
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന നിയമസഭാ ചാനലായ സഭാ ടി.വി ഇന്ന് (ചിങ്ങം 1) ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷനേതാവ്, വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണന് തമ്പി ലോഞ്ചില്‍ പങ്കാളിയായി. മുഖ്യമന്ത്രി മുഖ്യപ്രഭാഷണവും പ്രതിപക്ഷ നേതാവും വിവിധ കക്ഷിനേതാക്കളും സഭാ ടി. വി.യുടെ കണ്ടന്റ് ഡെവലപ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. വീണാജോര്‍ജ്, മീഡിയാ കണ്‍സല്‍ട്ടന്റ് വെങ്കിടേഷ് രാമകൃഷ്ണന് എന്നിവര്‍ ആശംസയര്‍പ്പിച്ചു. മാധ്യമങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവേശനം നല്‍കിയത്.
തദവസരത്തില്‍ സഭാ ടി.വി.യുടെ വിവിധ സെഗ്മെന്റുകളെ വ്യക്തമാക്കുന്ന വീഡിയോയും സഭാ ചരിത്രത്തെ സംബന്ധിച്ച് മറ്റൊരു വീഡിയോ പ്രസന്റേഷനും നടത്തി. കൂടാതെ നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയും കേരള നിയമസഭയുടെ ഡൈനാമിക് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കറും നിര്‍വ്വഹിച്ചു.
അതോടൊപ്പം നിയമസഭ സമ്പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കുന്ന ഇ-നിയമസഭ അവസാന ഘട്ടത്തിലാണ്. സമ്പൂര്‍ണ്ണ കടലാസ് രഹിത നിയമസഭ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രതിവര്‍ഷം ഏതാണ്ട് 30 കോടിയുടെ ചെലവ് ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ നിയമസഭ യാഥാര്ത്ഥ്യമാക്കുന്നതിലേക്കായി ചില നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിയമസഭയിലെ 20 അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പൈലറ്റ് ടീം ആദ്യഘട്ടത്തില്‍ പൂര്‍ണ്ണമായും കടലാസ് രഹിത നിയമസഭയുടെ ഭാഗമാകും. നിയമസഭാ പ്രവര്‍ത്തനങ്ങളെ പരമാവധി ഡിജിറ്റല്‍ സാങ്കേതിക വിദ്യ വഴി ബന്ധിപ്പിക്കുന്ന ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും 2 സാമാജികര്‍ക്ക് വീതം പുരസ്ക്കാരം നല്‍കും. അതോടൊപ്പം ഡിജിറ്റല്‍ ഡിവൈഡ് പൊതുസമൂഹത്തില്‍ കുറച്ച് കൊണ്ടുവരുന്നതിനായി മാതൃകാ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും പോസിറ്റീവ് സോഷ്യല്‍ മീഡിയാ മാനേജ്മെന്റിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുന്നതിനായി ഡിജിറ്റല്‍ ഡെമോക്രസി (സാങ്കേതിക വിദ്യയുടെ ജനാധിപത്യവല്‍ക്കരണം) ലക്ഷ്യം വച്ച് കൊണ്ട് നിയമസഭയുടെ നേതൃത്വത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരുടെ മണ്ഡലങ്ങളില്‍ പ്രത്യേക മാതൃകാ പദ്ധതികള്‍ നടപ്പിലാക്കും.
ധനകാര്യ ബില്ലുകള്‍ പാസ്സാക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും സഭ സമ്മേളിക്കുന്നത്.
കേരള നിയമസഭയുടെ സമ്പൂര്‍ണ്ണ ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം ഈ 25 ന് നടക്കും.
ജനാധിപത്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവവും ഉള്ളടക്കവും പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഇന്ത്യയിലെ സംസ്ഥാന നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായി ടെലിവിഷന്‍ ചാനല്‍ എന്ന സംരംഭം കേരള നിയമസഭയില്‍ സഭാ ടി.വി എന്ന പേരില്‍ ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ പ്രമുഖ ചാനലുകളില്‍ ആഴ്ചയില്‍ അര മണിക്കൂര്‍ ടൈംസ്ലോട്ട് വാടകയ്ക്ക് എടുത്ത് നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ സര്‍ഗ്ഗാത്മകമായി ജനമനസ്സകളിലേക്കെത്തിക്കുന്നതിനായി കേരള നിയമസഭ നേരിട്ട് തയ്യാറാക്കുന്ന പരിപാടികളുമായി ഇന്ന് തുടങ്ങുന്നു. സഭാ ടി.വി.യില്‍ കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന സഭയും സമൂഹവും, ഒരു ബില്ലിന്റെ രൂപീകരണത്തിലെ വിവിധ ഘട്ടങ്ങള്‍ കേരള ഡയലോഗിലും, സുപ്രധാന വ്യക്തിത്വങ്ങളുമായി പതിവായ അഭിമുഖങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരള പരിച്ഛേദത്തെക്കുറിച്ചുള്ള സര്‍ഗ്ഗാത്മകമായി സംവദിക്കുന്ന വേദിയായി സെന്‍ട്രല്‍ ഹാളും, നിയമസഭാ മണ്ഡലങ്ങളുടെ പ്രത്യേകതകള്‍, അവയുടെ ചരിത്രപ്രാധാന്യം, വിവിധ രംഗങ്ങളിലെ മണ്ഡലത്തിന്റെ പുരോഗതി എന്നിവ കൈകാര്യം ചെയ്യുന്ന നാട്ടുവഴി എന്നിങ്ങനെ നാല് സെഗ്മെന്റുകള്‍ ഉള്‍പ്പെടുന്നു.
