KERALANEWSTrending

സഹോദരന്റെ ബിജെപി പ്രവേശനം:പുഷ്പന്‍ നിലപാട് വ്യക്തമാക്കുന്നു

കണ്ണൂര്‍: ജ്യേഷ്ഠസഹോദരന്‍ ബിജെപി അംഗത്വമെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍. തന്റെ ഫേസ് ബുക്ക് ് പേജിലാണ് പുഷ്പന്‍ നിലപാട് വ്യക്തമാക്കിയത്. സങ്കുചിത രാഷ്ട്രീയം നടത്തുകയാണ് ബിജെപിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘തന്റെ ജ്യേഷ്ഠന്‍ പി ശശി ബിജെപിയില്‍ ചേര്‍ന്നുവെന്ന പ്രചാരണം ദുരുദ്ദേശപരമാണ്. വര്‍ഷങ്ങളായി വീടുമായോ കുടുംബവുമായോ ശശിയേട്ടന് ഒരു ബന്ധവുമില്ല. രാജേട്ടന്റെ രണ്ടു മക്കളുടെ കല്യാണത്തിന് ക്ഷണിച്ചിട്ടും ആരും പങ്കെടുത്തില്ല. വീട്ടില്‍ മദ്യപിച്ചെത്തി നിരന്തരം പ്രശ്‌നമുണ്ടാക്കുമായിരുന്നു. ശശിയേട്ടന്റെ മകന്‍ ഷിബിയുടെയും സഹോദരങ്ങളായ രാജന്‍, പ്രകാശന്‍ എന്നിവരുടെയും പേരില്‍ ചൊക്ലി പോലീസില്‍വ്യാജ പരാതിയടക്കം നല്‍കിയതാണ് ഇദ്ദേഹം.
അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന സമയത്തുതന്നെ സ്വത്ത് ഭാഗിക്കണമെന്ന് ശശിയേട്ടന്‍ ആവശ്യപ്പെട്ടു. പ്രത്യേക സ്ഥലം വേണമെന്ന് വാശിപിടിച്ചു. സ്ഥലം വിറ്റ് കിട്ടുന്ന പണം നശിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. ചീട്ടുകളി കാരണം സ്വന്തം പേരിലുണ്ടായിരുന്ന രണ്ടു സ്ഥലങ്ങള്‍ നേരത്തേ വിറ്റതാണ്. ചീട്ടുകളിച്ച് പണം നഷ്ടപ്പെട്ടാല്‍ മാനസിക വിഭ്രാന്തിയിലാവുന്നതാണ് പ്രകൃതം. ഭാര്യയും മക്കളുമായി അകന്നുകഴിയുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലെത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ മധ്യസ്ഥം പറഞ്ഞാണ് ഭാര്യവീട്ടില്‍ താമസിപ്പിച്ചത്.വൃക്കയ്ക്ക് തകരാറും പാന്‍ക്രിയാസിന് വീക്കവും കാഴ്ചക്കുറവുമുണ്ട്. രണ്ടു തവണ ഹൃദയാഘാതമുണ്ടായതാണ്. മുട്ടിനുതാഴെ തൊട്ടാല്‍ അറിയില്ല. ജ്യേഷ്ഠന് എന്തെങ്കിലും സംഭവിച്ചാല്‍ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ മാത്രമായിരിക്കും ഉത്തരവാദി. ‘എന്നാണ് പുഷ്പന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

ഞായറാഴ്ച്ച രാവിലെ തലശേരിയിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങിലാണ് പുഷ്പന്റെ സഹോദരന്‍ ശശി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close