KERALA

സിപിഎമ്മിന് പിരിവെടുക്കാന്‍ കിട്ടിയ മറ്റൊരവസരമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിരിവെടുക്കാന്‍ കിട്ടിയ മറ്റൊരു അവസരമാണ് സിപിഎമ്മിന് ഇരട്ടക്കൊലപാതക കേസെന്നും മുല്ലപ്പള്ളി ആക്ഷേപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം മുല്ലപ്പള്ളി ആവര്‍ത്തിച്ചു.വെഞ്ഞാറമൂട് നടന്നത് രാഷ്ട്രീയ കൊലപാതകമല്ല. പക്ഷെ അതിന് ശേഷം കോണ്‍ഗ്രസിനെതിരെ സംഘടിത ആക്രമണം നടക്കുകയാണ്. കേസ് സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ നാളെ ഡിസിസി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഉപവാസം നടത്തും. കേസുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഇറങ്ങി അടൂര്‍ പ്രകാശിനെതിരെ വിടുവായത്തം പറയുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സംഭവത്തില്‍ അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം ചെറുക്കും. കൊലപാതകികളെ സംരക്ഷിക്കുകയോ പോറ്റി വളര്‍ത്തുകയോ ചെയ്യുന്ന പ്രസ്ഥാനം അല്ല കോണ്‍ഗ്രസെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അടൂര്‍ പ്രകാശിനെതിരെ ആരോപണം ഉന്നയിക്കാന്‍ എന്ത് തെളിവാണ് കടകംപള്ളി സുരേന്ദ്രനും ഇപി ജയരാജനും ഉള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന നയമല്ല കോണ്‍ഗ്രസിന് ഉള്ളതെന്ന് പറഞ്ഞ രമേശ് ചെന്നിത്തല കെ സുധാകരന്റെ പ്രസ്താവന തള്ളി. വെഞ്ഞാറമൂട് കേസില്‍ അറസ്റ്റിലായവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ നടപടി എടുക്കേണ്ടത് ഡിസിസിയാണ്. ഇത് രാഷ്ട്രീയ കൊലപാതകം അല്ലെന്നും രക്തസാക്ഷികളെ ഉണ്ടാക്കാനുള്ള സിപിഎം ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.തിരുവോണത്തിന്റെ തലേ രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിന്‍ മുഖം ബ്രാഞ്ച് മെമ്പര്‍ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് തുടക്കം മുതലേ ഡിവൈഎഫ്‌ഐയും സിപിഎമ്മും ആരോപിച്ചിരുന്നു. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്എഫ്ഐ തേമ്പാമൂട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നല്‍കി. സഹിന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കേസില്‍ ഇതുവരെ ഒരു സ്ത്രീയടക്കം ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച മതപുരം സ്വദേശി പ്രീജയാണ് അറസ്റ്റിലായവരില്‍ ഒരാള്‍. പ്രീജയുടെ വീട്ടില്‍ നിന്നായിരുന്നു മുഖ്യപ്രതികളായ സനലിനെയും ഷജിത്തിനെയും പിടികൂടിയത്.ഇരട്ടക്കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അറസ്റ്റിലായവരില്‍ നാല് പേരെ കോടതി റിമാന്‍ഡ് ചെയ്തു. ഷജിത്ത്, അജിത്ത്, നജീബ്, സതിമോന്‍ എന്നീ പ്രതികളെയാണ് റിമാന്‍ഡ് ചെയ്തത്. ഇതോടെ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ ഉള്‍പ്പടെ 9 പേരാണ് ഇതുവരേയും പൊലീസിന്റെ പിടിയിലായത്. ഇതില്‍ അന്‍സാര്‍, സജീവ്, സനല്‍, ഉണ്ണി എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്.

Tags
Show More

Related Articles

Back to top button
Close