NEWSTop NewsWORLD

സമാധാനം തേടുന്ന പ്രായോഗിക ചിന്ത

പി പി മാത്യു

അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം അവസാനിപ്പിച്ചു കൊണ്ട് സെപ്റ്റംബർ 11 നു അഫ്ഘാനിസ്ഥാനിൽ നിന്ന് സേനാ പിന്മാറ്റം പൂർത്തിയാക്കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്‌താവന കോവിഡിൽ തകർന്ന രാജ്യത്തിൻറെ പുനരുദ്ധാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമായാണ് കാണുന്നത്. രാഷ്ട്ര പുനർ നിർമിതിയിൽ ഊന്നൽ നൽകി ലക്ഷക്കണക്കിനു തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുക എന്ന ബ്രഹത്തായ പദ്ധതിയുടെ ഭാഗമാണ് യഥാർത്ഥത്തിൽ ഈ പിന്മാറ്റം.

സമാധാനം തേടുന്നവന് യുദ്ധത്തിന് പോകുന്നവനെക്കാൾ ധീരത ഉണ്ടാവണം എന്നൊരു മതമുണ്ട്. ബൈഡനെ ധീരനായി കണ്ടില്ലെങ്കിലും പ്രായോഗിക കാഴ്ചപ്പാടുകൾ നമുക്ക് മാനിക്കാതെ വയ്യ. യുദ്ധങ്ങൾക്കു സമയം പാഴാക്കാൻ കഴിയുന്ന അവസ്ഥയല്ല ഇപ്പോൾ രാഷ്ട്രത്തിന്റേത് എന്ന് തുറന്നു പറയുമ്പോൾ ആ പ്രായോഗിക സമീപനത്തിനു പിന്നിൽ ചങ്കുറപ്പും കാണാനുണ്ട് എന്നത് സത്യമാണെങ്കിലും. ഡൊണാൾഡ് ട്രംപും ഇങ്ങിനെ ഒരു യുദ്ധാവസാനത്തിനു തയാറെടുത്തിരുന്നു എന്ന് ഇപ്പോൾ ഓർക്കാം. അത് പ്രഖ്യാപിക്കയും ചെയ്തു. പക്ഷെ പ്രായോഗിക തലത്തിലേക്ക് എത്തിയപ്പോൾ ട്രംപിന് കാലിടറി.

യുദ്ധത്തിനു രാഷ്ട്ര നേതാക്കൾ മുന്നിട്ടിറങ്ങുന്നത് പലപ്പോഴും കസേര ആടുമ്പോൾ രക്ഷ നേടാനുള്ള ഒരു വഴിയായിട്ടാണെന്നു ചരിത്രം കാട്ടിത്തന്നിട്ടുണ്ട്. എന്നാൽ രണ്ടായിരാമാണ്ടു പിറന്ന ശേഷം സെപ്റ്റംബർ 11 നു അമേരിക്കയുടെ നെഞ്ചു കീറിയ അൽ ഖൈദ ആക്രമണത്തെ തുടർന്ന് പ്രസിഡന്റ് ജോർജ് ഡബ്ലിയു ബുഷ് അഫ്ഘാനിസ്ഥാനിലേക്കു സൈന്യത്തെ അയച്ചത് ഭീകര താവളങ്ങൾ അടിച്ചു തീർക്കാൻ ആയിരുന്നു. അനിവാര്യമായിരുന്നു ആ നീക്കം എന്ന് അമേരിക്കൻ ജനത പറയും. പക്ഷെ നാലു പ്രസിഡന്റുമാരുടെ കാലം കഴിയുമ്പോഴും വൻശക്‌തി അവിടെ പൂണ്ടു കിടപ്പാണ്.

അലക്സാണ്ടർ ചക്രവർത്തിയെ വെള്ളം കുടിപ്പിച്ച അഫ്ഘാനിസ്ഥാൻ! ഇന്ത്യയിലേക്കുള്ള ആക്രമണ വഴിയിൽ രണ്ടു വർഷം കൊണ്ട് ക്ഷീണിച്ചു പോയ ചക്രവർത്തിയുടെ മടക്ക യാത്രാ കഥകൾ ഇന്ന് പുതുമയല്ല. ഭീകര താവളങ്ങൾ പാകിസ്ഥാന്റെ മണ്ണിലേക്ക് കൂടി വ്യാപിച്ചു കിടക്കുമ്പോൾ അമേരിക്കയ്ക്ക് അഫ്ഘാനിസ്ഥാൻ അതി കഠിനമായി.

