INSIGHTNEWS

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താം, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാം

സങ്കീര്‍ണമായ പല മാനങ്ങളുള്ള പ്രതിഭാസമാണ് ദാരിദ്ര്യം. അതിന്റെ നിര്‍വചനവും വ്യാപ്തി അളക്കലും സങ്കീര്‍ണമാണെന്നു മാത്രമല്ല, എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമാകണമെന്നുമില്ല. ദാരിദ്ര്യനിര്‍മാര്‍ജനം എന്ന ലക്ഷ്യവും, അതിനേതിരെയുള്ള നടപടികളും ഇന്ന് ആഗോളതലത്തില്‍ത്തന്നെ മുഖ്യ ചര്‍ച്ചാവിഷയമായിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തിയാല്‍ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാം എന്ന നിഗമനത്തില്‍ എത്തിയ ലോകബാങ്കും മറ്റു ധനകാര്യ ഏജന്‍സികളും വികസ്വര രാജ്യങ്ങള്‍ക്ക് ധനസഹായം, നയപരിപാടികള്‍ വഴിയുള്ള ഇടപെടല്‍ എന്നിവയ്ക്ക് മുന്‍ഗണന നലല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമാണ് ഒക്ടോബര്‍ 17. ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടത്തിനെ കുറിക്കുന്ന ദിനമാണ് ഇത്. ലോകത്തില്‍ ആകമാനം 100 കോടിയോളം ജനങ്ങളാണ് ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നരകയാതന അനുഭവിക്കുന്നത്. ദിവസം ഒരു ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണ് ലോകബാങ്ക് ദരിദ്രരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍, ലോകത്തില്‍ രണ്ടാമത്തെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 27.5 ശതമാനം ജനങ്ങളും ദരിദ്രരാണ്. 1992 ലാണ് ഐക്യരാഷ്ട്രസഭ ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം ആചരിച്ചു തുടങ്ങിയത്. ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനായി 1987 ഒക്ടോബര്‍ 17 ന് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പ്രതിജ്ഞ എടുത്തതിന്റെ സ്മരണ പുതുക്കിയാണ് ഇതേ ദിനം തന്നെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനദിനമയി ആചരിക്കുന്നത്. ലോകത്ത് ഒരു വര്‍ഷം നടക്കുന്ന മരണങ്ങളില്‍ മൂന്നിലൊന്നും ദാരിദ്ര്യം മൂലമാണെന്നാണ് കണക്കാക്കുന്നത്. ലോകത്ത് ഇന്ന് 100 കോടിയോളം പേര്‍ വേണ്ടത്ര ആഹാരമില്ലാതെ വിഷമിക്കുമ്പോള്‍ പോഷകാഹാരങ്ങളില്ലാതെയും ഭക്ഷണമില്ലാതെയും ലക്ഷക്കണക്കിനു കുട്ടികള്‍ മരിക്കുന്നു. ദാരിദ്ര്യം എന്ന പ്രതിഭാസത്തെ നിര്‍വചിച്ചിരിക്കുന്നതു തന്നെ പല തരത്തിലാണ്.

