KERALATop News

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവിന്റെ ക്വട്ടേഷന്‍; പറ്റിക്കപ്പെട്ടതിന് പിന്നാലെ വെളിപ്പെടുത്തല്‍

ഇടുക്കി: സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവിന്റെ ക്വട്ടേഷന്‍ നല്‍കിയതായി വെളിപ്പെടുത്തല്‍. മൂന്നാര്‍ ഏരിയാ കമ്മിറ്റിക്കുകീഴിലുള്ള ലോക്കല്‍ സെക്രട്ടറിയെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം കൊല്ലാനാണ് അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. ചൊക്കനാട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ യുവാവാണ് മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തി മുതിര്‍ന്ന നേതാക്കളുടെ മുന്‍പില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയത്.സിഐടിയു നേതാവുമായി തെറ്റിയതോടെയാണ് യുവാവ് ക്വട്ടേഷനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഒരുവര്‍ഷംമുമ്പ് ചൊക്കനാട് സ്വദേശിയായ യുവാവിനെ പഴയ മൂന്നാറില്‍നടന്ന തട്ടിപ്പുകേസില്‍ മൂന്നാര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പാലക്കാടുനിന്ന് അറസ്റ്റുചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന സിഐടിയു നേതാവ് പറഞ്ഞത് കേള്‍ക്കാതെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് തന്നെ എസ്‌ഐ മര്‍ദിച്ചുവെന്നാരോപിച്ച് പ്രതി ചികിത്സ തേടി. ഇതോടെ എസ്‌ഐ അടക്കം മൂന്നുപേരെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു.

പിന്നീട്, ജൂലായ് ആദ്യവാരം എസ്‌ഐ അടക്കമുള്ളവര്‍ കേസ് ഒത്തുതീര്‍പ്പാക്കി. മൂന്നുലക്ഷം രൂപ നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്നായിരുന്നു സിഐടിയു നേതാവിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ ധാരണ. ആദ്യഘട്ടമായി 1.80 ലക്ഷം രൂപ നല്‍കി. ബാക്കി തുകയ്ക്കായി യുവാവ് ഓഗസ്റ്റ് മാസത്തില്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് സിഐടിയു നേതാവിന്റെ വശം 1.20 ലക്ഷം നല്‍കിയതായി അറിഞ്ഞത്.ഇതേത്തുടര്‍ന്ന് ഇയാള്‍ നേതാവുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് ഏരിയാ കമ്മിറ്റി ഓഫിസിലെത്തി തന്നെ പറ്റിച്ച വിവരവും ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ തനിക്ക് ക്വട്ടേഷന്‍ നല്‍കിയ വിവരവും വെളിപ്പെടുത്തിയത്. സംഭവം കേട്ടുനിന്ന പ്രവര്‍ത്തകരിലൊരാള്‍ ഇതിന്റെ വീഡിയോ എടുത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചതോടെയാണ് പുറത്തറിഞ്ഞത്. സംഭവം സംബന്ധിച്ച് ലോക്കല്‍ സെക്രട്ടറി വീഡിയോ ഉള്‍പ്പെടെ സിപിഎം പോളിറ്റ് ബ്യൂറോ, സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി.നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആളാണ് സിഐടിയു നേതാവ്. 2018-ലെ പ്രളയത്തില്‍ ബാങ്കിന് പിന്നില്‍ ഇടിഞ്ഞുവീണ മണ്ണുനീക്കാന്‍ 30 ലക്ഷം രൂപയ്ക്ക് കരാറെടുത്ത സിഐടിയു നേതാവ്, ഈ മണ്ണ് പഴയ മൂന്നാറിലെ വൈദ്യുതിവകുപ്പിന്റെ ഹൈഡല്‍ പാര്‍ക്കിന്റെ സ്ഥലത്തെത്തിച്ച് നികത്തിക്കൊടുത്ത് ആ വകയില്‍ 30 ലക്ഷം രൂപ വേറെ ഈടാക്കിയെന്നതുള്‍പ്പെടെ ആരോപണങ്ങളുണ്ട്. അതും സര്‍ക്കാര്‍ ഭൂമി കൈയേറി 20 പ്ലോട്ടുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റതും ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച നടത്തുകയും നടപടി ആവശ്യപ്പെട്ട് മേല്‍ കമ്മിറ്റികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close