Covid UpdatesKERALA

സമൂഹത്തിന് മാതൃകയായി വിശ്രമജീവിതത്തിലേക്ക് ഈ ഡെപ്യൂട്ടി കലക്റ്റര്‍, സര്‍ക്കാരിന് കൈമാറിയത് 50,000 രൂപ

കൊച്ചി: ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രേണുവിന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന പ്രവര്‍ത്തന ദിവസമായിരുന്നു മാര്‍ച്ച് 31. കോവിഡ് ഭീതിയില്‍ പകച്ചു നില്‍ക്കുന്ന സംസ്ഥാനത്തിന് ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നല്‍കി മാതൃക കാട്ടിയാണ് അവര്‍ വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അവര്‍ പറയുമ്പോള്‍, ദുരന്തത്തെ അതിജീവിക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് അവര്‍ നല്‍കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ജില്ലാതല അവലോകന യോഗത്തിനെത്തിയ മന്ത്രി വി.എസ്. സുനില്‍ കുമാറിന് ചെക്ക് കൈമാറി. 31 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും അവര്‍ പങ്കു വെക്കുന്നു.
1988 ല്‍ ഇടുക്കിയില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച രേണു 1995 മുതല്‍ 16 വര്‍ഷം തുടര്‍ച്ചയായി എറണാകുളം കളക്ട്രേറ്റില്‍ തന്നെയാണ് സേവനമനുഷ്ഠിച്ചത്. ആറു വര്‍ഷത്തോളം ഡെപ്യൂട്ടി തഹസില്‍ദാര്‍, ഡെപ്യൂട്ടി കളക്ടര്‍ തസ്തികകളില്‍ മറ്റു ജില്ലകളിലും ജോലി ചെയ്തു. 2018, 19 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തിന്റെ സമയത്ത് പാലക്കാട് ആര്‍ ഡി ഒ ആയിരുന്നു. ആ സമയത്ത് രണ്ടു മാസത്തോളം വീട്ടില്‍ വരാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് രേണു പറയുന്നു.
എന്നാല്‍ ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടം കൊച്ചി മെട്രോയിലെ സ്ഥലമേറ്റെടുക്കല്‍ വിഭാഗം തഹസില്‍ദാരായിരുന്നപ്പോഴാണെന്ന് രേണു ഓര്‍മ്മിക്കുന്നു. 2014 ലാണ് ഈ ചുമതലയേറ്റെടുക്കേണ്ടി വന്നത്. മൂന്ന് വര്‍ഷമാണ് തഹസില്‍ദാരായി ജോലിയിലുണ്ടായിരുന്നത്. അന്ന് 60 ഓളം കേസുകളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടി വന്നു. അന്നത്തെ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വലിയ പിന്തുണയാണ് നല്‍കിയത്.
2018ല്‍ കോതമംഗലത്ത് തഹസില്‍ദാറായി ജോലി ചെയ്യുമ്പോഴാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടയമേള സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി പട്ടയം ലഭിക്കാതിരുന്ന 110 ലധികമാളുകള്‍ക്ക് അന്ന് പട്ടയ വിതരണം നടത്തിയിരുന്നു. മുഹമ്മദ് വൈ. സഫീറുള്ളയായിരുന്നു അന്ന് ജില്ലാ കളക്ടര്‍ . ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവും സംതൃപ്തി ലഭിച്ച സന്ദര്‍ഭമായിരുന്നു അതെന്ന് രേണു. 1995 ല്‍ എറണാകുളം കളക്ട്രേറ്റിലെത്തുമ്പോള്‍ തോമസ് മാത്യു ആയിരുന്നു ജില്ലാ കളക്ടര്‍. അദ്ദേഹം മുതല്‍ ഇപ്പോള്‍ എസ്. സുഹാസ് വരെയുള്ള കളക്ടര്‍മാര്‍ക്കൊപ്പം ജോലി ചെയ്തു. പൂര്‍ണ്ണ സഹകരണവും പിന്തുണയുമാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ഇവരെല്ലാം നല്‍കിയത്. ഇത്രയും നാള്‍ കൂടെ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഒരു സ്‌നേഹവിരുന്ന് നല്‍കി മടങ്ങണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു സാധിക്കാത്തതില്‍ തെല്ലു വിഷമമുണ്ട്. പക്ഷേ രാജ്യം മുഴുവന്‍ നിശ്ചലമായിരിക്കുന്ന ഈ വേളയില്‍ സംസ്ഥാന സര്‍ക്കാരിന് തന്റേതായ ചെറിയൊരു പിന്തുണ നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും രേണു പറയുന്നു.
പാലാരിവട്ടം ആലിന്‍ചുവടാണ് താമസം. ലേബര്‍ വകുപ്പില്‍ നിന്ന് വിരമിച്ച രമേഷ് കുമാറാണ് ഭര്‍ത്താവ്. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന ശ്രീലക്ഷ്മി, യുകെയില്‍ വിദ്യാര്‍ഥിയായ പാര്‍വ്വതി എന്നിവരാണ് മക്കള്‍. ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും കുടുംബത്തിനു വേണ്ടി സമയം ചെലവഴിക്കാനായിട്ടില്ല. ഇനി കുടുംബത്തോടൊപ്പം ചെലവഴിക്കണം. പിന്നെ യാത്ര, വായന – വിശ്രമജീവിതത്തിലും ചില പ്ലാനുകളെല്ലാമുണ്ട് ഡെപ്യൂട്ടി കളക്ടര്‍ക്ക്. മെയ് 31 നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കേണ്ടത്. എന്നാല്‍ രണ്ടു മാസം മുന്‍പ് അവധിയില്‍ പ്രവേശിക്കുന്നതിനാലാണ് മാര്‍ച്ച് 31ന് രേണു ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close