സമാനതകളില്ലാത്ത വ്യക്തിത്വം; ഒക്ടോബര്‍ 30 ,ടി എം ജേക്കബ് ഓര്‍മ്മദിവസം

1986-ല്‍, ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ ഒരു കുട്ടി മാത്രം മന്ത്രിയുടെ സ്പെഷ്യല്‍ ഓര്‍ഡര്‍ വാങ്ങിയാണ് പരീക്ഷയ്ക്കിരുന്നത്.എന്നുവെച്ചാല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ് അനുവദിച്ചു തന്ന സ്പെഷ്യല്‍ ഓര്‍ഡറിന്റെ പിന്‍ബലത്തില്‍.ആ സ്പെഷ്യല്‍ ഓര്‍ഡര്‍ ഇല്ലായിരുന്നുവെങ്കില്‍ ആദ്യമായി എസ്എസ്എല്‍സി എഴുതുന്ന ആ കുട്ടിക്ക് പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ പെടേണ്ടി വരുമായിരുന്നു.റാങ്ക് ലിസ്റ്റുകളില്‍ ഒന്നും പെടുവാന്‍ അര്‍ഹത ലഭിക്കുകയില്ല.തൊട്ടുമുമ്പുള്ള വിദ്യാഭ്യാസവര്‍ഷം, അതായത് 1984 – 85-ല്‍ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടതായിരുന്നു ആ കൂട്ടി.ചികിത്സയുമായി ബന്ധപെട്ട് ഒരു വര്‍ഷത്തോളം സ്കൂളില്‍ നിന്ന് വിട്ടുനിക്കേണ്ടി വന്നതിന്റെ പേരിലാണ് ആ കുട്ടിക്ക് അക്കൊല്ലം പരീക്ഷയെഴുതുവാന്‍ കഴിയാതെ വന്നത്.അധ്യയന വര്‍ഷം തുടങ്ങി ഒന്ന് രണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആ വര്‍ഷം പരീക്ഷയെഴുതുവാന്‍ സാധിക്കില്ലെന്ന് മനസ്സിലായ ആ കുട്ടിയുടെ മാതാപിതാക്കള്‍ രജിസ്റ്ററില്‍ നിന്ന് പേര് നീക്കികൊള്ളുവാന് ആവശ്യപ്പെട്ടിരുന്നു .അടുത്ത വര്‍ഷം വീണ്ടും ചേര്‍ന്ന് പഠനം തുടരാമെന്ന് പ്രതീക്ഷയില്‍.പക്ഷെ അടുത്ത വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കുവാന്‍ ശ്രമിക്കുന്ന സമയത്താണ്,എന്തോ സാങ്കേതിക പ്രശ്നം ഉയര്‍ത്തിക്കാട്ടി അന്നത്തെ പ്രധാനാധ്യാപകന് ആ കുട്ടിയെ പ്രൈവറ്റ് വിദ്യാര്ഥിയായെ പരീക്ഷയ്ക്കിരിക്കുവാന്‍ അനുവദിക്കൂ എന്ന് ശഠിച്ചു.കുട്ടിയുടെ ‘അമ്മ അതെ സ്കൂളിലെ അധ്യാപികയുമായിരുന്നു.പ്രധാനാധ്യാപകന്റെ ശാട്യം ഏതാണ്ട് വിജയിക്കുന്ന ഘട്ടമെത്തി.