മനുഷ്യോചിതമായ നിലനില്പിന് ആവശ്യമായ മിനിമം അടിസ്ഥാനം ജീവിതാവശ്യങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയെ പ്രാഥമിക ദാരിദ്ര്യം എന്ന് വിളിക്കുന്നു. ജീവിതം നിലനിര്‍ത്താനാവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം എന്നിവ ലഭ്യമല്ലാത്ത അവസ്ഥയെ കേവല ദാരിദ്ര്യം എന്നു വിളിക്കാം. എന്നാല്‍ സമൂഹത്തില്‍ ജനങ്ങള്‍ പല തട്ടിലാണ് ജീവിക്കുന്നത്. മുകള്‍ത്തട്ടിലുള്ളവരുടെ ജീവിതസ്ഥിതി ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങളുടെ സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ആപേക്ഷിക ദാരിദ്ര്യം എന്ന പ്രതിഭാസം തെളിയുന്നത്. സാമ്പത്തിക പുരോഗതി ഉണ്ടാകുമ്പോള്‍, ആപേക്ഷിക ദാരിദ്ര്യം ഓരോ തട്ടിലുമുള്ള ജനവിഭാഗങ്ങളെ ബാധിക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഈ നിര്‍വചനം സഹായിക്കുന്നു.ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2010 ല്‍ ലോകബാങ്ക് പുറത്തു വിട്ട കണക്കു പ്രകാരം, ഇന്ത്യയിലെ 32.7 ശതമാനം ആളുകള്‍ അന്താരാഷ്ട്ര ദാരിദ്ര്യ രേഖക്കു താഴെയാണ്. 26 ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളതിനേക്കാള്‍ ദരിദ്രര്‍ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലുണ്ട് എന്നാണ് ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്പ്മെന്റ് എന്ന സംഘടനയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്രം ദാരിദ്ര്യം അനുഭവിക്കുന്ന ഈ രാജ്യത്തെ നേതാക്കള്‍ പക്ഷെ 3000 കോടി മുടക്കിയത് ഒരു പ്രതിമയ്ക്കു വേണ്ടിയാണ്. ജനങ്ങള്‍ ദരിദ്രരാകുന്നതിനു കാരണം അവര്‍ക്ക് തൊഴിലില്ല, വരുമാനമില്ല, ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല എന്നതാണ്.

ദാരിദ്ര്യവും അസമത്വവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഇതില്‍ ഒരു പ്രശ്നം പരിഹാരിച്ചാല്‍ത്തന്നെ മറ്റേ പ്രശ്നം പരിഹരിക്കപ്പെടണമെന്നില്ല. ഇന്ന് സമൂഹത്തില്‍ വിവിധ തലങ്ങളില്‍ സങ്കീര്‍ണമായ വിവേചനവും അസമത്വവും അനീതിയും നിലനില്ക്കുന്നു. വര്‍ഗം, ലിംഗം, ജാതി, മതം എന്നിങ്ങനെ പല ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ പല തട്ടുകളായി വിഭജിച്ചു നിര്‍ത്തിയിരിക്കുന്നു. പൊതുവേ പറഞ്ഞാല്‍, ദാരിദ്ര്യത്തിന്റെ നിലവാരത്തിലും വിതരണത്തിലും അസമത്വം നിലനില്ക്കുന്നു. ഉദാഹരണത്തിന്, ആദിവാസികള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, പിന്നോക്ക ജാതികള്‍, ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍, മുക്കുവര്‍, തെങ്ങുകയറ്റത്തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍, പൂര്‍ണമായും തൊഴിലില്ലാത്തവര്‍ എന്നിവരൊക്കെ തന്നെ ദാരിദ്ര്യത്തിന്റെ പിടിയിലാണ്.

ജീവിതത്തില്‍ അനുഭവപ്പെടുന്നതും ഏതു സമയത്തും ഉണ്ടായേക്കാവുന്നതുമായ ശാരീരിക-മാനസിക-സാമൂഹിക-സാമ്പത്തിക പരാധീനതകള്‍ക്ക് തക്കസമയത്ത് പരിഹാരം നല്കി നീതിയും പരിരക്ഷയും നല്കുന്ന സ്ഥിതി ഉണ്ടായാലേ ദാരിദ്ര്യം എന്ന പ്രതിഭാസത്തെ പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയൂ എന്ന് ചിലര്‍ വാദിക്കുന്നു. പട്ടിണി, ദാരിദ്ര്യം, അനാരോഗ്യം, തൊഴിലില്ലായ്മ, പ്രസവം, കുട്ടികളുടെ പരിചരണം, അപകടങ്ങള്‍, മുറിവുകള്‍, ശാരീരിക അംഗവൈകല്യം, മാനസികാരോഗ്യത്തകര്‍ച്ച, മാറാരോഗങ്ങള്‍, വൈധവ്യം, വാര്‍ധക്യം എന്നിവ സമൂഹത്തിലെ സമ്പന്നരുടെ കാര്യത്തിലൊഴികെ പരിഹരിക്കാന്‍ വിഷമമുള്ള പ്രതിഭാസങ്ങളാണ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ആദിവാസികള്‍, പരമ്പരാഗത കൃഷി-വ്യവസായം-മത്സ്യബന്ധനം എന്നീ മേഖലകളില്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി രാപ്പകല്‍ അധ്വാനിക്കുന്നവര്‍, പരമദരിദ്രര്‍ എന്നിവര്‍ അടങ്ങുന്ന ഒരു സമൂഹമാണ് ഇന്ത്യയില്‍ ഉള്ളത്. ഇവരൊക്കെ ദാരിദ്ര്യത്തിന്റെ പിടിയിലാണെന്നു പറയുന്നതില്‍ തെറ്റില്ല.

