MoviesTrending

സിനിമയിലെ അധോലോകം: സ്വര്‍ണസ്വപ്‌നങ്ങളുടെ തിരയാട്ടങ്ങള്‍

മലയാളത്തില്‍ മന്ത്രിയുടെ ഓഫീസിനും മന്ത്രിപുത്രനും പങ്കുള്ള സ്വര്‍ണക്കള്ളക്കടത്ത് വിഷയമായി മെഗാഹിറ്റായ സിനിമ എസ്എന്‍സ്വാമി തിരക്കഥ ഒരുക്കി കെ.മധു മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത അരോമയുടെ ഇരുപതാം നൂറ്റാണ്ടാണ്. രാഷ്ട്രീയവും അധോലോകവും തമ്മിലുളള അവിശുദ്ധബന്ധവും വിമാനത്താവളം വഴിയുള്ള കള്ളക്കടത്തുമൊക്കെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പ്രമേയം. സമീപകാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ ഡിപ്‌ളോമാറ്റിക് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സിനിമാപ്രേമികളില്‍ പലര്‍ക്കും ഇരുപതാംനൂറ്റാണ്ടിനെയും സാഗര്‍ ഏലിയാസ് ജാക്കിയെയും ഓര്‍മ്മവരുന്നതിനെ കുറ്റം പറയാനാവില്ല. അത്രയ്ക്ക് സാമ്യമുണ്ട് സാഗറിനും സ്വര്‍ണക്കേസിലെ പ്രതികളായ സന്ദീപിനും സരിത്തിനുമൊക്കെ. എന്നാലിപ്പോള്‍ ദുബായിയില്‍ പിടിയിലായ ഫൈസല്‍ ഫരീദിന്റെ സിനിമാബന്ധങ്ങള്‍ പുറത്തുവരുമ്പോള്‍ മലയാള സിനിമാരംഗം തന്നെ ഞെട്ടുന്ന അവസ്ഥയിലാണ്. ഫൈസല്‍ പ്രൊമോട്ടറായി പ്രഖ്യാപിച്ച ന്യൂജനറേഷന്‍ സിനിമകളില്‍ അടുത്തിടെ വിവാദമായ ഒരു ചിത്രവും ഉള്‍പ്പെടുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട സംവിധായകനെയും നടിയേയും പറ്റി കൂടി അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ബിജെപി നേതാവ് എം.ടി.രമേശ് പ്രസ്താവനയുമായി മുന്നോട്ടു വന്നു കഴിഞ്ഞു. അടുത്തിടെ നിര്‍മാതാക്കള്‍ എന്ന നിലയ്ക്ക് നടി ഷംന കാസിമിനെ ഫോണ്‍ വിളിച്ച് സ്വര്‍ണക്കടത്തിന് സഹായിച്ചാല്‍ വന്‍ പ്രതിഫലം നല്‍കാമെന്നു വാഗ്ദാനം ചെയ്ത കേസില്‍ പ്രതികളായവര്‍ക്കും ഇപ്പോള്‍ എന്‍ഐഎ അന്വേഷിക്കുന്ന വിമാനത്താവള സ്വര്‍ണക്കടത്തു കേസുമായി ബന്ധമുണ്ടെ് എന്ന നിലയ്ക്കാണ് അന്വേഷണം നീങ്ങുന്നതത്രേ.
ആഡംബര കാറുകളുപയോഗിച്ചു കാലങ്ങളായി നടത്തിപ്പോന്ന സ്വര്‍ണക്കടത്ത് സംസ്ഥാന പൊലീസിന്റെ വാഹനപരിശോധന കര്‍ക്കശമായതോടെ ബുദ്ധിമുട്ടായപ്പോഴാണ് കടത്തിന് പുതിയ മാര്‍ഗങ്ങള്‍ സംഘം തേടിത്തുടങ്ങിയത്. അങ്ങനെയാണ് താരങ്ങളെ വിദേശത്തേക്കും തിരികെയും കൊണ്ടുവരികയും അവര്‍ സഞ്ചരിക്കുന്ന ആഡംബരവാഹനങ്ങളില്‍ അവരറിഞ്ഞും അറിയാതെയും വേണ്ടത് കടത്തുകയും ചെയ്യുക എന്ന രീതി അവലംബിക്കപ്പെട്ടത്. നടന്‍ ധര്‍മ്മജനോട് വിളിച്ചയാള്‍ കള്ളക്കടത്തുകാരനാണെന്നും സഹകരിച്ചാല്‍ വന്‍ തുക നല്‍കാമെന്നും വാഗ്ദാനം ചെയ്തത് അദ്ദേഹം കാര്യമായി എടുത്തില്ലെങ്കിലും