അത്യാവശ്യം റാങ്കു പ്രതീക്ഷയൊക്കെ ഉണ്ടായിരുന്ന കുട്ടി ആയിരുന്നതുകൊണ്ട് എങ്ങനെയെങ്കിലും പ്രൈവറ്റ് കാന്‍ഡിഡേറ്റ് അല്ലാതെ പരീക്ഷയെഴുതിക്കണമെന്ന് കുട്ടിയുടെ അച്ഛനമ്മമാര്‍ക്കും, മറ്റു ചില അദ്ധ്യാപകര്‍ക്കും വാശിയായിരുന്നു.എന്തോ ഭാഗ്യത്തിനു എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ എ ലിസ്റ്റ് അയക്കേണ്ടതിനു തൊട്ടു മുമ്പ് മേപ്പടി പ്രധാനാദ്ധ്യാപകന് സ്ഥലം മാറിപ്പോവുകയും, കാര്യങ്ങളെ അനുതാപത്തോടെ കാണുന്ന ഒരു പ്രധാനാദ്ധ്യാപിക വരുകയും ചെയ്തു. പക്ഷെ, അവര്‍ക്കു പോലും ഒന്നും ചെയ്യാനാവാത്ത രീതിയില്‍ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞിരുന്നു. പിന്നെ ആകെയുള്ള വഴി തിരുവനന്തപുരത്തു പോയി മന്ത്രിയുടെ സ്പെഷല്‍ ഓര്‍ഡര്‍ വാങ്ങുക.കുട്ടിയുടെ അച്ഛന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഒരു പൂര്‍വ്വ ശിഷ്യന്റെ സഹായത്തോടെ അച്ഛന് സെക്രട്ടേറിയറ്റ് കയറിയിറങ്ങി. സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനായ മറ്റൊരു പൂര്‍വ്വ ശിഷ്യനും സഹായത്തിനുണ്ടായിരുന്നു. കോണ്ഗ്രസ്സുകാരന് തന്നെ. ടി.എം. ജേക്കബാണ് വിദ്യാഭ്യാസമന്ത്രി.ആഴ്ചകള്‍ നീണ്ടുനിന്ന സെക്രട്ടേറിയറ്റ് പ്രദക്ഷിണത്തിനൊടുവില്‍ മന്ത്രിയുടെ ഓര്‍ഡര്‍ കൈപ്പറ്റിയത് എ ലിസ്റ്റ് അയക്കേണ്ടതിന്റെ അവസാന ദിവസത്തിന്റെ തലേന്ന്. 1986 ആണ് കാലം. ഏറ്റവും വലിയ സാങ്കേതിക വിദ്യ ഫാക്സ് ആണ്. ഉത്തരവിന്റെ കോപ്പി സ്കൂളിലേക്ക് ഫാക്സ് ചെയ്തു. എ ലിസ്റ്റ് അയക്കുന്നതിനു തൊട്ടു മുമ്പ് ഉത്തരവിന്റെ കോപ്പി എത്തിയതിന്റെ ബലത്തില്‍ കുട്ടി റെഗുലര്‍ കാന്‍ഡിഡേറ്റ് പട്ടികയില്‍ പരീക്ഷയെഴുതി.ടി എം ജേക്കബ് അന്ന് ഒപ്പിട്ട ആ സ്പെഷ്യല്‍ ഓര്‍ഡറിന്റെ കഥ പറഞ്ഞത് അന്നത്തെ ആ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തന്നെ.
