KERALATrending

സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് സമയം അനുവദിച്ചു; അഞ്ച് മണിക്കൂര്‍

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ച് മണിക്കൂര്‍ അനുവദിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച. വിവിധ കക്ഷികളുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാനുള്ള സമയവും അവസരവും നല്‍കുക. സ്വര്‍ണക്കടത്ത് കേസ് മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അതേസമയം സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചു. പതിനാല് ദിവസം മുമ്പ് നോട്ടിസ് നല്‍കിയില്ല എന്ന സാങ്കേതികത്വം കാണിച്ചാണ് അനുവാദം നിഷേധിച്ചത്.
വി.ഡി.സതീശന്‍ എം.എല്‍.എയാണ് പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയം നല്‍കിയിരിക്കുന്നത്. സാധാരണഗതിയില്‍ രണ്ട് അല്ലെങ്കില്‍ മൂന്നുദിവസത്തെ ചര്‍ച്ചയാണ് അവിശ്വാസ പ്രമേയ നോട്ടീസിന് മേല്‍ സഭയില്‍ നടക്കേണ്ടത്. എന്നാല്‍ നിയമസഭ ചേരുന്നത് ഒരു ദിവസത്തേക്ക് മാത്രമായതിനാല്‍ അഞ്ച് മണിക്കൂര്‍ ചര്‍ച്ച മതിയെന്ന തീരുമാനത്തിലേക്ക് എത്തിചേരുകയായിരുന്നു.പ്രമേയം പരാജയപ്പെടുമെന്നുളള കാര്യം ഉറപ്പാണ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ സഭയ്ക്ക് പുറത്ത് പ്രതിപക്ഷം വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സഭാതലം കൂടി പ്രതിഷേധ വേദിയായി മാറ്റുക എന്ന രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ് അവിശ്വാസപ്രമേയം പ്രതിപക്ഷം കൊണ്ടുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയെ കൂടി കേസിന്റെ നിഴലില്‍ നിര്‍ത്തുക എന്ന രാഷ്ട്രീയ തന്ത്രമാണ് തുടക്കം മുതല്‍ പ്രതിപക്ഷം സ്വീകരിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close