Election 2021KERALANEWSTop News

സമദൂരത്തില്‍ ശരികണ്ടെത്തുന്ന എന്‍എസ്എസ്; നായന്മാരുടെ പാര്‍ട്ടിയായിരുന്ന എന്‍ഡിപിയുടെ കഥ

പ്രസാദ് നാരായണൻ

ചങ്ങനാശ്ശേരി: സമദൂര സിദ്ധാന്തം കൊണ്ട് രാഷ്ട്രീയ കേരളത്തില്‍ ശ്രദ്ധേയ നിലപാട് സ്വീകരിച്ച സമുദായ സംഘടനയാണ് എന്‍എസ്എസ്. ഈ തെരഞ്ഞെടുപ്പിലും മറ്റൊരു സമുദായത്തിനും അവകാശപ്പെടാനില്ലാത്ത രാഷ്ട്രീയ നിലപാട് മുറുകെ പിടിച്ച് മുന്നോട്ട് പോകുകയാണ് നായര്‍ സര്‍വീസ് സൊസൈറ്റി. സംവരണവും മറ്റ് ആനുകൂല്യങ്ങളുമായി മറ്റ് സമുദായങ്ങള്‍ സാമൂഹിക – സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ സ്വന്തം കഴിവു കൊണ്ട് മാത്രം അധികാര സ്ഥാനങ്ങളിലും ഉദ്യോഗ കസേരകളിലും എത്താന്‍ വിധിക്കപ്പെട്ട തലമുറയാണ് നായന്മാരുടേത്. സമദൂര സിദ്ധാന്തം പറയുക വഴി രാഷ്ട്രീയ വിലപേശല്‍ നടത്തി ആനുകൂല്യങ്ങളും അവസരങ്ങളും സമ്പാദിക്കാനും ഈ വിഭാഗത്തിന് കഴിയാറില്ല. എന്നാല്‍, രാഷ്ട്രീയ ശക്തിയാകാന്‍ ശ്രമിക്കുകയും അധികാര വടംവലിക്കൊടുവില്‍ പാര്‍ട്ടി തന്നെ പിരിച്ചു വിടേണ്ടി വരികയും ചെയ്ത ചരിത്രവും എന്‍എസ്എസിനുണ്ട്. നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അഥവാ എന്‍ഡിപിയുടെ ചരിത്രം കേരളത്തിലെ നായന്മാരുടെ രാഷ്ട്രീയ ശക്തിപരീക്ഷണത്തിന്റെ ചരിത്രം കൂടിയാണ്. നെയ്യാറ്റിന്‍കര, നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ എന്‍.ഡി.പി.ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു.

1973 ജൂലൈ 22-നായിരുന്നു നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിറവി. 1977-ല്‍ കോണ്‍ഗ്രസ്സും സിപിഐയും ഉള്‍പ്പെട്ട മുന്നണിയോടൊപ്പം നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അഞ്ചിടത്ത് ജയിച്ചു. എന്‍ഡിപിയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുണ്ടായത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. മുന്നണിക്ക് ഭരണവും കിട്ടി. ആദ്യം എന്‍ഡിപി മന്ത്രിസഭയില്‍ ചേര്‍ന്നിരുന്നില്ല. രണ്ട് മുഖ്യമന്ത്രിമാര്‍ മാറി ഒടുവില്‍ സി.എച്ച് മുഹമ്മദ്‌കോയ കാവല്‍ മുഖ്യമന്ത്രിയായപ്പോള്‍ എന്‍. ഭാസ്‌കരന്‍ നായര്‍ മന്ത്രിസഭയില്‍ എന്‍ഡിപിയുടെ പ്രതിനിധിയായി. മൂന്നുമന്ത്രിമാര്‍ മാത്രമുണ്ടായിരുന്ന ആ മന്ത്രിസഭയില്‍ എട്ടുവകുപ്പുകളാണ് ഭാസ്‌കരന്‍നായര്‍ ഭരിച്ചത്. രണ്ടുമാസം മാത്രമേ അദ്ദേഹം മന്ത്രിയായിരുന്നുള്ളൂ.

പിന്നീട് കെ. കരുണാകരന്‍ മന്ത്രിസഭയിലാണ് എന്‍ഡിപിക്ക് ദീര്‍ഘകാലം മന്ത്രി പ്രാതിനിധ്യം ലഭിച്ചത്. ആരോഗ്യമായിരുന്നു വകുപ്പായിരുന്നു പാര്‍ട്ടിക്ക് അനുവദിച്ച് കിട്ടിയത്. കെ.ജി.ആര്‍ കര്‍ത്ത ആദ്യം വകുപ്പ് മന്ത്രിയായി. പിന്നീട് സ്വന്തം പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട പ്രതിസന്ധിയെ തുടര്‍ന്ന് എന്‍ഡിപി ഐക്യ മുന്നണി വിട്ടു. എന്‍എസ്എസ്സിനു തന്നെ എന്‍ഡിപി പലഘട്ടങ്ങളിലും ബാധ്യതയായി. സ്വന്തം പാര്‍ട്ടിക്കത്തെ പടയും കുശാഗ്രബുദ്ധിയായ കെ. കരുണാകരന്റെ തന്ത്രപരമായ നീക്കങ്ങളുമാണ് ഏറെ പ്രതീക്ഷകളുമായി കെട്ടിപ്പൊക്കിയ എന്‍ഡിപി എന്ന രാഷ്ട്രീയ പ്രസ്ഥാനം തകര്‍ന്നു വീഴാന്‍ വഴിയൊരുക്കിയത്.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് എന്‍.ഡി.പി, യു.ഡി.എഫ്. വിട്ടത്. ആ നിയമസഭയില്‍ രണ്ട് എം.എല്‍.എ.മാരായിരുന്നു പാര്‍ട്ടിക്ക്. കെ.പി. രാമചന്ദ്രന്‍നായരും ആര്‍. രാമചന്ദ്രന്‍നായരും. ആര്‍. രാമചന്ദ്രന്‍ നായരെ മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ മറ്റേ രാമചന്ദ്രന്‍ നായര്‍ പിണങ്ങി. ആര്‍. രാമചന്ദ്രന്‍ നായര്‍ മൂന്നുകൊല്ലം ഭരിച്ചപ്പോള്‍ എന്‍.എസ്.എസ്. നേതൃത്വവുമായി ഇടഞ്ഞു. അവസാനം സ്വന്തം മന്ത്രിയെ പുറത്താക്കാന്‍ എന്‍.ഡി.പി.ക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടേണ്ടിവന്നു. അതിന്റെ ഫലമായി ആര്‍. രാമചന്ദ്രന്‍ നായരും കെ.പി. രാമചന്ദ്രന്‍ നായരോടുകൂടി. രണ്ടുപേരും പാര്‍ട്ടിക്ക് പുറത്തുമായി. അങ്ങനെ എം.എല്‍.എ.യും മന്ത്രിയും ഒന്നുമില്ലാതെനിന്ന പാര്‍ട്ടിയാണ് 1996ല്‍ യു.ഡി.എഫ്. വിട്ടത് .ഐക്യജനാധിപത്യ മുന്നണിയെന്ന ആശയത്തിന് വിത്തുപാകിയത് എന്‍.ഡി.പി.യുംകൂടി ചേര്‍ന്നാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close