BIZ

സര്‍ക്കാര്‍ പിന്തുണയുമായി ഹാക്കര്‍മാര്‍ ഉപയോക്താകള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

സര്‍ക്കാരുകളുടെ പിന്തുണയുള്ള ഹൈജാക്കര്‍മാര്‍ ലോകത്താകമാനം 12,000 ആളുകളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍. 149 രാജ്യങ്ങളിലായാണ് ഇത്രയും ആളുകളുടെ അക്കൗണ്ടുകള്‍ ഫിഷിംഗ് എന്ന് വിളിക്കുന്ന ഹാക്കിങ് രീതിയിലൂടെ സര്‍ക്കാര്‍ പിന്തുണയുള്ള ഹൈജാക്കര്‍മാര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് ഗൂഗിളിന്റെ ത്രട്ട് അനലിസ്റ്റ് ഗ്രൂപ്പ് (ടിഎജി) വെളിപ്പെടുത്തി. 2019 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ 500ല്‍ അധികം ആളുകള്‍ക്കാണ് സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കിങ് ശ്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
50-ലധികം രാജ്യങ്ങളിലെ സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ക്ക് ഇന്റലിജന്‍സ് കളക്ഷന്‍, ഇന്റലക്ച്ച്യല്‍ പ്രോപര്‍ട്ടി മോഷണം, വിമതരെയും ആക്റ്റിവിസ്റ്റുകളെയും ലക്ഷ്യം വച്ചുള്ള വിനാശകരമായ സൈബര്‍ ആക്രമണങ്ങള്‍, അതല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി ലക്ഷ്യങ്ങളുണ്ട് എന്ന് ഒരു ബ്ലോഗ് പോസ്റ്റില്‍ ഗൂഗിളിന്റെ ടിഎജി എഴുതി.

പൗരന്മാരെ ലക്ഷ്യമിട്ട് ഹാക്കര്‍മാരെ പിന്തുണയ്ക്കുന്നത് അതാത് രാജ്യങ്ങളാണോ മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളാണോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല.ഗൂഗിള്‍ പറയുന്നതനുസരിച്ച്, ഹാര്‍ഡ്വെയര്‍ സുരക്ഷാ കീകള്‍ ഉപയോഗിക്കുകയും ഫിഷിംഗിനും അക്കൗണ്ട് ഹൈജാക്കിംഗിനും എതിരെ ലഭ്യമായ ഏറ്റവും ശക്തമായ പ്രതിരോധം നല്‍കുന്ന അഡ്വാന്‍സ് പ്രോട്ടക്ഷന്‍ പ്രോഗ്രാമില്‍ (എപിപി) ചേരാന്‍ കമ്പനി മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ എന്നിവ പോലുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഈ ഉപയോക്താക്കളില്‍ 90 ശതമാനത്തിലധികവും ആളുകളെ ടാര്‍ഗെറ്റുചെയ്തത് ‘ക്രെഡന്‍ഷ്യല്‍ ഫിഷിംഗ് ഇമെയിലുകള്‍ ‘വഴിയാണെന്ന് ഗൂഗിള്‍ കണ്ടെത്തിയിട്ടുണ്ട്.ഉപയോക്താവിന്റെ പാസ്വേഡും മറ്റ് അക്കൗണ്ട് വിശദാംശങ്ങളും മോഷ്ടിക്കാനുള്ള ശ്രമത്തെയാണ് ഫിഷിംഗ് എന്ന് പറയുന്നത്. ഫിഷിംഗ് ശ്രമങ്ങള്‍ വളരെ സാധാരണമാണ്, പക്ഷേ ഗൂഗിള്‍ റിപ്പോര്‍ട്ട് പ്രകാരം ഇവ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തവയാണ്. പ്രൈവസിയും സൈബര്‍ സുരക്ഷയും പ്രധാന കാര്യങ്ങളായി കാണുന്ന കാലത്താണ് സര്‍ക്കാരുകള്‍ തന്നെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കെതിരെ ഇത്തരം നടപടികള്‍ക്ക് പിന്തുണ നല്‍കുന്നത് എന്ന കാര്യം ഏറെ ഗൗരവം അര്‍ഹിക്കുന്ന കാര്യമാണ്.

കഴിഞ്ഞ ദിവസം ചൈന സര്‍ക്കാരിനെതിരായി ടിക്ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ അക്കൗണ്ട് കമ്പനി ബ്ലോക്ക് ചെയ്തത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലീയ ചര്‍ച്ചയായിരുന്നു. പല ടെക് കമ്പനികളും സര്‍ക്കാരിന്റെ സില്‍ബന്ദികളായി പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലല്ല മറിച്ച് തീവ്രവാദ സംബന്ധിയായ കണ്ടന്റുകളോട് ടിക്ടോക്കിനുള്ള സമീപനമാണ് പ്രവര്‍ത്തിച്ചത് എന്നാണ് കമ്പനി അവകാശപ്പെട്ടത്. ഒസാമ ബിന്‍ലാദന്റെ ചിത്രം പോസ്റ്റ് ചെയ്തതിനാണ് ബ്ലോക്ക് ഏര്‍പ്പെടുത്തിയതെന്നും കമ്പനി വിശദീകരിച്ചിരുന്നു.ഗൂഗിളിന്റെ പുതിയ പ്രഖ്യാപനം ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. സൈബര്‍ ഇടത്തില്‍ ആരും സുരക്ഷിതരല്ലെന്ന് അടുത്തിടെ നടന്ന പല സംഭവങ്ങളും തെളിയിച്ചിട്ടുള്ളതാണ്. ഗൂഗിള്‍ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ പൗരന്മാരെ നിരീക്ഷിക്കാനും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനുമായി സൈബര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്നത് അംഗീകരിച്ച് കൊടുക്കാനാവില്ലെന്ന വാദം സൈബര്‍ ലോകത്ത് തന്നെ ഉയരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close