KERALANEWS

‘സര്‍ക്കാരിനെതിരെ യു.ഡി. എഫ്. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും’:പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കേസുകള്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍,മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഞാന്‍ കാടുകാണുന്നില്ല മരം മാത്രമേ കാണന്നുള്ളുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന തെറ്റാണെന്നും ഞാന്‍ കാടും മരവും കാണുന്നുതോടൊപ്പം കാട്ടില്‍ കയറി മരം വെട്ടുന്ന കാട്ടുകള്ളന്‍മാരെയും കാണുന്നുണ്ട്.ചിലരെയൊക്കെ കയ്യോടെ പൊക്കിയിട്ടുണ്ട്. ഇനി കുറെ പേരെക്കൂടി പൊക്കാനുമുണ്ട്. അത് സമയം പോലെ പൊക്കുകയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

‘സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രി കുട പിടിക്കുകയാണ്. കേരളത്തിലെ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ ജീര്‍ണ്ണത എത്രമാത്രമുണ്ട് എന്ന് ലോകത്തിന് മനസിലായി. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ ജീവിതം ഇല്ലാതാക്കുന്ന മയക്കു മരുന്ന് മാഫിയയുടെ കിംഗ് പിന്‍ ആണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എന്ന് പറഞ്ഞാല്‍ നമ്മള്‍ എവിടെയാണ് എത്തി നില്‍ക്കുന്നത്. കേരളത്തിലെ യുവാക്കളെയും കുട്ടികളെയും വഴി തെറ്റിക്കുന്ന മാഫിയയുടെ പിന്നില്‍ കേരളത്തിലെ സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകനാണെന്ന് പറയുമ്പോള്‍ ഈ പാര്‍ട്ടി എവിടെ നില്‍ക്കുന്നു എന്ന് മനസിലാകും.ഇപ്പോള്‍ പറയുന്നത് പാര്‍ട്ടി സെക്രട്ടറിയും മകനുമായി ബന്ധമില്ലെന്നാണ്. ഭരണത്തിന്റെ തണലിലാണ് ഇതെല്ലാം അരങ്ങേറുന്നത്. പാര്‍ട്ടിയുടെ പ്ലീനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസുകളിലും എടുത്തിട്ടുള്ള തിരുമാനങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഇതെല്ലാം. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുകയും ജീവിതം ഉഴിഞ്ഞ് വയ്ക്കുകയുംചെയ്ത സാധാരണ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ചിന്തിക്കണം. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളോടു ചെയ്യുന്ന അനീതിയല്ലേ ഇത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കാനുള്ള സാമാന്യ മര്യാദ കോടിയേരി ബാലകൃഷ്ണന്‍ കാണിക്കുമെന്ന് നമ്മള്‍ കരുതി. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഒരു പിതാവായി അദ്ദേഹം നിലകൊള്ളുന്നത് കേരളീയ സമൂഹത്തിന് മുന്നില്‍ ആപ്തകരമായ പ്രവണതയാണ്.ഇനിയെങ്കിലും അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞ് മാതൃക കാട്ടണം.
അഞ്ച് ഐ ഫോണ്‍ പ്രതിപക്ഷ നേതാവിന് കൊടുത്തുവെന്നാണ് കോടിയേരി പറഞ്ഞത്. ഒക്ടോബര്‍ രണ്ടിലെ ദേശാഭിമാനിയില്‍ വാര്‍ത്ത വന്നു. സ്വപ്ന പറഞ്ഞത് പ്രകാരം ചെന്നിത്തലയ്ക്ക് കൊടുത്തത് 5 ഐഫോണ്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കൂട്ടായ്മ നടത്തുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഇത്തരം കള്ള വാര്‍ത്തകള്‍ ഒന്നാം പേജില്‍ കൊടുക്കുന്നതിനെതിരെ ദേശാഭിമാനിയുടെ ഓഫീസിന് മുന്നില്‍ സമരം നടത്തുകയാണ് . സ്വപ്ന കൊടുത്ത ഒരു ഫോണ്‍ ശിവശങ്കരന്റെ കയ്യിലാണ് എന്ന് വാര്‍ത്ത വന്നിട്ടുണ്ട്. മറ്റൊന്ന് കോടിയേരിയുടെ മുന്‍ സെക്രട്ടറിയുടെ കയ്യിലാണ്. ഈ ഫോണുകളെല്ലാം പോയത് എവിടെയാണ്. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ ഡി.ജി.പി.ക്ക് കത്ത് കൊടുത്തു. ഇതുവരെ ഒരു മറുപടിയും തന്നില്ല. വിജിലന്‍സ് അന്വേഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഇതുവരെ അന്വേഷണം നടന്നില്ല. എനിക്കാണ് ഈ അഞ്ച് ഫോണും തന്നതെന്നാണ് ദേശാഭിമാനി പറയുന്നത്. ഇപ്പോള്‍ ഫോണ്‍ ആര്‍ക്കാണ് കിട്ടിയതെന്ന് മനസ്സിലായല്ലോ. ശിവശങ്കറിനാണ് സ്വപ്ന ഫോണ്‍ കൊടുത്തത്.ഇതിനെക്കാള്‍ വിലപിടിപ്പുള്ള ഒരു ഫോണുണ്ട് .അത് ആര്‍ക്ക് കിട്ടിയെന്നു കൂടി അറിയണം.അതുകൊണ്ട് ഈ ഫോണുകള്‍ ആര്‍ക്കെല്ലാം കിട്ടിയെന്നുള്ള അന്വേഷണം നടക്കണം. ഇപ്പോള്‍ എന്‍.ഐ.എ. അന്വേഷിക്കുകയാണെങ്കില്‍ അവര്‍ അന്വേഷിക്കട്ടെ. ഇ.ഡി.യാണെങ്കില്‍ അവര്‍ അന്വേഷിക്കട്ടെ. അങ്ങനെയെങ്കിലും സത്യം പുറത്തുവരണമെന്നാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ ആവശ്യപ്പെട്ടിട്ട് ഗവണ്‍മെന്റ് അത് അന്വേഷിക്കാന്‍ തയ്യാറായില്ല. ഞാന്‍ മനനഷ്ടക്കേസുമായി മുന്നോട്ടു പോകാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇനിയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചോദ്യം ചെയ്യേണ്ട വ്യക്തികള്‍ ഉണ്ട്. അവരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. . മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഈ കള്ളക്കടത്തിന് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തത്. ശിവശങ്കര്‍ ഐ.എ.എസ്. കാരനായതുകൊണ്ട് അത് അഖിലേന്ത്യാ സര്‍വ്വീസിനോട് ചോദിക്കണമെന്ന നിലപാട് എടുത്തതായി കണ്ടു. എതായാലും ഈ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള മറ്റു ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമ്പോള്‍ എന്തായിരിക്കും പാര്‍ട്ടിക്ക് പറയാനുള്ളത് . മുഖ്യമന്ത്രി അങ്ങനെ എളുപ്പത്തില്‍ രക്ഷപ്പെട്ടുകളയാം എന്ന ധാരണ വേണ്ട’ എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ്. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും , സ്പീക്ക് അപ്പ് കേരളയുടെ അഞ്ചാംഘട്ട പരിപാടിയായി നവംബര്‍ 1 ന് എല്ലാ വാര്‍ഡുകളിലും 10 പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പ്രതിഷേധ പരിപാടി നടത്താനും തുടര്‍ന്നും സര്‍ക്കാരിനെതിരെ യു.ഡി. എഫ്. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close