മേല്പറഞ്ഞ വിഭാഗങ്ങളെ പൊതുവായി രണ്ടായി തരം തിരിക്കാം. ഒന്ന്, ‘പ്രവൃത്തിയെടുക്കുന്ന ദരിദ്ര വിഭാഗം’. അവര്‍ക്ക് തൊഴിലുണ്ട്, എന്നാല്‍ ദാരിദ്ര്യം വിട്ടുമാറിയിട്ടില്ല. രണ്ട്, ‘പ്രവൃത്തിയെടുക്കാത്തതും പ്രവൃത്തിയെടുക്കാനുള്ള വിദ്യാഭ്യാസമോ കരുത്തോ കഴിവോ ഇല്ലാത്തതുമായ ദരിദ്ര വിഭാഗം’. അവര്‍ക്ക് തൊഴിലില്ല. പട്ടിണിയും ദാരിദ്ര്യവും അവരുടെ മുഖമുദ്രയാണ്. ചുരുക്കത്തില്‍, ‘ദാരിദ്ര്യം’ എന്ന പ്രതിഭാസം പലരെയും പലവിധത്തിലാണ് ബാധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ദാരിദ്ര്യത്തെ കൃത്യതയോടെ നിര്‍വചിക്കാനും അളക്കാനും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ തയ്യാറാക്കാനും വളരെ ബുദ്ധിമുട്ടാണ്.ദാരിദ്ര്യനിര്‍മാര്‍ജന നടപടികള്‍ എടുക്കണമെങ്കില്‍ ദാരിദ്ര്യത്തിന്റെ യഥാര്‍ഥ ആഴം അളക്കേണ്ടതുണ്ട്. അതിന് പ്രത്യേക സൂചികകള്‍ നിര്‍മിക്കേണ്ടിവരും. സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ച് വിശകലനം ചെയ്യണം; ദാരിദ്ര്യം പ്രത്യക്ഷമായും പരോക്ഷമായും ദൂരീകരിക്കുന്നതിനുവേണ്ട നടപടികള്‍ ആവിഷ്‌കരിച്ച് ഗുണഭോക്താക്കളെ കണ്ടുപിടിച്ച് നടപ്പാക്കണം.
