Election 2021KERALANEWSTop NewsTrending

സിപിഐ തനിച്ച് മത്സരിച്ച് ജയിച്ച മണ്ഡലം; സിപിഐയേയും സിപിഎമ്മിനേയും പരാജയപ്പെടുത്തിയ ​ഗണേഷ് കുമാർ; എൽഡിഎഫിലായാലും യുഡിഎഫിലായാലും താരത്തെ കൈവിടാത്ത ജനങ്ങളും; പത്തനാപുരത്ത് ഇക്കുറി പോരാട്ടം കടുക്കും

കൊല്ലം: ഒരുകാലത്ത് സിപിഐയുടെ കുത്തകയായിരുന്നു പത്തനാപുരം. സിപിഎമ്മുമായി നേർക്കുനേർ മത്സരിച്ച് ജയിച്ച മണ്ഡലം എന്ന് സിപിഐക്കാർ അഭിമാനത്തോടെ പറഞ്ഞിരുന്ന നാട്. ഇന്ന് പത്തനാപുരമെന്നാൽ ​ഗണേഷ് കുമാർ എന്നാണർത്ഥം. സിപിഐയേയും സിപിഎമ്മിനേയും തോൽപ്പിച്ച ​ഗണേഷ് കുമാർ ഇന്ന് ഇടത് സ്ഥാനാർത്ഥിയാണ്. താൻ തോൽപ്പിച്ച ഇരുപാർട്ടിക്കാരും തനിക്കായി വോട്ട് ചോദിച്ച് നടക്കുന്നത് കാണുമ്പോൾ ​ഗണേഷിന്റെയുള്ളിൽ അലയടിക്കുന്ന വികാരം എന്തായിരിക്കും. എന്തുതന്നെയായാലും തന്നെ തോൽപ്പിക്കാനുള്ള ശക്തി ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും പത്തനാപുരത്തില്ലെന്ന് ​ഗണേഷിന് അറിയാം. തുടർഭരണമെന്ന മോഹമാണ് അതിന് കാരണം. എന്നാൽ, യുഡിഎഫ് ഇക്കുറി ശക്തമായ വെല്ലുവിളിയാണ് ​ഗണേഷ് കുമാറിന് ഉയർത്തുന്നത്.

കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല പഞ്ചായത്തുകളും പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാ നിയോജക മണ്ഡലം. 1987 മുതൽ 1996 വരെ സി പി ഐയുടെ കൈയിലുണ്ടായിരുന്ന മണ്ഡലമാണ് പത്തനാപുരം. 1957ലെ ആദ്യ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഐയുടെ എൻ രാജഗോപാലാൻ നായരാണ് പത്തനാപുരത്ത് വിജയിച്ചത്. 1960ൽ ബാലകൃഷ്ണപിള്ള മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. എന്നാൽ 1967ലെ തിരഞ്ഞെടുപ്പിൽ സിപിഐ മണ്ഡലം തിരിച്ചു പിടിച്ചു. മൂന്നും നാലും നിയമസഭകളിൽ പി.കെ രാഘവൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചപ്പോൾ 1977ലും 1980ലും ഇ.കെ പിള്ളയും സിപിഐ സ്ഥാനാർഥികളായി വിജയിച്ചു.

1982ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മണ്ഡലത്തിൽ സാനിധ്യം അറിയിച്ചെങ്കിലും 1987ൽ ഇ ചന്ദ്രശേഖരൻ നായരിലൂടെ വീണ്ടും സിപിഐ മണ്ഡലത്തിൽ കരുത്ത് കാട്ടി. 1991ലും 1996ലും പ്രകാശ് ബാബു വിജയിച്ചപ്പോൾ 2001 മുതൽ മണ്ഡലം ഗണേഷ് കുമാറിനൊപ്പം നിന്നു. 2001 മുതൽ രണ്ട് പതിറ്റാണ്ടായി പത്തനാപുരത്തുകാർ ഗണേഷ് കുമാറിനെയാണ് നിയമസഭയിലേക്ക് അയക്കുന്നത്. 2001ൽ സിപിഐ നേതാവ് പ്രകാശ് ബാബുവിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച് കൊണ്ടാണ് അദ്ദേഹം രാഷ്ടീയത്തിൽ സജീവമാകുന്നത്. 2006ൽ സിപിഐ നേതാവായിരുന്ന കെ ആർ ചന്ദ്രമോഹനെ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചെങ്കിലും ​ഗണേഷ് കുമാറിന്റെ പടയോട്ടം തടയാനായില്ല. 2011ൽ സീറ്റ് സിപിഎം ഏറ്റെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയായ കെ രാജ​ഗോപാലിനെയാണ് സിപിഎം ​ഗണേഷിനെ പരാജയപ്പെടുത്താൻ നിയോ​ഗിച്ചത്. എന്നാൽ, ​ഗണേഷിന് മുന്നിൽ സിപിഎം നേതാവിനും അടിപതറി.

