സാമൂഹിക മാധ്യമങ്ങളെ സമരായുധമാക്കുക: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: അച്ചടി-ദൃശ്യ മാധ്യമങ്ങളെപ്പോലെ സാമൂഹ്യമാധ്യമങ്ങളെയും ബിജെപിക്കും വലതുപക്ഷ ശക്തികൾക്കും അനുകൂലമാക്കാൻ ധനമൂലധന ശക്തികൾ ശ്രമിക്കുകയാണ്. ഫേസ്ബുക്കിന്റെയും വാട്ട്സാപ്പിന്റെയും ഇന്ത്യയിലെ പ്രവർത്തനം ബിജെപിക്ക് അനുകൂലമാക്കാൻ ഇവയുടെ മേധാവികളെ സ്വാധീനിച്ചെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ട്. സാമൂഹ്യമാധ്യമങ്ങളെ ബിജെപിക്ക് അനുകൂലമാക്കാൻ കോർപ്പറേറ്റ് ശക്തികളാണ് സംവിധാനമൊരുക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാധ്യമപ്രചാരണത്തിനുമാത്രം ബിജെപി 325 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ ഏറിയ പങ്കും സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനാണ് ഉപയോഗിച്ചത്.
ഇടതുപക്ഷത്തിനും സിപിഐ എമ്മിനും കേരളത്തിൽ സംസ്ഥാന സർക്കാരിനുമെതിരെ നുണപ്രചാരണം നടത്താനാണ് വലതുപക്ഷം സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നത്. ധനമൂലധന ശക്തികളാണ് ഇതിന് സഹായം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ വസ്തുതകൾ കൃത്യമായി ജനങ്ങളിലെത്തിക്കുകയാണ് ഓരോ ഇടതുപക്ഷ പ്രവർത്തകന്റെയും കടമ.