മികച്ച നിയമസഭാ സാമാജികനും ഭരണാധികാരിയുമെന്ന നിലയില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ് ടി എം ജേക്കബ്.നിയമസഭയില്‍ മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഉന്നയിക്കുന്ന വാദഗതികള്‍ പലപ്പോഴും പ്രതിപക്ഷത്തിന് ഖണ്ഡിക്കാനാവാതെവന്നിട്ടുണ്ട്.അദ്ദേഹം അവതരിപ്പിക്കുന്ന ബില്ലുകള്‍ പലപ്പോഴും ഭേദഗതികള്‍ കൊണ്ടുവരുവാന്‍ ആവില്ല.അത്രയ്ക്ക് പഠിച്ചാണ് ജേക്കബ് ബില്ലുകള്‍ ചെയ്തിരുന്നത്.ഇന്ന് ടി എം ജേക്കബിന്റെ ഓര്‍മ്മദിവസമാണ്.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ നിയമസഭാ സാമാജികനും മന്ത്രിയുമായിത്തീര്‍ന്ന ടി.എം. ജേക്കബ് 1950 സപ്തംബര്‍ 16ന് എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തില്‍ താണിക്കുന്നേല്‍ തറവാട്ടിലാണ് ജനിച്ചത്.അച്ഛന് ടി.എസ്. മാത്യു, അമ്മ അന്നമ്മ മാത്യു, മണ്ണത്തൂര്‍ ഗവണ്മെന്റ് എല്‍.പി. സ്കൂളില്‍ നാലാം ക്ലാസ്സുവരെ പഠിച്ച ജേക്കബ് രാഷ്ട്രപതി കെ.ആര്. നാരായണന് പഠിച്ച വടകര സെന്റ് ജോണ്‍സ് ഹൈസ്കൂളിലാണ് തുടര്‍ന്ന് പത്താംക്ലാസ്സുവരെ പഠനം നടത്തിയത്.തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ബിഎസ്സി പാസ്സായ ശേഷം ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി ബിരുദം നേടി. പിന്നീട് എല്‍എല്‍എം കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്തു.വിദ്യാഭ്യാസ കാലഘട്ടത്തില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിനു പുറമെ കലാസാംസ്കാരിക രംഗങ്ങളിലും എന്‍സിസിയിലും ജേക്കബിന്റെ സാന്നിധ്യം നിറഞ്ഞുനിന്നിരുന്നു. എന്‍.സി.സി.യില്‍ അണ്ടര്‍ ഓഫീസര്‍ റാങ്ക് ലഭിച്ചിരുന്നു ജേക്കബിന്.കേരള കോണ്‍ഗ്രസ് രൂപീകൃതമായതു മുതല്‍ അതിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ആദ്യം കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിവിഭാഗമായ കെഎസ്സിയില് അംഗമായി.അദ്ദേഹം പഠിച്ചിരുന്ന മാര്‍ ഇവാനിയോസ് കോളേജ് യൂണിറ്റ് പ്രസിഡന്റായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് കെഎസ്സിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി. 1971ല്‍ കെഎസ്സിയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ടി.എം. ജേക്കബ് കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നു. തുടര്‍ന്ന് കെഎസ്സിയുടെ ജനറല്‍ സെക്രട്ടറിയായി. അനേകം വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.
1972 മുതല്‍ 75വരെ ടി.എം. ജേക്കബ് കെഎസ്സി സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ടി.എം. ജേക്കബിന്റെ നേതൃത്വത്തില്‍ കെഎസ്സി നയിച്ച പ്രക്ഷോഭങ്ങള്‍ വിജയംകണ്ട കാലഘട്ടമായിരുന്നു അത്.വിദ്യാര്‍ഥിപ്രസ്ഥാന നേതൃസ്ഥാനത്തുനിന്ന് ജേക്കബ് നേരെ ചെന്നത് കേരള യൂത്ത് ഫ്രണ്ടിലേക്കാണ്. 