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എ.ഡി.ബി.) ഒരു പഠനത്തില്‍ ദക്ഷിണ പൂര്‍വ ഏഷ്യന്‍ മേഖലയിലെ ദരിദ്രരാണ് ലോക ദരിദ്രജനതയില്‍ ഭൂരിഭാഗവും. ഇതില്‍ ഇന്ത്യ മുന്‍പന്തിയില്‍ നില്ക്കുന്നു. ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക വികസന ചരിത്രം നോക്കിയാല്‍ ദാരിദ്ര്യനിര്‍മാര്‍ജനം തൃപ്തികരമല്ല. ആദ്യ രണ്ട് പതിറ്റാണ്ടുകളില്‍ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ 1970-നുശേഷം ആ വര്‍ധനവില്‍ കുറവ് വന്നിട്ടുണ്ട്. 1974-ല്‍ ഗ്രാമതലത്തില്‍ ദരിദ്രരുടെ ശതമാനം 55.7 ആയിരുന്നത് 1991-ല്‍ 37.4 ശതമാനമായി കുറഞ്ഞു. നഗരതലത്തിലാണെങ്കില്‍ ഇത് 48 ശതമാനത്തില്‍നിന്ന് 33.2 ശതമാനമായി. 1978-87 കാലത്താണ് ദരിദ്രരുടെ എണ്ണം സാരമായി കുറഞ്ഞത്. 1991-നുശേഷമുള്ള മാറ്റം വലിയ തര്‍ക്കവിഷയമായി തുടരുന്നു. ഇക്കാലത്താണ് പുത്തന്‍ സാമ്പത്തികനയം ഇന്ത്യ നടപ്പിലാക്കിത്തുടങ്ങിയത്. ഔദ്യോഗിക കണക്കുകളെക്കുറിച്ചും എ.ഡി.ബി. സംശയം പ്രകടിപ്പിക്കുന്നുണ്ട്. ലോകബാങ്ക് മുതലായ ഏജന്‍സികള്‍ തയ്യാറാക്കിയ കണക്കുകള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളുമായി ചേര്‍ന്നുപോകുന്നില്ല. എന്നാല്‍ ഗ്രാമതലത്തിലെ ദാരിദ്ര്യം നഗരതലത്തിലേതിനെ അപേക്ഷിച്ച് രൂക്ഷവും വ്യാപകവുമാണ്. അതിന്റെ ഘടനയും സ്വഭാവവും നഗരതലത്തിലേതിനെക്കാള്‍ വ്യത്യസ്തവുമാണ്. ഭൂരഹിത കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍, തൊഴില്‍രഹിതര്‍ എന്നിവരാണ് ഗ്രാമതലത്തിലെ ദരിദ്രരില്‍ ഭൂരിഭാഗവും.മിനിമം വരുമാനം, ഉപഭോഗച്ചെലവ്, കലോറി മൂല്യം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രം ഒതുങ്ങി ദരിദ്രരുടെ അനുപാതം കണക്കാക്കുന്നത് ശരിയല്ലായെന്ന് കേരളത്തിന്റെ സ്ഥിതി പഠിക്കുന്ന മിക്കവരും വാദിക്കുന്നു. ഇന്ത്യയുമായി തട്ടിച്ചുനോക്കിയാല്‍ കേരളത്തിന്റെ സ്ഥിതി വളരെ മെച്ചമാണ് എന്നു കാണാം. മാനവ വികസന സൂചിക(human Development Index-HDI)യുടെ കാര്യത്തില്‍ ഇന്ത്യയുടെ മൂല്യം 0.451 ആണെങ്കില്‍ കേരളം 0.628 എന്ന മെച്ചമായ നിലവാരത്തിലാണ്. ചൈനയില്‍ ഇത് 0.650 ആണ്. മറ്റു കണക്കുകള്‍ ഇപ്രകാരമാണ്.എല്ലാംകൊണ്ടും കേരളത്തിലെ സ്ഥിതി വളരെ മെച്ചമാണെന്നു കാണാം. ഇതിനു പ്രധാന കാരണം വിദ്യാഭ്യാസം പ്രത്യേകിച്ച് പെണ്‍കുട്ടികളുടേത്, പൊതുജനാരോഗ്യ സംവിധാനങ്ങള്‍, പൊതുവിതരണ ശൃംഖല വഴി ഉറപ്പാക്കിയ ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍ സംസ്ഥാനം നടത്തിയ ഇടപെടലുകളാണ്. കൂടാതെ ഇവിടെ ഉണ്ടായിട്ടുള്ള സാമൂഹ്യ നവോത്ഥാന നടപടികള്‍, ജനകീയ പ്രക്ഷോഭങ്ങള്‍ (popular struggles), മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച എന്നിവയും ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ ഗണ്യമായ പുരോഗതിയുണ്ടാക്കാന്‍ കേരളത്തെ സഹായിച്ചു. 