KERALA

സഹകരണ മേഖലയിലെ താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം മുടങ്ങില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം ഉറപ്പാക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സഹകരണ സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്റ്മാർ മുഖേനയുള്ള കളക്ഷൻ നടപടികൾ നിർത്തിവച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും ബാങ്കുകളും ദിവസ വേതന വ്യവസ്ഥയിലും കരാർ വ്യവസ്ഥയിലും ജോലിചെയ്യുന്ന ജീവനക്കാർക്ക് മാർച്ച് മാസത്തേയും ലോക്ക് ഡൗൺ നിലനിൽക്കുന്ന തുടർകാലയളവിലും അതത് മാസത്തെ പ്രവൃത്തി ദിവസം കണക്കാക്കി നിലവിൽ നൽകിവരുന്ന വേതനം ഉറപ്പുവരുത്തണമെന്ന് സഹകരണ വകുപ്പ് സർക്കുലർ പുറത്തിറക്കി. പ്രതിമാസം നിശ്ചിത തുക നിജപ്പെടുത്തിയിട്ടുള്ള താൽകാലിക ജീവനക്കാർക്ക് പ്രസ്തുത തുക ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ സംഘങ്ങളിലും ബാങ്കുകളിലും കളക്ഷൻ ഏജന്റുമാരായി ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ വേതനവും കമ്മീഷനും നൽകുന്നതിനുള്ള നടപടികൾ അതത് സംഘം ഭരണ സമിതികൾ സ്വീകരിക്കണം.  ഇപ്രകാരം വേതനവും കമ്മീഷനും കണക്കാക്കുമ്പോൾ ആകെ തുക 10,000 രൂപയിൽ താഴെയാണെങ്കിൽ പരമാവധി 10,000 രൂപ ഈ വിഭാഗം ജീവനക്കാർക്ക് പ്രതിമാസ വേതനം ഉറപ്പ് വരുത്തും. കളക്ഷൻ ഏജന്റുമാർക്ക് മെഡിക്കൽ ഇൻഷ്വറൻസ് ഏർപ്പെടുത്തിട്ടുള്ള സ്ഥാപനങ്ങൾ ആനുകൂല്യം മുടക്കം വരാതെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close