
കക്കോടി: കൊവിഡ് പടര്‍ന്ന് പിടിക്കുന്നതിനിടെ സംസ്ഥാനത്തെ എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകമാകുന്നു. കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമ്മില്‍ നിന്ന് ഒറ്റ ദിവസം രണ്ട് അര ലിറ്റര്‍ സാനിറ്റൈസര്‍ മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഒരാള്‍ വന്ന് പണമെടുത്ത് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകി. സാമാന്യം തിരക്കുള്ള സമയമായിട്ട് കൂടി അര ലിറ്റര്‍ സാനിറ്റൈസറിന്റെ ബോട്ടിലുമെടുത്ത് ഒന്നുമറിയാത്ത പോലെ നടന്നുപോയി. രണ്ടാമത്തെയാള്‍ വന്ന് എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നത് പോലെ അഭിനയിച്ച് അവിടെയുണ്ടായിരുന്ന ഒരു കുപ്പി സാനിറ്റൈസര്‍ ഇയാളും കൊണ്ടുപോയി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നത്.ധാരാളം ആളുകള്‍ക്ക് ഉപയോഗിക്കേണ്ടതിനാല്‍ മിക്കവാറും അരലിറ്ററിന്റെ സാനിറ്റൈസറാണ് എടിഎമ്മുകളില്‍ വെക്കുന്നത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ സാനിറ്റൈസര്‍ വെച്ച് കുറഞ്ഞ നിമിഷം കൊണ്ടുത്തന്നെ മോഷണം പോകുന്നുണ്ടെന്ന് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നു.
എടിഎമ്മില്‍ സാനിറ്റൈസര്‍ ഇല്ലാതാവുന്നതോടെ കൊവിഡ് പടര്‍ന്ന് പിടിക്കുന്ന കോഴിക്കോടക്കമുള്ള ബാങ്കുകളിലേക്ക് ഇടപാടുകാര്‍ എത്തി ജീവനക്കാരോട് കയര്‍ക്കുന്നത് പതിവാകുകയാണ്.അങ്ങനെയാണ് ജീവനക്കാര്‍ സിസിടിവി പരിശോധിച്ചതും സാനിറ്റൈസര്‍ മോഷണം കൈയ്യോടെ പിടികൂടിയതും. ഇതുവരെ പോലീസിലൊന്നും പരാതി നല്കിയില്ലെങ്കിലും ഇങ്ങനെ തുടര്‍ന്നാല്‍ മറ്റ് വഴിയില്ലെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്.