1999-ല്‍ കേരളത്തില്‍ ഗ്രാമതലത്തില്‍ ദരിദ്രര്‍ ഏതാണ്ട് 9.4 ശതമാനവും നഗരതലത്തില്‍ 19.8 ശതമാനവുമായിരുന്നു. ഇവിടെ നഗരതലത്തിലാണ് ദാരിദ്ര്യം കൂടുതല്‍ എന്ന പ്രത്യേകതയുണ്ട്.കേന്ദ്ര നഗര വികസന മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയാണ് ദേശീയ ചേരി നിര്‍മാര്‍ജന പരിപാടി (National Slum Development Programme-NSDP). കേന്ദ്ര പൊതുവിതരണ വകുപ്പും ഉപഭോക്തൃ കാര്യങ്ങള്‍ക്കുള്ള മന്ത്രാലയവും കൂടി നടപ്പിലാക്കുന്ന പൊതുവിതരണ പരിപാടിയാണ് ടാര്‍ഗറ്റഡ് പബ്ളിക് ഡിസ്റ്റ്രിബ്യൂഷന്‍ സ്‌കീം (TPDS), അന്ത്യോദയ അന്ന യോജന (AAY) എന്നിവ. അനൗപചാരിക വിദ്യാഭ്യാസ പരിപാടി (Nonformal Education Programme-NFEP), നാഷണല്‍ പ്രോഗ്രാം ഫോര്‍ ന്യൂട്രീഷണല്‍ സപ്പോര്‍ട്ട് റ്റു പ്രൈമറി എഡ്യൂക്കേഷന്‍ (NPNSPE), ഓപ്പറേഷന്‍ ബ്ളാക് ബോര്‍ഡ് (OBB), സര്‍വ ശിക്ഷാ അഭിയാന്‍ (SSA) എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പും മനുഷ്യ വിഭവശേഷി മന്ത്രാലയവുമാണ്.പ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന (PMRY), റൂറല്‍ എപ്ലോയ്മെന്റ് ഗാരന്റി പ്രോഗ്രാം (REGP) എന്നിവ കേന്ദ്ര കാര്‍ഷിക ഗ്രാമീണവ്യവസായ മന്ത്രാലയത്തിന്റെ ചുമതലയിലാണ്. മറ്റു വിവിധ വകുപ്പുകളുടെ ചുമതലയില്‍ വരുന്ന പദ്ധതികള്‍ രാസവളങ്ങള്‍ക്കുള്ള റിറ്റെന്‍ഷന്‍ പ്രൈസ് സ്‌കീം (RPS), സ്പെഷ്യല്‍ സെന്‍ട്രല്‍ അസ്സിസ്റ്റന്‍സ് റ്റു സ്പെഷ്യല്‍ കമ്പോണന്റ് പ്ലാന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സ്‌കീം (ICDS) എന്നിവയാണ്.കേരളത്തില്‍ ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി തുടങ്ങിയ ചില പദ്ധതികളാണ് സ്വയം സഹായസംഘങ്ങള്‍ (Self-Help Groups-SHG), കുടുംബശ്രീ എന്നിവ. ദാരിദ്ര്യനിര്‍മാര്‍ജനം ഊര്‍ജിതപ്പെടുത്താന്‍ വികേന്ദ്രീകൃത ഭരണവും ആസൂത്രണവും മുന്‍ഗണന നല്കുന്നു. ഇതില്‍ ശ്രദ്ധേയമായ വിജയം കണ്ടെത്തിയിട്ടുണ്ട്. ദരിദ്രരുടെ പങ്കാളിത്തമില്ലാതെ ഇന്ത്യയിലും കേരളത്തിലും മറ്റൊരിടത്തും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ വിജയിപ്പിക്കാന്‍ കഴിയില്ല എന്ന വിശ്വാസം ഇന്ന് ഏതാണ്ട് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.എന്തായാലും ഈ പറഞ്ഞ പദ്ധതികളിലൂടെ നമ്മള്‍ ഒരുമിച്ചു നിന്നാല്‍ ദാരിദ്ര്യത്തെ നമുക്ക് കുറയ്ക്കുവാന്‍ സാധിക്കും എന്ന് ഉറച്ച വിശ്വാസമുണ്ട്.ദാരിദ്ര്യ നിര്‍മാര്‍ജ്ജന ദിനമായ ഇന്ന് നമുക്ക് അതിനു വേണ്ടി ഒരുമിക്കാം .

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close