Breaking NewsKERALANEWSTop News

സിപിഎമ്മിനോട് ഇണങ്ങിയും പിണങ്ങിയും മുന്നേറിയ ജീവിതം; ആഗ്രഹപ്രകാരം അവസാനം പാര്‍ട്ടിപ്പതാക പുതപ്പിച്ച് ഗൗരിയമ്മയുടെ മൃതശരീരം അയ്യന്‍കാളി ഹാളില്‍;സംസ്‌ക്കാരം വൈകീട്ട് ആറിന് വലിയ ചുടുകാട് ശ്മശാനത്തില്‍

ആലപ്പുഴ : കേരളത്തിന്റെ വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മ ഇനി ഓര്‍മകളിലെ നക്ഷത്രം. അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ഏഴ് മണിയ്ക്ക് അന്തരിച്ച ഗൈരിയമ്മയുടെ മൃതദേഹം അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. കേരളരാഷ്ട്രീയത്തിലെ പല നിര്‍ണായക നീക്കങ്ങള്‍ക്കും വേദിയായ ചാത്തനാട്ട് വീട്ടില്‍ അല്‍പസമയം പൊതുദര്‍ശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തില്‍ എത്തിച്ചു. വൈകീട്ട് ആറിന് വലിയ ചുടുകാട് ശ്മശാനത്തിലാണ് സംസ്‌ക്കാരം.

ബന്ധുക്കള്‍ക്കൊപ്പം താമസിക്കണമെന്ന ആഗ്രഹവുമായി വിഷുക്കാലത്താണ് ചാത്തനാട്ടെ വീട്ടില്‍ നിന്നും കെ ആര്‍ ഗൗരിയമ്മ തലസ്ഥാനത്തെക്കെത്തിയത്.ഏപ്രില്‍ 22 മുതല്‍ പനിയും ശ്വാസതടസ്സങ്ങളുമായി ആശുപത്രിയില്‍ കിഴിഞ്ഞിരുന്ന ഗൗരിയമ്മയെ ഇടക്ക് തീവ്രപരിചരണവിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അണുബാധ വീണ്ടും കലശലായതോടെ വീണ്ടും സ്ഥിതി ഗുരുതരമാവുകയായിരുന്നു.സിപിഎമ്മിനോട് ഇണങ്ങിയും പിണങ്ങിയും മുന്നേറിയ ജീവിതം. ആഗ്രഹപ്രകാരം അവസാനം പാര്‍ട്ടിപ്പതാക പുതപ്പിച്ച് ഗൗരിയമ്മയുടെ മൃതശരീരം അയ്യന്‍കാളി ഹാളില്‍. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് അടക്കമുള്ള പ്രമുഖരെല്ലാം അന്ത്യാഞ്ജലി അര്‍പ്പിച്ചു.ഗൗരിയമ്മക്ക് ആദരമര്‍പ്പിക്കാനായി അയ്യന്‍കാളി ഹാളിലെ ചടങ്ങിനായി കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി. മൂന്നൂറ് പേര്‍ക്ക് പങ്കെടുക്കാനായിരുന്നു അനുമതി. 12 മണിയോടെ അയ്യന്‍കാളി ഹാളില്‍ നിന്നും വിപ്‌ളവത്തിന്റെ മണ്ണായ ആലപ്പുഴയിലേക്ക്. രാഷ്ട്രീയകേരളത്തിന്റെ തലസ്ഥാനം കരുത്തുറ്റ വനിതക്ക് വിടചൊല്ലി.

കേരള രാഷ്ട്രീയത്തിൽ കെ ആർ ​ഗൗരിയമ്മക്ക് തുല്ല്യം കെ ആർ ​ഗൗരിയമ്മ മാത്രം. പകരം പറയാൻ മറ്റൊരു പേരില്ലാത്ത നിലയിലാണ് അവർ തന്റെ ജീവിതത്തെ മുന്നോട്ട് നയിച്ചത്. ചെറുപ്പത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം കാട്ടിയ കളത്തിപ്പറമ്പിൽ രാമൻ ഗൗരി എന്ന കെ ആർ ​ഗൗരിയമ്മ, ഐക്യകേരളത്തിന്റെ ആദ്യ മന്ത്രിസഭയിൽ അം​ഗമായി. അതിന് മുമ്പും ശേഷവും തന്റെ ശരികളെ മാത്രം ചേർത്ത് പിടിക്കുകയും ഉറക്കെ പറയുകയും ചെയ്യുന്ന സ്വഭാവമായിരുന്നു ​ഗൗരിയമ്മയുടേത്.

എല്ലാക്കാലവും ഒഴുക്കിനെതിരെ നീന്തിയ പാരമ്പര്യമാണ് ഗൗരിയമ്മയുടേത്. ശരിയെന്ന് തനിക്ക് തോന്നുന്ന കാര്യത്തിൽ എന്തുവില കൊടുത്തും ഉറച്ചുനിൽക്കുന്ന സ്വഭാവമാണ് ഗൗരിയമ്മയെ വ്യത്യസ്തയാക്കുന്നത്. 139 എംഎൽഎമാർ അനുകൂലിച്ച ആദിവാസി വിരുദ്ധ ബില്ലിനെ ഒറ്റയ്ക്ക് എതിർത്ത് തോൽപിച്ചത് തന്നെ ഉദാഹരണം. നിയമസഭ പാസാക്കിയ ബിൽ ഗൗരിയമ്മ വിയോജിപ്പ് പ്രകടിപ്പിച്ചതുകൊണ്ടുതന്നെ രാഷ്ട്രപതിമടക്കി അയച്ചു. താൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ആദിവാസികൾ ഇല്ലാതിരുന്നിട്ടും അവർക്കായി ഗൗരിയമ്മ പോരാടി.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-ന് ജനനം. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിലെ അംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിടെ കൊടിയ പൊലീസ് പീഡനം അനുഭവിച്ചു.

1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി. 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു.1957,1967,1980,1987 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, വിജിലൻസ്, നിയമം ,വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം നൽകി കഴിവു തെളിയിച്ചു.

1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയിൽ ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം, കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പിൽ വരുത്തിയതും ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്.

ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്നു കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) അംഗമായ ഇവർ 1994 ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു.

ആത്മകഥ (കെ.ആർ. ഗൗരിയമ്മ) എന്നപേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1957-ൽ മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ വിഭിന്ന ചേരികളിലായ അവർ പിരിഞ്ഞുതാമസിച്ചു. കുട്ടികളില്ല. ഭർത്താവിന് മറ്റൊരു സ്ത്രീയിൽ ജനിച്ച കുഞ്ഞിനെ മകനെ പോലെ സംരക്ഷിച്ചു. ജോലിയും നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close