
ലഖ്നൗ:ഹാഥ്റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ധീഖ് കാപ്പനെ കൂടുതല്‍ കേസിലുള്‍പ്പെടുത്തി യുപി പൊലീസ്. ഹാഥ്റസില്‍ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മറ്റൊരു രാജ്യദ്രോഹക്കേസിലും സിദ്ധീഖിനെ പ്രതി ചേര്‍ത്തു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെയും കേസിലുള്‍പ്പെടുത്തി. പൗരത്വ നിയമ ഭേദക്കെതിരായ സമരത്തിന്റെ പേരില്‍ കലാപം, വധശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്തുള്ള കേസില്‍ ഇവരിലൊരാളായ അതീഖു റഹ്മാനെയും പൊലീസ് പ്രതി ചേര്‍ത്തു.
സിദ്ധീഖ് കാപ്പനെയും കാമ്പസ് ഫ്രണ്ടിന്റെ മൂന്ന് പ്രവര്‍ത്തകരും യുഎപിഎ കേസില്‍ അറസ്റ്റില്‍ കഴിയവെയാണ് മറ്റൊരു രാജ്യദ്രോഹകേസില്‍ കൂടി യുപി പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഹാഥ്റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്ര മധ്യേയാണ് സിദ്ധീഖ് കാപ്പനെ പൊലീസ് പിടികൂടിയത്. ഹാഥ്റസ് സംഭവത്തിന്റെ മറവില്‍ കലാപമുണ്ടാക്കാന്‍ നടക്കുന്ന അന്താരാഷ്ട്ര ഗൂഞാലോചനയില് പങ്കാളികളാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇതേ ആരോപണം ഉന്നയിച്ച് ഹാഥ്റസിലെ ചാന്ദ്പാ പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ കൂടിയാണ് ഇവരെ ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
ഇവര്‍ക്കായി പ്രൊഡക്ഷന്‍ വാറണ്ടും ചാന്ദ്പാ പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മഥുര ജയിലില്‍ കഴിയുന്ന ഇവരെ ഹാഥ്റസിലേക്ക് കൊണ്ടുപോകും. ഇവരിലൊരാളായ മുസഫര്‍നഗര്‍ സ്വദേശിയായ അതീഖു റഹ്മാനെ സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാക്കി. കലാപം, വധശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്തുള്ളതാണ് കേസ്. അതീഖു റഹ്മാന് വേണ്ടി മുസഫര്‍ നഗര്‍ പൊലീസും പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.