ജനാധിപത്യം വികസിക്കുന്നതും വളര്‍ന്ന് വരുന്നതും അത് പുതിയ വിതാനങ്ങളിലേക്ക് ഉയരുമ്പോഴാണ്. ജനങ്ങളുമായി നിരന്തരം സംവേദിച്ചുകൊണ്ടിരിക്കുന്ന വേദിയായി ജനാധിപത്യസഭകള്‍ മാറണം. പാര്‍ലമെന്റിന്റെ രണ്ട് സഭകളേയും പ്രതിനിധാനം ചെയ്ത് കൊണ്ട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ലോക്സഭ-രാജ്യസഭാ ടി.വികള്‍ പാര്‍ലമെന്റിന്റെയും പാര്‍ലമെന്റ് അംഗങ്ങളുടേയും പങ്കിനേയും ഉത്തരവാദിത്തങ്ങളേയും ചുമതലകളേയും സംബന്ധിച്ചുള്ള നല്ല അവബോധമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സഭാ ടി. വി വാര്‍ത്താധിഷ്ഠിത പരിപാടികളുടെയും ചരിത്രത്തിന്റെയും നിയമനിര്‍മ്മാണത്തിന്റെയും പുതിയ നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതയുടെയും നിയമനിര്‍മ്മാണം വഴി ഉണ്ടായ അനുഭവങ്ങളുടേയും എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന നിലയിലാണ് ആസൂത്രണം ചെയ്യുന്നത്. അതോടൊപ്പം സമൂഹത്തെ സര്‍ഗ്ഗാത്മകമായും ബൗദ്ധികമായും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ചിന്തകരുടേയും, എഴുത്തുകാരുടെയും, സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെയും, സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെയും സംവാദാധിഷ്ഠിത പരിപാടികളാണ് ഉണ്ടായിരിക്കുക.
സഭാ ടി. വിയുടെ ഓണ്‍ലൈന്‍ വിഭാഗത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെടുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം ദൃശ്യമാധ്യമ രംഗത്തെ ഏറ്റവും നവീനമായ ഒരു സാധ്യതയാണ്. ‘എവിടെയും എപ്പോഴും’ എന്ന ദൃശ്യമാധ്യമ രംഗത്തെ പുതിയ സാധ്യതയാണ് ഒ.ടി.ടി. പ്ലാറ്റ്ഫോം. സാറ്റലൈറ്റ് ചാനലുകള്‍ നല്കുന്നതിനേക്കാള് കൂടിയ വിലയ്ക്ക് ആമസോണ്‍, നെറ്റ്ഫ്ളിക്സ് പോലെയുള്ള ഒ.ടി.ടി. സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സേവനദാതാക്കള്‍ വാങ്ങിതുടങ്ങുന്ന ഒരു കാലമാണിത്. വിനോദവും വിജ്ഞാനവും ആവശ്യക്കാരിലേക്ക് നേരിട്ട് എത്തുന്നു എന്ന പുതിയ മാറ്റമാണ് ഒ.ടി.ടി. വഴി യാഥാര്‍ത്ഥ്യമാകുന്നത്. കേരള നിയമസഭയുടെയും നിയമസഭാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ എല്ലാ ലഭ്യമായ പരിപാടികളുടെയും ഷോ-കേസ് ആയിരിക്കും നിയമസഭയുടെ ഒ.ടി.ടി. പ്ലാറ്റ് ഫോം . ആവശ്യമുള്ളതെല്ലാം ആവശ്യമുള്ളപ്പോഴെല്ലാം കാണാന്‍ കഴിയുന്ന ഈ സാങ്കേതിക വിദ്യ ഇടനിലക്കാരില്ലാതെ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു മാധ്യമജനാധിപത്യം കൂടി യാഥാര്‍ത്ഥ്യമാവുകയാണ്. ഒരു നിയമസഭയ്ക്ക് സ്വന്തമായി ഒരു ഒ.ടി.ടി. പ്ലാറ്റ് ഫോം ഉണ്ടാകുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും.
സഭാ ടി. വിയുടെ ലോഗോയുടെയും തീം സോങ്ങിന്റെയും പ്രകാശനം ആദരണീയനായ കേരള ഗവര്‍ണ്ണര്‍ 2019 നവംബര്‍ 14-ന് നിര്‍വ്വഹിച്ചിരുന്നു. 2019 ഡിസംബര്‍ 1-ാം തീയതി സഭാ ടി.വി.യുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് മാറ്റി വയ്ക്കുകയാണുണ്ടായത്. ഈ നിയമസഭയുടെ 19-ാം സമ്മേളനത്തില്‍ വീണ്ടും ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ്-19-ന്റെ പാശ്ചാത്തലത്തില്‍ സഭാ സമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ചതിനാല്‍ ഉദ്ഘാടനം മാറ്റി വയ്ക്കുകയുണ്ടായി.