പത്തുവര്‍ഷത്തോളം മാത്രം നീണ്ടുനിന്ന അഭിനയകാലത്ത് ഏതാണ്ട് എഴുപത്തഞ്ചോളം ഹിന്ദി- മറാത്തി സിനിമകളില്‍ അഭിനയിച്ച സ്മിതാ പാട്ടീല്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഭിനേത്രിയാണ്. ചുരുങ്ങിയ അഭിനയ കാലത്ത് തന്നെ രണ്ട് ദേശീയപുരസ്‌കാരങ്ങളും ഒരു ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി തന്റെ അഭിനയപാടവം തെളിയിക്കന്‍ അവര്‍ക്ക് സാധിച്ചു.
അക്കാലത്തെ പ്രേക്ഷക മനസ്സുകളില്‍ വേലിയേറ്റമുയര്‍ത്തിയ ഒരു പ്രസ്ഥാനമായിരുന്ന സമാന്തരസിനിമയുടെ മുന്നണി നായികമാരില്‍ ഒരാളായ സ്മിത 1975ല്‍ പുറത്തിറങ്ങിയ ശ്യാം ബനഗലിന്റെ ചരണ്ദാസ് ചോര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ രംഗപ്രവേശം ചെയ്തത്.മന്ധന് (1977), ഭൂമിക (1977) ആക്രോശ്(1980) ചക്ര (1981) ചിദംബരം (1985) മിര്ച്ച് മസാല (1985) എന്നീ ജനപ്രീതിനേടിയ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവയ്ക്കാന്‍ സ്മിതയ്ക്ക് കഴിഞ്ഞു.ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ സിനിമകളെല്ലാം സ്മിതാ പാട്ടീല്‍ എന്ന അഭിനേത്രിയുടെ പേരില്‍ തന്നെ അറിയപ്പെട്ട ചിത്രങ്ങളാണ്.
ഭാരതീയ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തക കൂടിയായിരുന്ന സ്മിത മുംബൈ വിമന്‌സ് സെന്ററിന്റെ മെമ്പറും ആയിരുന്നു.സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ സ്മിത സ്ഥിരോത്സാഹം കാണിച്ചിരുന്നു.വ്യക്തിജീവിതത്തില്‍ എന്നപോലെ അവര്‍ക്ക് ലഭിച്ച പല വേഷങ്ങളിലും പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീയുടെ പങ്കും, പങ്കില്ലായ്മയും, ലൈംഗികതയും, നഗരവാസികളായ മദ്ധ്യവര്‍ഗ്ഗ സ്ത്രീകള്‍ അനുഭവിക്കുന്ന ആശങ്കകളും പങ്കുവയ്ക്കുന്നതായിരുന്നു.1985 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്കി ആദരിച്ചു.1986 ഡിസംബര്‍ പതിമൂന്നാംതീയതി പ്രസവസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് സ്മിതാപാട്ടീല് അന്തരിക്കുമ്പോള്‍ ഭാരതീയ കലാലോകത്തിന് നഷ്ടപ്പെട്ടത് ഒരിക്കലും പകരംവയ്ക്കാനാവാത്ത ഒരു സുവര്‍ണ്ണ നക്ഷത്രത്തെയാണ്. സ്മിതയുടെ മരണത്തിനു ശേഷമാണ് അവര്‍ അഭിനയിച്ച പത്തോളം സിനിമകള്‍ റിലീസായത്.