രണ്ടു പതിറ്റാണ്ടിനിടയിൽ 2 ,300 സൈനികരാണ് അവിടെ മരിച്ചു വീണത്. ഏതാണ്ട് 20,000 സൈനികർക്കെങ്കിലും പരുക്കേറ്റു. ഒരു സൈനികൻ മരിച്ചാൽ അമേരിക്കയിൽ പ്രസിഡന്റിന് പത്തു വോട്ടെങ്കിലും നഷ്ടമായി എന്നാണ് കണക്ക്. ലക്ഷക്കണക്കിന് പൗരന്മാർ മരിച്ചവരെ, മുറിവേറ്റു നിസഹായരായവരെ ഓർത്തു വേദനിക്കുമ്പോൾ യുദ്ധം അവസാനിപ്പിക്കുന്നു എന്ന പ്രഖ്യാപനത്തിനു രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാവാം.

പിന്മാറ്റ തീയതി പ്രഖ്യാപിച്ച ശേഷം അമേരിക്കയുടെ വീര നായകർ ഉറങ്ങുന്ന ആർലിംഗ്ടൺ സെമിത്തേരിയിൽ അഫ്ഘാൻ യുദ്ധവീരന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു ബൈഡൻ. അമേരിക്ക അഫ്ഘാനിസ്ഥാൻ വിട്ടാൽ ഉണ്ടാകാവുന്ന ഭീകര ഭീഷണികളെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ, ജീവൻ നൽകിയവരെ മറന്നു എന്ന വിമർശനം കൂടി ഉണ്ടാവേണ്ട എന്ന മുന്കരുതലാണ് അതിനു പ്രേരണയായത് എന്ന് കരുതാം.
“നിരവധി തലമുറകൾ തുടരേണ്ട ഒരു യുദ്ധമായി അഫ്ഘാനിസ്ഥാനെ അമേരിക്ക കണ്ടിട്ടില്ല,” ബൈഡൻ പറഞ്ഞു. “എന്നേക്കുമായി അത് അവസാനിപ്പിക്കാൻ സമയമായി.” ബുഷ് യുദ്ധപ്രഖ്യാപനം നടത്തിയ വൈറ്റ് ഹൗസിലെ ട്രീറ്റി റൂമിൽ നിന്നായിരുന്നു ബൈഡൻ സംസാരിച്ചത്.
നാറ്റോ സഖ്യ രാഷ്ട്രങ്ങളുടെ 7,000 സൈനികരും ഇതോടെ പിന്മാറും.

അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ ലക്‌ഷ്യം കണ്ടു എന്ന് ബൈഡൻ പറഞ്ഞു. അഫ്ഘാൻ താവളമാക്കി അമേരിക്കയെ അക്രമിക്കുന്നവരെ തളച്ചിടാൻ കഴിഞ്ഞു. “അമേരിക്കൻ സൈനികർ നാട്ടിലേക്കു മടങ്ങേണ്ട സമയമായി.”

നിർണായക സമാധാന ചർച്ചകൾ പശ്ചാത്തലത്തിൽ നടന്നിട്ടുണ്ട് എന്ന കാര്യം ഓർക്കേണ്ടതുണ്ട്. താലിബാനുമായി ചർച്ചകൾക്കു മുൻകൈയെടുത്തത് ഖത്തർ ആണ്. അൽ ഖയ്ദയ്ക്കും മറ്റു ഭീകരർക്കും താവളങ്ങൾ നൽകില്ല എന്ന താലിബാന്റെ വാഗ്‌ദാനമുണ്ട് കരാറിൽ. ഇത് പാലിക്കേണ്ട ഉത്തരവാദിത്തം താലിബാന്റേതാണ് എന്ന് ബൈഡൻ ആവർത്തിച്ച് പറയുന്നു. ഓർക്കുക, അമേരിക്ക തന്നെ സൃഷ്ടിച്ചതാണ് താലിബാനെ. പാക്ക് മദ്രസകളിൽ പഠിച്ചിരുന്നവരെ സംഘടിപ്പിച്ചു സോവിയറ്റ് ആധിപത്യം അവസാനിപ്പിക്കാൻ യു എസ് നടത്തിയ പോരാട്ടത്തിന്റെ ചോരക്കഥകൾ ലോകം മറന്നിട്ടില്ല.

ചൊവാഴ്ച.പ്രഖ്യാപനത്തിനു മുൻപ്, മുൻ പ്രസിഡന്റുമാരായ ബരാക്ക് ഒബാമയോടും ബുഷിനോടും ബൈഡൻ ചർച്ച നടത്തിയിരുന്നു. അഫ്ഘാൻ പ്രസിഡന്റ് അഷ്‌റഫ് ഘനിയോടും. വിമർശകർക്ക് ബൈഡൻ നൽകിയ മറുപടി ഇതാണ്: “നയതന്ത്രം വിജയിക്കാൻ ശക്തമായ യു എസ് സേനാ സാന്നിധ്യം കൂടി വേണം എന്ന് കരുതുന്നവരുണ്ട് എന്നെനിക്കറിയാം. അങ്ങിവാദത്തിനു ഒരു പതിറ്റാണ്ടു സമയം നൽകി. പക്ഷെ അത് ഒരിക്കലും ഫലപ്രദമായില്ല. നമ്മുടെ നയതന്ത്രത്തിനു പിന്തുണയായി സൈനികർ വേണമെന്നില്ല.”