1975-76 കാലയളവില്‍ യൂത്ത് ഫ്രണ്ട് ജനറല്‍ സെക്രട്ടറിയായിരുന്നു ജേക്കബ്. യുവജനങ്ങളുടെ തൊഴിലവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കാലഘട്ടമായിരുന്നു തുടര്‍ന്നങ്ങോട്ട്.1976-78 കാലയളവില്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1979-82 കാലയളവിലും 1987-91 കാലഘട്ടത്തിലും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു ടി.എം. ജേക്കബ്.പാര്‍ട്ടി നേതാവ് എന്നനിലയില്‍ നാടിന്റെ വികസനത്തിനുവേണ്ടിയുള്ള യത്നങ്ങളിലും സംസ്ഥാനത്തിന്റെ പൊതുപ്രശ്നങ്ങള്ക്കുവേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലും ഉറച്ചുനില്ക്കാന് ടി.എം. ജേക്കബിന് കഴിഞ്ഞു. ഇങ്ങനെ ശക്തവും പക്വതയാര്‍ന്നതുമായ രാഷ്ട്രീയ പ്രവര്‍ത്തനശൈലി അദ്ദേഹത്തെ നിയമസഭാ വേദിയിലേക്ക് ആനയിച്ചു.1977 മാര്‍ച്ചില്‍ നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ടി.എം. ജേക്കബ് നാലുപ്രാവശ്യം മന്ത്രിയായി. ആദ്യം 1982-87ല്‍ വിദ്യാഭ്യാസ മന്ത്രിയായും 91-96ല്‍ ജലസേചന-സാംസ്കാരിക മന്ത്രിയായും ഭരണപാടവം തെളിയിച്ചു. 2001ല്‍ ജലസേചന-ജലവിതരണ മന്ത്രിയായാണ് ചുമതലയേറ്റത്. 2011ല്‍ ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിയായി.ടി.എം. ജേക്കബ് 1977ല്‍ പിറവത്തുനിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1991, 1996, 2001 ഘട്ടങ്ങളിലും അദ്ദേഹം പിറവത്തെ പ്രതിനിധീകരിച്ചു. ഇടയ്ക്ക് 1980, 1982, 1987 വര്‍ഷങ്ങളില്‍ കോതമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്.കേരള നിയമസഭ കണ്ട ഏറ്റവും മികച്ച സാമാജികന് എന്ന് മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന് പ്രശംസിച്ചു.നിയമസഭാംഗമായിരിക്കെ സഭയില്‍ അവതരിപ്പിക്കുന്ന ബില്ലുകളിന്മേലുള്ള ജേക്കബിന്റെ വിശകലനങ്ങള്‍ നമ്മുടെ നിയമസഭാ പ്രവര്‍ത്തനചരിത്രത്തിലെ രജതരേഖകളാണ്. കാര്യങ്ങള്‍ ഇത്രയും നന്നായി പഠിച്ച് അവതരിപ്പിക്കുന്ന മറ്റൊരംഗമില്ല എന്നാണ് ടി.എം. ജേക്കബിനെക്കുറിച്ച് സ്പീക്കര്‍മാരും മുതിര്‍ന്ന നേതാക്കളും സഹപ്രവര്‍ത്തകരും മാധ്യമങ്ങളും വാഴ്ത്തിയിട്ടുള്ളത്.വിദ്യാഭ്യാസ മന്ത്രിയായിരിക്കെ മഹാത്മാഗാന്ധി സര്‍വകലാശാല സ്ഥാപിക്കുകയും യൂത്ത് വെല്‍ഫെയര്‍ വകുപ്പ് രൂപീകരിക്കുകയും സ്കൂള്‍ യുവജനോത്സവം മഹാമേളയാക്കാന് തുടക്കമിടുകയും സ്കൂളുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കൊണ്ടുവരികയും ചെയ്ത ടി.എം. ജേക്കബാണ് പ്രീഡിഗ്രി കോഴ്സ് കോളേജുകളില്‍നിന്ന് വേര്‍പെടുത്താന്‍ തുടക്കമിട്ടത്.അതിനായി അന്ന് ജേക്കബ് കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡിനെ നഖശിഖാന്തം എതിര്‍ത്ത അന്നത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്ലസ്ടു എന്ന പേരില്‍ അതുതന്നെ നടപ്പിലാക്കേണ്ടിവന്നത്, അവര്‍ക്ക് കാലം നല്കിയ മധുരമായ തിരിച്ചടിയായിരുന്നു. തിരുവനന്തപുരത്ത് ശാസ്ത്രസാങ്കേതിക മ്യൂസിയവും പ്ലാനറ്റോറിയവും സ്ഥാപിച്ചത് ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിലാണ്.
