KERALANEWSTop News

സുഭിക്ഷകേരളം: കാര്‍ഷിക സര്‍വകലാശാല നല്‍കുന്നത് പൊളളാച്ചി തൈകള്‍ എന്ന് ആക്ഷേപം

വിതരണം ചെയ്യുന്നത് പൊള്ളാച്ചിയില്‍ നിന്നുള്ള തെങ്ങിന്‍ തൈകള്‍

പി.എസ്. ദേവരാജ്

തൃശ്ശൂര്‍:കൊവിഡിന്റെ മറവില്‍ പൊള്ളാച്ചിയില്‍ നിന്നു കൊണ്ടുവന്ന വിത്തു തേങ്ങ മുളപ്പിച്ചുണ്ടാക്കിയ നാലു ലക്ഷത്തോളം തെങ്ങിന്‍ തൈകളും ഗുണമേന്മയില്ലാത്ത ലക്ഷക്കണക്കിന് നാടന്‍ ഫല വൃക്ഷ തൈകളും കര്‍ഷിക സര്‍വ്വകലാശാല സ്വന്തം തൈകളെന്ന പേരില്‍ കര്‍ഷകര്‍ക്കു വിറ്റഴിക്കുന്നുവെന്ന് പരാതി. കൃഷി വകുപ്പു വഴി സുഭിക്ഷ കേരളം പദ്ധതിയില്‍ വിതരണം ചെയ്യുന്ന തൈകളുടെ കാര്യത്തിലാണിത്.
പൊള്ളാച്ചിയിലെ സ്വകാര്യ തോട്ടങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഉയരം കുടിയ വെസ്റ്റ് കോസ്റ്റ് ടോള്‍ (ഡബ്ലുസിടി) ഇനത്തില്‍ പെട്ട നാലു ലക്ഷത്തോളം വിത്തുതേങ്ങ കര്‍ഷിക സര്‍വ്വകലാശാല ശേഖരിച്ചിരുന്നു. നല്ല തേങ്ങയ്ക്ക് 100 രൂപ വിലയുള്ളപ്പോഴാണ് 22 രൂപ നല്‍കി പൊള്ളാച്ചി വിത്തു തേങ്ങ വാങ്ങിയത്. ഇതിന്റെ ഗുണമേന്മ ഉറപ്പാക്കുകയോ കേരളത്തിന് അനുയോജ്യമാണോ എന്ന് പഠിക്കുകയോ ചെയ്തിരുന്നില്ലെന്നും ആക്ഷേപമുണ്ട്. വിത്തുതേങ്ങ മുളച്ചാല്‍ 50-60 % നിലവാരമുളള തൈകള്‍ മാത്രമെ ലഭിക്കൂ. എന്നാല്‍ മുളച്ച തൈകള്‍ മുഴുവന്‍ സര്‍വ്വകലാശാലയുടെ ബാര്‍ കോഡോടെ കൃഷി വകുപ്പിന് കൈമാറുകയായിരുന്നു. 2019ല്‍ ഇതു സംബന്ധിച്ച് പരാതികളുയര്‍ന്നപ്പോള്‍ പൊള്ളാച്ചി തൈകള്‍ കൃഷി വകുപ്പ് ഏറ്റെടുക്കില്ല എന്നായിരുണു കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നത്. പക്ഷേ ഇപ്പോഴും പൊള്ളാച്ചി തെങ്ങിന്‍ തൈകള്‍ കൃഷിവകുപ്പ് വഴി വിതരണം ചെയ്യുന്നുണ്ട്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫല വൃക്ഷ തൈകള്‍ ഉല്പാദിപ്പിച്ചു നല്‍കാമെന്ന് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഏറ്റിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനു മുമ്പ് തൈകള്‍ നല്‍കാമെന്നായിരുന്നു ധാരണ.എന്നാല്‍ ഒരു കോടി ഫല വൃക്ഷ തൈകള്‍ ഉല്പാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍വ്വകലാശാലയില്‍ ഇല്ല. ഫലവര്‍ഗ്ഗ വിളകളുടെ ഉല്പാദനശേഷി കൂടിയ ഇനങ്ങളോ അതിന്റെ മാതൃവൃക്ഷങ്ങളോ ഇവിടെ ഇല്ല. ഇതൊന്നും വിലയിരുത്താതെയാണ് നാലുമാസം കൊണ്ട് ഒരു കോടി ഫല വൃക്ഷ തൈകള്‍ നല്‍കാമെന്ന് വി സി ഏറ്റത് . മാതൃവൃക്ഷങ്ങളില്‍ നിന്നു ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, ബഡ്ഡിംഗ് തുടങ്ങിയ രീതികളിലൂടെയാണ് ഗുണമേന്മയുള്ള തൈകര്‍ ഉല്പാദിപ്പിക്കേണ്ടത്.ഇതിനു പകരം കുറുക്കുവഴിയിലൂടെ വിത്തുമുളപ്പിച്ചുണ്ടാക്കിയ തൈകളാണ് സര്‍വ്വകലാശാല കൃഷി വകുപ്പിന് കൈമാറുന്നത്. ഇതിനകം കൈമാറിയ തൈകള്‍ കര്‍ഷകര്‍ വാങ്ങാതെ കൃഷിഭവനുകളില്‍ കെട്ടി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുണ്ട്.
കുടമ്പുളി, ചാമ്പ, ഇരിമ്പന്‍ പുളി, മുരിങ്ങ, കറിവേപ്പ്, പാഷന്‍ ഫ്രൂട്ട്, തുടങ്ങിയവയുടെ തൈകകളാണ് കൂടുതലായി ഉല്പാദിപ്പിച്ചു നല്‍കുന്നത്. പ്ലാവിന്റെ ഉല്പാദന ശേഷി കൂടിയ വിയറ്റ്‌നാം ഏര്‍ലി പോലുള്ള പ്ലാവ് ഇനങ്ങള്‍ക്കാണ് കര്‍ഷകരുടെ ഇടയില്‍ ഇപ്പോള്‍ പ്രിയം. കര്‍ഷകരുടെ ഇടയിലും നിരവധി പ്ലാവ് ഇനങ്ങളുണ്ട്. ഇവയെ അവഗണിച്ചു കൊണ്ടാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെ ചുരുക്കം ഇനങ്ങള്‍ ഗുണമേന്മ ഉറപ്പാക്കാതെ വില്‍ക്കുന്നത്.
ഗുണമേന്മയുള്ള മാതൃവൃക്ഷങ്ങളുടെ ഒട്ടു കമ്പുകള്‍ ശേഖരിക്കുന്നത് ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലാണ്.ഈ കാലത്ത് ഒട്ടിച്ചു കഴിഞ്ഞാല്‍ തൈകള്‍ വില്‍പ്പനയ്ക്ക് കൈമാറാന്‍ വീണ്ടും ആറു മാസം എടുക്കും. ഇതെല്ലാം മറികടന്നു കൊണ്ടാണ് നാലു മാസത്തിനുള്ളില്‍ വിത്തുമുളപ്പിച്ച് ഗുണമേന്മയില്ലാത്ത തൈകള്‍ പരമാവധി നല്‍കാനുള്ള സര്‍വ്വകലാശാലാ അധികാരികളുടെ നീക്കം. കൊവിഡ് കാലത്ത് ഗവേഷണം നിര്‍ത്തി കൃഷി വകുപ്പിന് തൈകള്‍ ഉല്പാദിപ്പിച്ചു നല്‍കണമെന്ന സര്‍വ്വകലാശാലാ അധികാരികളുടെ ഭീഷണി ഗവേഷകരെ വന്‍ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close