സാമ്പത്തിക പ്രതിസന്ധിയല്ല സര്‍ക്കാരിന്റെ പ്രതിഛായ , അതാണ് മുഖ്യം

തിരുവനന്തപുരം: പ്രശസ്തി ഒട്ടുമിഷ്ടമല്ലാത്തതുകൊണ്ടാവാം ഒരുകാലത്ത് മാധ്യമങ്ങളോട് കടക്ക് പുറത്തെന്നു പറഞ്ഞൊരു കാലം പിണറായി സഖാവിനുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കടുക്കുന്നതിനിടെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുളള പബ്ലിസിറ്റി കൂട്ടാനൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് വന്‍ പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ദേശീയതലത്തില്‍ പ്രവര്‍ത്തനപരിചയമുളള പുതിയ ഏജന്‍സിയെ കൊണ്ടുവരാനാണ് നീക്കം. ഇതിനായുളള പ്രാഥമിക നടപടിക്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പദ്ധതി ചെലവുകള്‍ ഉള്‍പ്പടെ വെട്ടികുറച്ച് ചെലവ് ചുരുക്കല്‍ നടപടികളുമായി മുന്നോട്ട് പോകവെയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു തീരുമാനം വരുന്നത്. നിലവില്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന് പി.ആര്.ഡിയും സി-ഡിറ്റുമുണ്ട്. ഇതുകൂടാതെ ഓരോ പദ്ധതികള്‍ക്കായി ചെറുകിട പി ആര് ഏജന്‍സികളുമുണ്ട്. ഇതിന് പിന്നാലെയാണ് ദേശീയതലത്തിലുള്ള പുതിയ പി.ആര് ഏജന്‍സി വരുന്നത്. ഏജന്‍സിയെ തിരഞ്ഞെടുക്കാനുളള റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ പി.ആര്.ഡി അംഗീകരിച്ചിട്ടുണ്ട്. ഇതിനായി ഇവാല്വേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.അതേസമയം ദേശീയ ഏജന്‍സിക്കായി എത്ര തുകയാകും ചെലവാക്കുക എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പി.ആര് ഏജന്‍സികളെ കൊണ്ട് പണിയെടുപ്പിക്കുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിനിടെ പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് വരുംദിവസങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ഇതിനിടയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
സ്വര്‍ണക്കള്ളക്കടത്ത്, മയക്കുമരുന്ന് വിവാദം, ലൈഫ്മിഷന് കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടില്‍ ആണ്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനുമാണ് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്റെ ആരോപണം. നല്ല ‘കാപ്സ്യൂളുകള്‍’ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്താനാണു കോടികള്‍ മുടക്കി ഏജന്‍സിയെ നിയമിക്കുന്നതെന്നു കുറ്റപ്പെടുത്തിയ സതീശന്, അറേബ്യന്‍ നാടുകളിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടുവന്നു തളിച്ചാലും ഈ ദുര്‍ഗന്ധം മാറുമോ എന്നും ചോദിക്കുന്നു.