മന്ത്രിപദത്തിന്റെ രണ്ടാമൂഴത്തില്‍ ജലസേചന ജലവിതരണ വകുപ്പിനെ ജേക്കബ് ശ്രദ്ധേയമാക്കി. കേരളത്തില്‍ ആദ്യമായി ഒരു ജലനയം കൊണ്ടുവന്നത് ജേക്കബായിരുന്നു. നഗരങ്ങള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളിലും കുടിവെള്ള ശൃംഖല തീര്‍ത്തതും ടി.എം. ജേക്കബാണ്.കേരളത്തിന്റെ ജലസമ്പത്തിനുവേണ്ടി അന്യസംസ്ഥാനങ്ങള്‍ മുറവിളി കൂട്ടിയപ്പോള്‍ ‘കേരളത്തില്‍ മിച്ച ജലമില്ല’ എന്ന് ദേശീയവേദികളില്‍ പോലും പ്രഖ്യാപിച്ച് കേരളത്തിന്റെ ജലസമ്പത്ത് കാത്ത്രക്ഷിച്ച ജലധാര പദ്ധതിയും മലയോര ജലസംഭരണ പദ്ധതിയും കേരളത്തില്‍ ആവിഷ്കരിച്ചത് ടി.എം. ജേക്കബാണ്. അതുപോലെ തീരെ അപ്രസക്തമായിരുന്ന സംസ്കാരിക വകുപ്പിനെ ശ്രദ്ധേയമാക്കിയത് ടി.എം. ജേക്കബായിരുന്നു. എഴുത്തച്ഛന് അവാര്‍ഡ്, സ്വാതി പുരസ്കാരം, ഫാല്‍ക്കെ അവാര്‍ഡ് മാതൃകയില്‍ ജെ.സി. ദാനിയേല്‍ അവാര്‍ഡ് തുടങ്ങിയവ ഏര്‍പ്പെടുത്തിയത് ടി.എം. ജേക്കബാണ്.കേരളത്തില്‍ ആദ്യമായി ടെലിവിഷന്‍ പരിപാടികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത് ടി.എം. ജേക്കബ് സാംസ്കാരിക മന്ത്രിയായിരുന്ന കാലത്താണ്. ഫോക്ലോര് അക്കാദമിയും നടനഗ്രാമവും സ്ഥാപിച്ചതും ടി.എം. ജേക്കബാണ്.വ്യക്തി എന്ന നിലയില്‍ നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും കൈമുതലായുള്ള ടി.എം. ജേക്കബ് നെടുമ്പാശ്ശേരി വിമാനത്താവളം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതില്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ലോകമാകെ സഞ്ചരിച്ച് വിദേശമലയാളികളില്‍ നിന്ന് മുതലിറക്കി വിമാനത്താവളം പടുത്തുയര്‍ത്തുമ്പോള്‍ ജേക്കബ് കേട്ട അധിക്ഷേപങ്ങള്‍ക്ക് കണക്കില്ലായിരുന്നു. അവസാനം വിമാനത്താവളം യാഥാര്‍ഥ്യമായപ്പോള്‍ ആ നാവുകള്‍ ജേക്കബിനെ പുകഴ്ത്തി.എറണാകുളത്തെ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സ്ഥാപിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.പ്രതിപക്ഷത്തായിരുന്ന ഘട്ടങ്ങളിലും ജനങ്ങളുടെ നാവായി നിയമസഭയില്‍ തിളങ്ങാന്‍ ജേക്കബിന് സാധിച്ചിട്ടുണ്ട്.സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ടി.എം. ജേക്കബ് പ്രതികരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരായുള്ള പ്രശ്നങ്ങള്‍ ഏതെല്ലാമെന്ന് ജനങ്ങള്‍ അറിഞ്ഞിരുന്നുതന്നെ പലപ്പോഴും ജേക്കബിന്റെ പ്രതികരണങ്ങളിലൂടെയായിരുന്നു.കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പുറമെ കേന്ദ്രത്തിന്റെ തീരസംരക്ഷണ നിയമം മൂലമുണ്ടായ പ്രശ്നങ്ങള്‍, റെയില്‍വേ സോണ്‍ പ്രശ്നം എന്നിവയെല്ലാം ആദ്യമായി ഏറ്റെടുത്തത് ടി.എം. ജേക്കബായിരുന്നു.