2001 മുതൽ കേരള കോൺഗ്രസ് ബി സ്ഥാനാർഥിയായ കെ ബി ഗണേഷ് കുമാറിനെ തുടർച്ചയായി വിജയിപ്പിക്കുന്ന മണ്ഡലമാണിത്. 2001ലെ കന്നിപ്പോരാട്ടത്തിൽ 9931 വോട്ടിന്റെ ഭൂരിപക്ഷവുമായി വിജയിച്ച ഗണേഷ് മൂന്നുവർഷം ഗതാഗതമന്ത്രിയായിരുന്നു. 2006ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 11814 വോട്ടായി വർധിപ്പിച്ചു. 2011ൽ 20402 വോട്ടിന്റെ ഭൂരിപക്ഷവുമായി ഹാട്രിക് വിജയം നേടി. യുഡിഎഫ് മന്ത്രി സഭയിൽ 2013 വരെ വനം, പരിസ്ഥിതി, സിനിമാ മന്ത്രിയുമായിരുന്നു.

വിവാദത്തിന് പഞ്ഞമില്ലെങ്കിലും വികസനംകൊണ്ട് മറുപടി നൽകിയാണ് ഗണേഷ് കുമാർ പത്തനാപുരത്തിന്റെ മനസ്സ് അനുകൂലമാക്കിയത്. സിപിഐയിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത ഗണേഷിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. യുഡിഎഫിലും എൽഡിഎഫിലും നിന്ന് ജയിച്ചു. 20 വർഷത്തെ പരാജയമറിയാത്ത ജൈത്രയാത്ര. എന്നാൽ ഇത്തവണ കോൺഗ്രസ് വക്താവ് ജ്യോതികുമാർ ചാമക്കാല മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചാരണത്തിലാണ്. ഗണേഷിന് വലിയ വെല്ലുവിളി സൃഷ്ടിക്കാൻ ചാമക്കാലയ്ക്കും യുഡിഎഫിനും കഴിഞ്ഞിട്ടുണ്ട്. ക്രമേണ വോട്ട് വർധിപ്പിച്ചുവരുന്ന ബിജെപിയും ഉശിരൻ പോരാട്ടത്തിലാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ തന്റെ പി.എ ശ്രമിച്ചുവെന്ന വിവാദമാണ് ഇത്തവണ ഗണേഷ് നേരിടുന്നത്. ഇതിനെ ചൊല്ലി മണ്ഡലത്തിൽ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറി. ഒപ്പം സമീപകാലത്തായി സിപിഐയുമായുള്ള പ്രശ്‌നങ്ങൾ പരസ്യവിമർശനത്തിൽ വരെ എത്തിയത് എങ്ങനെ ബാധിക്കുമെന്നും വ്യക്തമല്ല. ഇതൊന്നും ജനവിധിയെ ബാധിക്കില്ലെന്ന് കരുതുന്നു, ഇടത് ക്യാമ്പ്. വികസനത്തിന് മാർക്കിടുന്ന ജനം ഇത്തവണയും തന്റെ ഒപ്പം നിൽക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഗണേഷും ഇടതുപക്ഷവും. എൻഎസ്എസ്സിന്റെ ഉറച്ച പിന്തുണ എല്ലാക്കാലത്തും ഗണേഷിനുണ്ടായിരുന്നു. 24,000 വോട്ടിന്റെ വലിയ ഭൂരിപക്ഷമാണ് യുഡിഎഫിന്റെ കടമ്പ. പൊരിഞ്ഞ പോരാട്ടത്തിൽ സമവാക്യങ്ങൾ തുണയ്ക്കുകയും മികച്ച മത്സരം കാഴ്ചവെക്കാനാവുകയും ചെയ്താൽ അത് വിജയം കൊണ്ടുവരുമെന്നാണ് അവരുടെ പ്രതീക്ഷ