ഭീകര സംഘടനകൾ ഉയർത്തുന്ന വെല്ലുവിളി നേരിടേണ്ടതുണ്ട് എന്ന് ബൈഡൻ ഊന്നി പറഞ്ഞു. അതോടൊപ്പം സഖ്യരാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുക, ചൈനയുമായുള്ള മത്സരത്തിൽ നേട്ടമുണ്ടാക്കുക, കോവിഡിനെ തോൽപ്പിക്കുക എന്നീ കാര്യങ്ങളും പ്രധാനമാണ്. “ഇതൊക്കെയാണ് നമ്മുടെ യുദ്ധങ്ങൾ ഇനി.”

ചാര സംഘടനയായ സി ഐ എ യുടെ തലവൻ വില്യം ബേൺസ് പക്ഷെ ആശങ്കകൾ ഉയർത്തി. ഭീകരരെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ വേരുകളുള്ള അൽ ഖയ്ദയും ഐ എസ് ഐ എസും അമേരിക്കയ്ക്കു ഇപ്പോഴും ഭീഷണി തന്നെ. “സത്യം പറയട്ടെ, യു എസ് സൈന്യവും സഖ്യസേനകളും പിന്മാറുമ്പോൾ ആ ഭീഷണി വർധിക്കും.” ബൈഡന്റെ പ്രഖ്യാപനത്തിനു മുൻപു സെനറ്റ് കമ്മിറ്റി മുൻപാകെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ആശങ്കകൾ അസ്ഥാനത്തല്ല. അഴിമതിയും ആലസ്യവും നിറഞ്ഞ അഫ്ഘാൻ ഭരണകൂടത്തിനോ കുത്തഴിഞ്ഞ സേനയ്‌ക്കോ ഒരു സുരക്ഷയും ഉറപ്പാക്കാൻ കഴിയില്ല. ഭരണകൂടത്തിനെതിരെ താലിബാൻ ആക്രമണങ്ങൾ മുറയ്‌ക്ക്‌ നടക്കുന്നുണ്ട്. റഷ്യ ആവട്ടെ, അഫ്ഘാനിലേക്കു മടങ്ങാൻ അവസരം കാത്തിരിപ്പാണ് താനും. ഏറെ വൈകാതെ കാബൂൾ താലിബാന്റെയോ റഷ്യയുടെയോ പിടിയിലാവാം. എന്നാൽ ഇപ്പോൾ പിന്മാറിയില്ലെങ്കിൽ ഇനിയും നീണ്ട വർഷങ്ങൾ അമേരിക്ക അവിടെ തുടരേണ്ടി വരും എന്ന് ബൈഡന്റെ സഹായികൾ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ പ്രശ്നങ്ങൾ നിൽകുമ്പോൾ അഫ്‌ഗാനിൽ ചെലവിടുന്ന ശതകോടികൾ പാഴാണ്.

റിപ്പബ്ലിക്കൻ പാർട്ടിയിലും അദ്ദേഹത്തിന് ഇക്കാര്യത്തിൽ നിർണായക പിന്തുണയുണ്ട്. ട്രംപിന്റെ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു ഈ പിന്മാറ്റം. 59 % അമേരിക്കൻ പൗരന്മാർ ഈ നീക്കത്തിന് പിന്തുണ നൽകിയതായി പ്യു റിസേര്ച് സെന്റർ പറയുന്നു. 58 % യുദ്ധവീരന്മാരുടെ പിന്തുണയുമുണ്ട്. അമേരിക്കയ്ക്ക് അഫ്ഘാനിസ്ഥാൻ കാത്തു സൂക്ഷിക്കേണ്ട ആവശ്യം ഇനിയില്ല എന്ന് ബൈഡൻ വിശ്വസിക്കുന്നു. അമേരിക്കയുടെ പ്രശ്നങ്ങൾ തന്നെയാണ് മുഖ്യം. രണ്ടു ലക്ഷം കോടി ഡോളറിന്റെ പുനർനിർമാണ പദ്ധതി അദ്ദേഹം കോൺഗ്രസിൽ സമർപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് റിപ്പബ്ലിക്കൻ വോട്ടുകൾ നേടിക്കൊടുത്തു എന്നാണ് കരുതപ്പെടുന്നത്.

(ഗള്‍ഫ് ടുഡേയുടെ മുന്‍ വേള്‍ഡ് എഡിറ്ററാണ് ലേഖകൻ)

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close