KERALANEWS

സര്‍വ്വീസില്‍ നിന്നു വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് തിരിച്ചറിയല്‍ കാര്‍ഡ് അതത് യൂണിറ്റുകളില്‍ ലഭ്യമാക്കും

തിരുവനന്തപുരം:സര്‍വ്വീസില്‍ നിന്നു വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ അവസാനം ജോലി ചെയ്ത യൂണിറ്റില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ സൗകര്യാര്‍ത്ഥം തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായുളള സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ദിവസം തന്നെ യൂണിറ്റുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ഐ.പി.എസ് റാങ്കിലുളള ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ആസ്ഥാനത്തുനിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കും.

ഇതുവരെ കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് അതത് യൂണിറ്റുകളില്‍ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ നല്‍കി തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാം. ശാരീരിക വെല്ലുവിളി നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ആവശ്യപ്പെടുന്നപക്ഷം തിരിച്ചറിയല്‍ കാര്‍ഡ് തപാലില്‍ അയച്ചുനല്‍കാനും നിര്‍ദ്ദേശമുണ്ട്.

പോലീസ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. ക്രൈം കേസുകളില്‍ ഉള്‍പ്പെട്ട മുന്‍ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കില്ല. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിശ്ചിത മാതൃകയിലാകും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക. 10 വര്‍ഷമാണ് കാര്‍ഡിന്‍റെ കാലാവധി. എല്ലാ യൂണിറ്റുകളിലും പെന്‍ഷനേഴ്സ് ഐ.ഡി കാര്‍ഡ് രജിസ്റ്റര്‍ സൂക്ഷിക്കും. ഈ മാസം 10 മുതല്‍ കാര്‍ഡ് ലഭ്യമാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close