KERALANEWS

‘സാമൂഹിക വിരുദ്ധ സംഘങ്ങളുമായി സമ്പർക്കം’: അർജുൻ ആയങ്കി ഉപയോ​ഗിച്ച കാറിന്റെ ഉടമ സജേഷിനെ പുറത്താക്കി ഡിവൈഎഫ്ഐ

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗമായ അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയായ സജേഷിനെ പ്രാഥമിക അം​ഗത്തിൽ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്‌ഐ. ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായി സജേഷിനെ പുറത്താക്കിയതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജന്‍ അറിയിച്ചു.

സംഘടനയ്ക്ക് യോജിക്കാത്ത തരത്തില്‍ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നു. വിഷയത്തിൽ ഡിവൈഎഫ്ഐ പ്രതിസന്ധിയിലായതോടെയാണ് നടപടി സ്വീകരിച്ചത്.

തന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയത് എന്ന് കാണിച്ച് സജേഷ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാർ കാണാതായതിന് തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി സജീഷ് പരാതി നൽകിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടത് സജേഷിന്റെ കാർ തന്നെയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

സജേഷിന്റെ കാർ എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്നത് സംബന്ധിച്ച പൂർണ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സജേഷിന് ഇത്തരത്തിൽ ഒരു കാറുളള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നുവെന്ന് നേരത്തെ മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വന്ന വിവരം. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി മുഖ്യ കണ്ണിയെന്നാണ് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close