ഇതാണ് താന്‍ ഉദ്ദേശിച്ചത്

പാക്കിസ്ഥാനിയായ യുവാവിനെ നായകനാക്കി താങ്കള്‍ തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്തിരുന്നു. അത്തരമൊരു ആശയം ഉദിക്കാന്‍ കാരണമെന്ത്?

ലോകമേ തറവാട്. പിന്നെ എന്തിനാണ് അതിര്‍ത്തികള്‍. അതിര്‍ത്തികള്‍ക്ക് വേണ്ടി കലഹിക്കുന്നവര്‍ വിഡ്ഢികളാണ്. നമ്മളോട് എതിര്‍ക്കാന്‍ വന്നാല്‍ വെറേ വഴിയില്ല. ഇന്ത്യ ഒരിക്കലും പിടിച്ചടക്കിയിട്ടില്ല. അതേസമയം, ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ വെറുതേ വിടണ്ടകാര്യമില്ല. പക്ഷേ നമ്മുടെ അടിസ്ഥാനം ലോകം മുഴുവന്‍ നമ്മുടെ കുടുംബം എന്നതാണ്.

സപ്തതിയുടെ നിറവില്‍ വിളങ്ങുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് മീഡിയ മംഗളത്തിന്റെ ഒരായിരം പിറന്നാള്‍ ആശംസകള്‍.

Tags
Show More

Related Articles

Back to top button
Close