
മലപ്പുറം: സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലീം ലീഗ് നേതാവും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായങ്ങള്‍ക്ക് ഏറെ ദോഷകരമായ രീതിയിലാണെന്നുപറഞ്ഞ അദ്ദേഹം തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വരുന്ന 28ന് എറണാകുളത്ത് ചേരുന്ന പിന്നാക്ക വിഭാഗങ്ങളുടെ യോഗം സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവരണ പ്രശ്നത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മലപ്പുറത്തുചേര്‍ന്ന മുസ്ളിം സംഘടനകളുടെ സംയുക്തയോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി’സംവരണ സമുദായങ്ങള്‍ ഇപ്പോഴും പിന്നാക്ക അവസ്ഥയില്‍ തന്നെയാണ്. അവകാശത്തിന്മേലുളള കടന്നുകടന്നുകയറ്റമാണിത്. പിന്നാക്ക സംവരണത്തിന്റെ കടയ്ക്കല്‍ സര്‍ക്കാര്‍ കത്തിവച്ചിരിക്കുകയാണ്. സംവരണത്തില്‍ ആശങ്കയുളളത് മുസ്ളിം സംഘടനകള്‍ക്ക് മാത്രമല്ല. അതിനാലാണ് എല്ലാ പിന്നാക്ക സംഘടനകളുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ കൈക്കൊളളന്‍ തീരുമാനിച്ചത്’ -അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നകാര്യത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇതില്‍ സാമൂഹ്യ പ്രശ്നമുണ്ടെന്നും താഴേത്തട്ടിലുളളവരുടെ സാഹചര്യംകൂടി പരിഗണിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.