KERALANEWSTop News

സിപിഎം-ബിജെപി കൂട്ടുകെട്ട് പുല്ലാനികോട്ട മല ബെല്ലാരി റെഡ്ഡിക്ക് അടിയറ വെയ്ക്കുന്നു; ഖനന രാജാവിന് കാവല്‍ നില്‍ക്കുന്ന മോഡി-പിണറായി കൂട്ടുകെട്ടിനെതിരെ ഒന്നിക്കണമെന്നും സിപിഐ മാവോയിസ്റ്റ്; പോസ്റ്ററും ലഘുലേഖയും ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിൽ

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഖനന നീക്കമെന്ന് ആരോപിച്ച് മാവോയിസ്റ്റുകൾ. സിപിഐ മാവോയിസ്റ്റുകളുടെ പേരിലാണ് ഇത് സംബന്ധിച്ച് പോസ്റ്ററുകളും ലഘുലേഖയും പ്രചരിക്കുന്നത്. സിപിഐഎം-ബിജെപി കൂട്ടുകെട്ട് പുല്ലാനി കോട്ട മല ഖനനരാജാവായ ബെല്ലാരി റെഡ്ഡിക്ക് അടിയറ വെയ്ക്കുകയാണുണ്ടായതെന്ന് പോസ്റ്ററുകളില്‍ കുറ്റപ്പെടുത്തുന്നു. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ പ്രചരിക്കുന്നത്.

ചക്കിട്ടപ്പാറ മുതുകാട് പ്രദേശത്ത് ഇരുമ്പ് അയിര് ഖനനം ചെയ്യാനുള്ള പദ്ധതി വര്‍ഷങ്ങളായി വിവാദത്തിലാണ്. പദ്ധതി ഉപേക്ഷിക്കപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിപിഐഎമ്മും ബിജെപിയും ചേര്‍ന്ന് റെഡ്ഡി ഗ്രൂപ്പിനെ ചക്കിട്ടപ്പാറയില്‍ കൊണ്ടുവരുകയാണെന്ന ആരോപണം മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്നത്.

സംസ്ഥാന സര്‍ക്കാരും, പഞ്ചായത്ത് ഭരണ സമിതിയും ചുവപ്പ് പരവതാനി വിരിച്ച് ബെല്ലാരി റെഡ്ഡിയെ ആനയിച്ചു. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും അതിവേഗം പെര്‍മിഷന്‍ വാങ്ങിയെടുക്കാന്‍ ഖനന രാജാവിന് ഒരു ബുദ്ധിമുട്ടും വേണ്ടി വന്നില്ല. സിപിഐഎം സംഘടനാ സംവിധാനം ഉപയോഗിച്ച് ബെല്ലാരി റെഡ്ഡിക്ക് വേണ്ടി കുടിയൊഴിപ്പിക്കല്‍ നടത്തുകയാണെന്നും സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റി ആരോപിക്കുന്നു.

സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ ലഘുലേഖ

“ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസ്റ്റ് വിടുനായ ബെല്ലാരി റെഡ്ഡിയെ ചക്കിട്ടപ്പാറയില്‍ കാലുകുത്താന്‍ അനുവദിക്കരുത്

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് പ്രദേശത്ത് ജനങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടും പ്രകൃതി ദത്തമായ മല ഇടിച്ച് നിരത്തിയും പാരിസ്ഥിതികവും, കാര്‍ഷികവുമായി തന്ത്രപ്രധാനമായ ഈ പ്രദേശത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഖനനമാഫിയയും, ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ വിടുനായയുമായ ബെല്ലാരി റെഡ്ഡിക്ക് തീറെഴുതി കൊണ്ട് സംസ്ഥാന സര്‍ക്കാരും, പഞ്ചായത്ത് ഭരണ സമിതിയും ചേര്‍ന്ന് അയാളെ ചുവപ്പ് പരവതാനി വിരിച്ച ഇവിടേക്ക് ആനയിച്ചിരിക്കുകയാണ്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും അതിവേഗം പെര്‍മിഷന്‍ വാങ്ങിയെടുക്കാന്‍ ഈ ഖനന രാജാവിന് ഒരു ബുദ്ധിമുട്ടും വേണ്ടി വന്നില്ല.

എല്ലാ കക്ഷി രാഷ്ട്രീയ പാര്‍ട്ടികളും യാതൊരു എതിര്‍പ്പുമില്ലാതെ ഇയാള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്നു. ഇതില്‍ ഏറ്റവും മുന്നില്‍ സിപിഐഎം തന്നെയാണ്. കഴിഞ്ഞ 20 വര്‍ഷമായി പഞ്ചായത്ത് ഭരിക്കുന്ന സിപിഐഎം ഭരണസമിതി യാതൊരു എതിര്‍പ്പുമില്ലാതെ പുല്ലാനി കോട്ട മലനിരകളെ ബെല്ലാരി റെഡ്ഡിയുടെ കാല്‍ക്കല്‍ അടിയറ വെച്ചു. അത് മാത്രമല്ല സ്വന്തം സംഘടനാ സംവിധാനം ഉപയോഗിച്ച് ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസ്റ്റ് വിടുനായ ബല്ലാരി റെഡ്ഡിക്ക് വേണ്ടി ജനങ്ങളെ കണ്ണഞ്ചിപ്പിക്കുന്ന മോഹന വാഗ്ദാനങ്ങളില്‍ കുടുക്കി കുടിയൊഴിപ്പിച്ചെടുക്കാനുള്ള ആസൂത്രിത നീക്കത്തിലെ മുന്നണി പോരാളികള്‍ കൂടിയാണിവര്‍. ഇവരുടെ സംഘടിത ഗൂഢാലോചനയെ നാം തിരിച്ചറിയണം. നാം ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കിയ മണ്ണും പ്രകൃതി ദത്തമായ നമ്മുടെ നാടും നാം വിട്ടു കൊടുക്കരുത്.