നിയമസഭയിലേക്കുള്ള ചാമക്കാലായുടെ കന്നി അങ്കമാണ് ഇത്തവണ പത്തനാപുരത്തുനിന്നും. കോൺഗ്രസിൽനിന്നു കെ.പി.സി.സി. ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല സ്ഥാനാർഥിത്വം പ്രതീക്ഷിച്ച ജ്യോതികുമാർ പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പുതന്നെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ ജ്യോതികുമാർ ചാമക്കാലക്കെതിരേ കൊല്ലം ഡി.സി.സി. സെക്രട്ടറിയടക്കം രംഗത്തെത്തിയിരുന്നു. പിന്നീട് സ്ഥാനാർഥി പ്രഖ്യാപനമുണ്ടായതോടെ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ കെട്ടടങ്ങി. തൊട്ടടുത്ത ദിവസം മുതൽ തന്നെ രാഷ്ട്രീയം പറഞ്ഞ് വോട്ട് ചോദിച്ച് ചാമക്കാലയും മണ്ഡലത്തിൽ സജീവമായി.

കൊല്ലം ജില്ലക്കാരനും മണ്ഡലത്തോട് അടുത്തുള്ള ആളുമാണ് ചാമക്കാല. മണ്ഡലത്തിലെ പ്രാദേശിക വിഷയങ്ങളിൽ സജീവമാണ്. കൂടാതെ മണ്ഡലത്തിലെ പ്രബല ശക്തികളായ എൻ എസ് എസ്, എസ് എൻ ഡി പി വോട്ടുകൾ കൂടി ലക്ഷ്യംവെച്ചാണ് ചാമക്കാലയെ തന്നെ ഇത്തവണ മണ്ഡലത്തിൽ പോരിനിറക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്നും 15000 വോട്ടിന്റെ ഭൂരിപക്ഷം യു ഡി എഫിനു നേടാൻ കഴിഞ്ഞിട്ടുണ്ട്. ആ മുന്നേറ്റമാണ് ഇത്തവണ നിയമസഭയിലും യു ഡി എഫ് പ്രതീക്ഷ.

ബി.ജെ.പി. ജില്ലാ സെക്രട്ടറിയാണ് പത്തനാപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി വി.എസ്. ജിതിൻദേവ്. യുവമോർച്ച ജില്ലാ പ്രസിഡന്റ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, കുന്നത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത് കുന്നത്തൂർ ഡിവിഷനിൽ മത്സരിച്ചിരുന്നു. ജില്ലയിലെ ബി ജെ പിയുടെ മുഖമെന്ന നിലയിൽ സുപരിചിതനാണ് ജിതിൻ ദേവ്.

ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെന്ന പോലെ പത്തനാപുരത്തും ബി ജെ പിക്ക് കൃത്യമായി വോട്ട് വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 2016 ലെ തിരഞ്ഞെടുപ്പിൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3.03 ശതമാനം വോട്ട് വർധിപ്പിക്കാൻ സാധിച്ചു. സമാനമായ രീതിയാണ് തദ്ദേശ തിരഞ്ഞെടുപ്പിലും കാണാൻ സാധിച്ചത്. മിക്ക പഞ്ചായത്തുകളിലും ബി ജെ പിയുടെ ഒരു അംഗത്തെയെങ്കിലും എത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മുന്നേറ്റം നിയമസഭയിലും പ്രകടമാകുമെന്നാണ് ബി ജെ പിയുടെ അവകാശവാദം. അതേസമയം, എൽ ഡി എഫിനും യു ഡി എഫിനും ത്രികോണ മത്സരത്തിനുള്ള സാധ്യത തുറന്നുവെക്കുകയാണ് ഇവിടെ ബി ജെ പി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close