Breaking NewsKERALANEWS

സമൂഹത്തില്‍ സ്പര്‍ധവളര്‍ത്താന്‍ ശ്രമിച്ചവരെ നിയമപരമായ ശിക്ഷ നല്‍കാനാണ് ശ്രമിച്ചത്:കെടി ജലീല്‍

എടപ്പാള്‍: നിരപരാധിയായ ഒരാളെ നാടുകടത്തി തൂക്കിക്കൊല്ലാനല്ല താന്‍ ശ്രമിച്ചതെന്ന് മന്ത്രി കെ.ടി. ജലീല്‍. സമൂഹത്തില്‍ സ്പര്‍ധവളര്‍ത്താന്‍ നിരന്തരം ശ്രമിച്ച ഒരാളെ നാട്ടിലെത്തിച്ച് നിയമപരമായ ശിക്ഷ നല്‍കാനാണ്. തന്റെ മണ്ഡലത്തില്‍പ്പെട്ട യുവാവിനെ യു.എ.ഇ.യില്‍നിന്ന് നാടുകടത്താന്‍ ജലീല്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് മൊഴിനല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. താനൂരില്‍ ഒരു കൊലപാതകംനടന്ന സമയത്ത് ഇയാള്‍ സാമൂഹികമാധ്യമത്തിലിട്ട വീഡിയോ ഇത്തരത്തിലുള്ളതാണെന്നു കണ്ടെത്തി താനൂര്‍ പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന്റെപേരില്‍ മലപ്പുറം എസ്.പി.ക്ക് നല്‍കിയ പരാതിയില്‍ ചങ്ങരംകുളം പോലീസും രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന്റെപേരില്‍ 2019 മാര്‍ച്ചില്‍ കുറ്റിപ്പുറം പോലീസും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇത്തരമൊരാളെ നാട്ടിലെത്തിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് ശിക്ഷിപ്പിക്കാനുള്ള നടപടികള്‍ മാത്രമാണ് താന്‍ കൈക്കൊണ്ടത്. ഇതില്‍ എന്താണിത്ര തെറ്റ്? -മന്ത്രി ചോദിച്ചു. യുവാവിന്റെ വീട്ടില്‍ പോലീസ് രണ്ടുതവണ റെയ്ഡ് നടത്തി ജലീലിനെതിരേ ദുബായില്‍നിന്ന് സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശമിട്ട വട്ടംകുളത്തെ മുസ്ലിം ലീഗ് നേതാവ് എം.കെ.എം. അലിയുടെ മകന്‍ യാസര്‍ അറാഫത്തിന്റെ വീട്ടില്‍ ആറുമാസംമുമ്പ് രണ്ടുതവണ പോലീസ് റെയ്ഡ് നടത്തി. യാസര്‍ അറാഫത്തി(യാസര്‍ എടപ്പാള്‍)നെ നാടുകടത്താന്‍ കോണ്‍സല്‍ ജനറലുമായും സ്വപ്നാ സുരേഷുമായും മന്ത്രി ബന്ധപ്പെട്ടെന്ന വാര്‍ത്ത തങ്ങളെ ഞെട്ടിച്ചെന്ന് എം.കെ.എം. അലി പറഞ്ഞു. മകന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ എന്തു ശിക്ഷയും നല്‍കാം. എന്നാല്‍, നാടുകടത്തുന്ന രീതിയിലുള്ള നടപടി അംഗീകരിക്കാനാവില്ല. വിദേശത്തും സ്വദേശത്തുമുള്ള ഒട്ടേറെപ്പേര്‍ അംഗങ്ങളായ കൊണ്ടോട്ടി കൂട്ടായ്മ എന്ന പേജില്‍ പലരെയുംപോലെ യാസറും രാഷ്ട്രീയപോസ്റ്റുകള്‍ ഇടാറുണ്ട്. ഇതിന്റെ പേരില്‍ ആറുമാസംമുമ്പ് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പിനെന്നു പറഞ്ഞ് രണ്ടുതവണ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ഇത്തരത്തില്‍ പീഡിപ്പിക്കാന്‍ തങ്ങളെന്തു തെറ്റാണ് ചെയ്തതെന്നും അലി ചോദിച്ചു. മന്ത്രിയുടെ ഹീനമായ നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീടിനുമുമ്പില്‍ കുടുംബം വ്യാഴാഴ്ച ധര്‍ണനടത്തുമെന്ന് എം.കെ.എം. അലി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close