KERALANEWS

സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും പിണറായി പണമുണ്ടാക്കാനുള്ള ഉപാധിയാക്കി: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തില്‍ നടപ്പിലായ സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും പിണറായിക്കും കുടുംബത്തിനും പണം ഉണ്ടാക്കാനുള്ള ഉപാധിയായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദേശവിരുദ്ധശക്തികള്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തിയ സമരശ്യംഖല സെക്രട്ടറിയേറ്റിന് മുമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട്‌സിറ്റിയുടെ പ്രത്യേക സാമ്പത്തിക മേഖലയാക്കി കണക്കാക്കിയിരുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുകൊടുക്കാനുള്ള ഗൂഢാലോചന പിണറായി വിജയനും ശിവശങ്കരനും നടത്തിയെന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കെ-ഫോണ്‍ പദ്ധതിയിലും ലൈഫിന് സമാനമായ അഴിമതി നടന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശതകോടികളുടെ അഴിമതി നടത്തി. അതിന്റെ ഒരു ഭാഗം സര്‍ക്കാരിലേക്കും പാര്‍ട്ടി നേതാക്കളിലേക്കും പോയിരിക്കുകയാണ്. ലൈഫ് അഴിമതിയിലെ അഞ്ച് ഫോണുകളെ പറ്റിയാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. അതില്‍ രണ്ട് ഫോണുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് കിട്ടിയത് എന്ന് തെളിഞ്ഞു. ബാക്കിയുള്ള ഒരു ഫോണ്‍ എവിടെ പോയെന്ന് അറിയാന്‍ ക്ലിഫ് ഹൗസിലേക്ക് പോയാല്‍ മതിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. അന്വേഷണം തന്റെ നേരെയാണെന്ന് മനസിലായതോടെ കരിനിയമങ്ങളും കള്ളക്കള്ളിയും ഗൂഢാലോചനയും കൊണ്ട് പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമുള്ള ആസ്തിയെ കുറിച്ച് വിശദമായ അന്വേഷണം വേണം. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരിയുടേയും മക്കളുടേയും അനധികൃത സ്വത്തുവകകളെ കുറിച്ചും അന്വേഷിക്കണം. ലാലുവിനെ പോലും കടത്തിവെട്ടി ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായി പിണറായി മാറി. വൈ.എസ്.ആറിനേക്കാളും കരുണാനിധിയേക്കാളും വലിയ സമ്പന്നനാണ് കേരള മുഖ്യമന്ത്രി. വ്യവസായ പോലീസിനെ ഇറക്കി സെക്രട്ടറിയേറ്റ് അടച്ചുപൂട്ടിയാലൊന്നും ജനകീയ പ്രതിഷേധങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തിനും സീതാറാം യെച്ചൂരിക്കും പിണറായിയെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം ഇല്ല. എല്ലാ സത്യങ്ങളും വെളിച്ചത്ത് കൊണ്ടുവരും വരെ ബി.ജെ.പിയുടെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒ.രാജഗോപാല്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി രമ, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, എസ്.സുരേഷ് എന്നിവര്‍ സംസാരിച്ചു.

മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലും ദേശീയപാത ഇല്ലാത്ത സ്ഥലങ്ങളില്‍ സംസ്ഥാനപാതയിലും 50 മീറ്റര്‍ അകലത്തില്‍ 5 പേരാണ് ശ്യംഖലയില്‍ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച സമരശ്യംഖല പിണറായി സര്‍ക്കാരിനുള്ള താക്കീതായി മാറി. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി എറണാകുളത്തും മുതിര്‍ന്ന നേതാക്കളായ പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന്‍ എന്നിവര്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.സുധീര്‍ കൊല്ലം, ജോര്‍ജ് കുര്യന്‍ പത്തനംത്തിട്ട, സി.കൃഷ്ണകുമാര്‍ പാലക്കാട്, എം.ടി രമേശ് കോഴിക്കോട് എന്നിവിടങ്ങളില്‍ ശ്യംഖലയില്‍ അണിനിരന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close