Breaking NewsElection 2021KERALANEWSTop News

സമദൂരമൊക്കെ ശരിദൂരത്തിന് വഴിമാറുന്നു; ജനങ്ങൾക്ക് സമാധാനം തരുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്ന് സുകുമാരൻ നായർ; ഭരണമാറ്റം അനിവാര്യമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി

കോട്ടയം: വോട്ടെടുപ്പ് ദിനത്തിൽ സമുദായാ​ഗംങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ നിർദ്ദേശം നൽകി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകണമെന്ന് സുകുമാരൻ നായർ പറഞ്ഞു. വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമുദായം ഇതുവരെ മുറുകെ പിടിച്ചിരുന്ന സമദൂര സിദ്ധാന്തത്തിൽ നിന്നും വ്യതിചലിക്കുന്നു എന്ന വ്യക്തമായ സന്ദേശമാണ് സുകുമാരൻ നായർ നൽകിയത്.

മതേതരത്വം സാമൂഹിക നീതി വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നു സുകുമാരൻ നായർ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സമാധാനം തരുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് എൻഎസ്എസ് ആഗ്രഹിക്കുന്നതെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. ചങ്ങനാശ്ശേരി മണ്ഡലത്തിലെ വാഴപ്പള്ളി സെന്റ് തെരേസസ് ഹൈസ്കൂളിലാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര് വോട്ട് ചെയ്യാൻ എത്തിയത്.

സമദൂരസിദ്ധാന്തമാണ് തുടരുന്നതെങ്കിലും ഈ സർക്കാരിന്റെ തുടക്കം മുതൽ തന്നെ എൻഎസ്എസ് വ്യക്തമായ അകലം പാലിച്ചിരുന്നു. ശബരിമല വിവാദത്തോടെ വിള്ളൽ കൂടുതൽ ശക്തമായി. സർക്കാരിനും ദേവസ്വം ബോർഡിനും എതിരായ നാമജപ ഘോഷയാത്രയുമായി ശബരിമല പ്രക്ഷോഭത്തിന് എൻഎസ്എസ് നേതൃത്വം നൽകുകയായിരുന്നു. എന്നാൽ, ചർച്ചകളിലൂടെ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാതെ പ്രകോപനപരമായ പ്രസ്താവനകളുമായി ഇടത് മുന്നണി നേതൃത്വവും സർക്കാരും എൻഎസ്എസിനെ കൂടുതൽ പ്രകോപിപ്പിച്ചു. ഇതോടെയാണ് വോട്ടെടുപ്പ് ദിനത്തിൽ കൃത്യമായ രാഷ്ട്രീയ നിർദ്ദേശം നൽകി സുകുമാരൻ നായർ രം​ഗത്തെത്തിയത്.

1994ൽ സ്വന്തം രാഷ്ട്രീയ പാർട്ടിയായ എൻ ഡി പി പിരിച്ചുവിടാൻ തീരുമാനിച്ച ശേഷമാണ്‌ പ്രശസ്‌തമായ സമദൂര സിദ്ധാന്തം എൻ എസ്‌ എസ്‌ ആവിഷ്‌കരിച്ചത്‌. എല്ലാ പാർട്ടികളോടും തുല്യ അകലം പാലിച്ചുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കുമ്പോഴും എൻഎസ്എസ് പ്രവർത്തകർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനും തടസ്സമുണ്ടായിരുന്നില്ല. എന്നാൽ, ഇക്കുറി, ഇടത് വിരുദ്ധമായി സമുദായം ചിന്തിക്കുകയും വോട്ട് ചെയ്യുകയും വേണമെന്ന സന്ദേശമാണ് സുകുമാരൻ നായർ നൽകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close