ജേക്കബിന്റെ പ്രാഗത്ഭ്യം കണ്ടറിഞ്ഞ് ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഏറ്റവും മികച്ച പാര്ലമെന്േററിയനുള്ള ഗാന്ധി അവാര്‍ഡ്, ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിക്കുള്ള പൊന്നറ ഫൗണ്ടേഷന് പുരസ്കാരം, മികച്ച പൊതുപ്രവര്‍ത്തകനും ഭരണാധികാരിക്കുമുള്ള ദേശീയ ശ്രമവീര്‍ അവാര്‍ഡ്, പ്രവാസി മലയാളികളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിനുള്ള വിദേശമലയാളി പുരസ്കാരം, അമിക്കോസ് അവാര്‍ഡ് എന്നിവ ജേക്കബിനെ തേടിയെത്തിയ ബഹുമതികളില്‍ ചിലതു മാത്രമാണ്.സഭയ്ക്കും സമൂഹത്തിനും വേണ്ടി നിസ്തുലമായി സേവനമനുഷ്ഠിച്ചതിന് വിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ ഡമാസ്കസില്‍വച്ച് കമാന്‍ഡര്‍ പദവി നല്കി ജേക്കബിനെ അനുഗ്രഹിച്ചിട്ടുണ്ട്.എതിരാളികള്‍ അനുവര്‍ത്തിക്കുന്ന പ്രതികാര നടപടികള്‍ ടി.എം. ജേക്കബ് എന്ന വ്യക്തിയുടെ പ്രതിരോധ ശക്തി വര്‍ധിപ്പിച്ചിട്ടേയുള്ളൂ.രാഷ്ട്രീയമായും വ്യക്തിപരമായും ജേക്കബ് എന്നും അപ്രതിരോധ്യദുര്ഗമാണ്. ശരി എന്നു തോന്നുന്നതില്‍ ഉറച്ചുനില്‍ക്കുന്ന ജേക്കബിന്റെ കൂടപ്പിറപ്പായിരുന്നു വിവാദങ്ങള്‍. പക്ഷേ, പ്രീഡിഗ്രി ബോര്‍ഡ് മുതലുള്ള എല്ലാ വിവാദങ്ങളും ജേക്കബിന്റെ ശരിയില്‍ കലാശിച്ചതായാണ് ചരിത്രം.പ്രകടനപരതയില്‍ വിശ്വാസമില്ലാത്ത ടി.എം. ജേക്കബ് തികഞ്ഞ ആത്മാര്‍ത്ഥതയുടെ പ്രതീകമാണ്. പ്രതിബദ്ധതയാണ് അദ്ദേഹത്തിന്റെ സവിശേഷത. ചിരിയും കെട്ടിപ്പിടുത്തവുമൊക്കെയുള്ള രാഷ്ട്രീയ ഗോദയില്‍ അതൊന്നുമില്ലാതെ അജയ്യനായി നില്ക്കാന് ജേക്കബിന് കഴിഞ്ഞത് ഈ ആത്മാര്‍ത്ഥയും പ്രതിബദ്ധതയുംകൊണ്ട് മാത്രമാണ്. തീര്‍ത്തും സമാനതകളില്ലാത്ത വ്യക്തിത്വമാണ് ടി.എം. ജേക്കബിന്േറത്.ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസത്തില്‍ അദ്ദേഹം നമ്മുടെ നാടിനു ചെയ്ത നന്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഒരു തുടക്കം കുറിക്കാം.