ഇത്തരത്തിലുള്ള നീക്കത്തിനു തന്നെയായിരിക്കാം സംഘം ശ്രമിച്ചത് എന്ന നിലയിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷംനയെ തന്നെ കാരിയര്‍ എന്ന നിലയക്ക് കാറില്‍ യാത്രികയായി ഉപയോഗിക്കുകയും സെലിബ്രിറ്റികളുടെ വാഹനം എന്ന നിലയ്ക്ക് പൊലീസ് പരിശോധനകളില്‍ ഇളവു നേടി കള്ളക്കടത്ത് അഭംഗുരം തുടരുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍, വിവാഹാലോചന എന്ന മിട്ടില്‍ ബന്ധപ്പെടുകയും ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതില്‍ സംശയം തോന്നി ഷംന പൊലീസില്‍ പരാതിപ്പെടുന്നതോടെയാണ് ഗൂഢാലോചന പൊളിയുന്നത്.
മലയാളത്തിലെ ഏതു കുറ്റാന്വേഷണ സിനിമയേയും വെല്ലുന്ന തിരക്കഥയാണ് എന്‍ഐഎയുടെയും കസ്റ്റംസിന്റെയും അന്വേഷണത്തില്‍ വെളിപ്പെടുന്നത്. 1969ല്‍ എ.ബി രാജ് സംവിധാനം ചെയ്ത് പുറത്തുവന്ന പ്രേംനസീര്‍ നായകനായ ഡെയ്ഞ്ചര്‍ ബിസ്‌കറ്റ് എന്ന സിനിമയുടെ കഥയില്‍ നിന്ന് ഏറെ വ്യത്യാസമൊന്നുമില്ല സമകാലിക കള്ളക്കടത്തു കേസില്‍ പുറത്തുവരുന്ന വസ്തുതകള്‍ എന്നത് യാദൃച്ഛികമെങ്കിലും രസകരമാണ്.
മലയാള സിനിമയില്‍ കള്ളപ്പണ നിക്ഷേപം വ്യാപകമാവുന്നതിനെപ്പറ്റി വര്‍ഷങ്ങള്‍ക്കു മുമ്പേ ആക്ഷോപമുയര്‍ന്നിട്ടുള്ളതാണ്. അന്തരിച്ച ജയന്റെ ഛായയുമായി വന്ന് വില്ലനും പിന്നീട് ഹാസ്യനടനുമൊക്കെയായിത്തീര്‍ന്ന നടന്‍ ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങിയ ചിത്രത്തെച്ചൊല്ലി ഇത്തരത്തില്‍ ആരോപണം വ്യാപകമായിരുന്നു. മുംബൈ അധോലോകത്തിന്റെ വരെ ബെനാമി നിക്ഷേപം മലയാള സിനിമയില്‍ നടക്കുന്നുണ്ടെന്ന് അന്ന് വാര്‍ത്തകളുണ്ടായിരുന്നു. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് പുറത്തുവന്നപ്പോഴും മലയാള സിനിമയിലെ അധോലോക ബന്ധം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊച്ചിയിലെ ഫ്‌ളാറ്റിലെ മയക്കുമരുന്നു പാര്‍ട്ടിക്കിടെ ഒരു യുവനടനെ പൊലീസ് കയ്യോടെ പിടികൂടിയതിനെത്തുടര്‍ന്നുള്ള അന്വേഷണം സെലിബ്രിറ്റികളുടെ ഇഷ്ടത്താവളങ്ങളായ ചില ലഘുഭക്ഷണശാലകളെ ചുറ്റിപ്പറ്റി കൊച്ചിയില്‍ സജീവമാകുന്ന മയക്കുമരുന്നു മാഫിയയിലേക്കു നീണ്ടതാണ്. ഗോവയിലേക്കു വരെ വേരുകളുണ്ടെന്നു വാര്‍ത്തകള്‍ വന്ന പ്രസ്തുത കേസിന്റെയൊക്കെ അന്വേഷണം പിന്നീട് കാര്യമായ പുരോഗതി നേടിയില്ല. എന്നാല്‍, ഫൈസലിന്റെ അറസ്റ്റോടെ പുറത്തുവരുന്ന വസ്തുതകള്‍ മലയാള സിനിമയ്ക്ക് രാജ്യാന്തര കള്ളക്കടത്തു ശൃംഖലയുമായി വരെയുള്ള ബന്ധങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്.

Show More

Related Articles

Back to top button
Close