KERALANEWSTrending

സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി നാളെ നിശ്ചലം

തിരുവനന്തപുരം:സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ നാളെ ഒ.പി.പ്രവര്‍ത്തിക്കില്ല.പൊതുജനാരോഗ്യം തടസ്സപ്പെടുത്തുന്ന സങ്കരവൈദ്യം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയാണ് പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുന്നത്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായി നടത്തുന്ന സമരത്തില്‍ തിരുവനന്തപുരത്ത് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ നാളെ രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെ ഒ.പി. ബഹിഷ്‌കരിക്കുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച എമര്‍ജന്‍സി കേസുകള്‍ അല്ലാത്ത ശാസ്ത്രക്രിയകളും അന്നേ ദിവസം ഉണ്ടായിരിക്കില്ല എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പൊതുജനങ്ങളുടെ ആരോഗ്യത്തിന് നേര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നു കയറ്റം മനസ്സിലാക്കി അതിനെതിരെയുള്ള സമരത്തോട് സഹകരിക്കണമെന്നും അത്യാഹിത ആവശ്യങ്ങള്‍ക്ക് മാത്രമായി ആശുപത്രി സന്ദര്‍ശനം ചുരുക്കണമെന്നും പൊതുജനങ്ങളോട് ഐ. എം.എ.തിരുവനന്തപുരം പ്രസിഡന്റ് ഡോ. പ്രശാന്തും സെക്രട്ടറി ഡോ. സിബി കുര്യന്‍ ഫിലിപ്പും അഭ്യര്‍ത്ഥിച്ചു.

കെ.ജി.എം.സി.റ്റി.എ,കെ.ജി.എം.ഒ.എ, കെ.ജി.ഐ.എം.ഒ.എ, കെ.പി.എം.സി.റ്റി.എ.തുടങ്ങിയ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലുള്ള എല്ലാ ഡോക്ടര്‍മാരും ഈ സമരത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ആരോഗ്യരംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നീക്കത്തിനെതിരെയുള്ള പോരാട്ടത്തില്‍ സജീവമായി പങ്കെടുത്തുകൊണ്ടാണ് ഒ.പി.ബഹിഷ്‌കരണമെന്നും കെ.ജി.എം.ഒ.എ.ജില്ലാ പ്രസിഡന്റ് ഡോ.സുനിലും സെക്രട്ടറി ഡോ.അരുണ്‍ എ.ജോര്‍ജും വ്യക്തമാക്കി. ആരോഗ്യരംഗത്തെ കാക്കാനുള്ള പ്രതിഷേധ സമരത്തോട് ജനങ്ങള്‍ ഒപ്പം നില്‍ക്കണം എന്നും നേതാക്കന്മാര്‍ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close