ഇവരുടെ വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണ്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കുടിയൊഴിക്കപ്പെട്ട് യാതൊരു നഷ്ടപരിഹാരവും ലഭിക്കാതെ പതിനായിരങ്ങള്‍ തെരുവില്‍ ജീവിക്കുന്ന നാടാണ് നമ്മുടേത്. സിപിഐഎം സര്‍ക്കാരിനേയും പഞ്ചായത്ത് ഭരണസമിതിയേയും വിശ്വസിച്ച് നാം വഞ്ചിതരാകരുത്. ഇവര്‍ക്കിത് കോടികള്‍ കമ്മീഷന്‍ വാങ്ങാനുള്ള സാധ്യതയാണ്. ഇവരുടെ ഇത്തരത്തിലുള്ള ധാരാളം ചരിത്രവും നമുക്കറിയാം. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സാധാരണ ജീവിതത്തില്‍ നിന്നും 20 വര്‍ഷത്തെ പഞ്ചായത്ത് ഭരണം കൊണ്ട് അലാവുദ്ദീനും അത്ഭുതവിളക്കും എന്ന പോലെ കോടീശ്വരനായത് നമുക്കറിയാം. എന്നാല്‍ നമ്മുടെ കാര്യം വളരെ വ്യത്യസ്തമാണ്. നമുക്കിത് അന്തിയുറങ്ങാനുള്ള കൂരയുടേയും ഉപജീവനത്തിന്റേയും നമ്മുടെ നാടിന്റെ പാരിസ്ഥിതിക സംരക്ഷണത്തിന്റേയും പ്രശ്‌നമാണ്. ഫാസിസത്തിനെതിരെ വാചാലരാകുന്ന സിപിഐഎമ്മും സംസ്ഥാന സര്‍ക്കാരും ബിജെപിയുടെ ബി ടീമാണെന്ന നഗ്ന സത്യം പകല്‍ പോലെ ഇവിടെ തുറന്നുകാട്ടപ്പെടുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ പതിനായിരക്കണക്കിന് വരുന്ന കാടിന്റെ യഥാര്‍ത്ഥ അവകാശികളെ കുടിയൊഴിപ്പിക്കുന്ന ബ്രാഹ്മണിക്കള്‍ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം തന്നെയാണ് ഒരുളുപ്പുമില്ലാതെ ബല്ലാരി റെഡ്ഡിയെ പോലുള്ള ഖനന രാജാക്കന്‍മാര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുന്നത്. ഇവര്‍ക്ക് പരിസ്ഥിതിയെ തകര്‍ത്ത് സമ്പത്ത് കൊള്ളയടിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുന്നതില്‍ ബിജെപി, കോണ്‍ഗ്രസ്, സിപിഐഎം അടക്കമുള്ള എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്.

അതെ സുഹൃത്തുക്കളെ, നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശത്തോടെ മുണ്ടുടുത്ത മോഡി പിണറായി വിജയനും ചക്കിട്ടപ്പാറ പിണറായിയും ചേര്‍ന്ന് നമ്മുടെ നാടിനെ ബെല്ലാരി റെഡ്ഡിക്ക് തീറെഴുതാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും ചെറുത്ത് തോല്‍പിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയുടെ ഹൃദയഭൂമി, സാമ്രാജ്യത്വ ദല്ലാള്‍ മുതലാളി വര്‍ഗത്തിന്റെ വിഭവ കൊള്ളയ്ക്കും കുടിയൊഴിപ്പിക്കലിനുമെതിരെ സായുധ പോരാട്ടത്തിലാമ്. ഇന്ന് വിഭവ കൊള്ളയും കുടിയൊഴിപ്പിക്കലും പശ്ചിമഘട്ടത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. അതിന് ആവശ്യമായ പശ്ചിമഘട്ട സൈനികവല്‍കരണം ശക്തമാക്കിയിരിക്കുന്നു. ഈ ചൂഷക പിന്തിരിപ്പന്‍ വര്‍ഗ ശക്തികളെ, അവരുടെ കൊലയാളി സേനയെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും ചവിട്ടി പുറത്താക്കാന്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് ആഞ്ഞടിക്കാന്‍ കക്ഷി രാഷ്ട്രീയ ജാതി – മതഭേദമന്യെ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.

വെള്ളത്തിന്റേയും മണ്ണിന്റേയും കാടിന്റേയും അവകാശികളെ ചവിട്ടിപ്പുറത്താക്കി, എല്ലാം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന മോഡി-പിണറായി കൂട്ടുകെട്ടിനെ തിരിച്ചറിയുക

പയ്യാനികോട്ട മലനിരകളെ ജനങ്ങളുടെ വീടും സ്വത്തും തട്ടിയെടുത്ത് വിഭവ കൊള്ള നടത്താന്‍ ബല്ലാരി റെഡ്ഡിക്ക് കാവല്‍ നില്‍ക്കുന്ന മോഡി-പിണറായി കൂട്ടുകെട്ടിനെതിരെ ഒന്നിക്കുക.

നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശത്തോടെ മുണ്ടുടുത്ത മോഡി പിണറായി വിജയനും, ചക്കിട്ടപ്പാറ പിണറായിയും ചേര്‍ന്ന് നമ്മുടെ നാടിനെ ബല്ലാരി റെഡ്ഡിക്ക് തീറെഴുതാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുത്ത് തോല്‍പിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു.

സിപിഐ മാവോയിസ്റ്റ്
ബാണാസുര ഏരിയ കമ്മിറ്റി”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close