KERALANEWSTop News

സിപിഐ മന്ത്രിമാർ ആരൊക്കെയെന്ന് ഇന്നറിയാം; എംഎൽഎമാർ തിരുവനന്തപുരത്ത്; കാബിനറ്റിൽ സ്ഥാനമുറപ്പിച്ച് പി പ്രസാദും കെ രാജനും ചിഞ്ചുറാണിയും; പ്രഖ്യാപനം ഉച്ചയോടെ

തിരുവന്തപുരം: സിപിഐ മന്ത്രിമാരെ ഇന്നറിയാം. ഇന്ന് രാവിലെ ചേരുന്ന പാർട്ടി സംസ്ഥാന നേതൃയോ​ഗങ്ങളിലാണ് മന്ത്രിമാരെയും ഡെപ്യുട്ടി സ്പീക്കറെയും തീരുമാനിക്കുന്നത്. രാവിലെ തിരുവനന്തപുരം എംഎൻ സ്മാരകത്തിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോ​ഗത്തിൽ മന്ത്രിമാർ ആരൊക്കെയാകണം എന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. തുടർന്ന് ഓൺലൈനായി ചേരുന്ന സംസ്ഥാന കൗൺസിൽ യോ​ഗത്തിൽ എക്സിക്യൂട്ടീവ് തീരുമാനം നിർദ്ദേശമായി അവതരിപ്പിക്കും. നിലവിലെ സാഹചര്യത്തിൽ എക്സിക്യൂട്ടീവിന്റെ നിർദ്ദേശം സംസ്ഥാന കൗൺസിൽ അം​ഗീകരിക്കും. ജില്ലാ കൗൺസിൽ ഓഫീസുകളിൽ ഓൺലൈൻ മീറ്റിം​ഗുകളിൽ പങ്കെടുക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

നാല് മന്ത്രിമാരെയും ഒരു ഡെപ്യുട്ടി സ്പീക്കറെയുമാണ് സിപിഐക്ക് ഇക്കുറി അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന ചീഫ് വിപ്പ് പദവി ഇക്കുറി കേരള കോൺ​ഗ്രസിന് വേണ്ടി വിട്ടുകൊടുത്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗങ്ങളായ പി പ്രസാദ്, കെ രാജൻ, പാർട്ടി ദേശീയ കൗൺസിൽ അം​ഗം ചി‍ഞ്ചുറാണി എന്നിവർ മന്ത്രിമാരാകും എന്നാണ് ലഭിക്കുന്ന വിവരം. അടൂരിൽ നിന്നും ജയിച്ച ചിറ്റയം ​ഗോപകുമാറിന് മന്ത്രിപദമോ ഡെപ്യുട്ടി സ്പീക്കർ സ്ഥാനമോ ലഭിക്കും. ചിറ്റയത്തെ പരി​ഗണിക്കാത്ത സാഹചര്യം ഉണ്ടായാൽ വൈക്കത്ത് നിന്നും ജയിച്ച സി കെ ആശക്ക് ഞറുക്ക് വീഴും.

അതേസമയം, ഇന്ന് വൈകിട്ട് ഇടത് മുന്നണിയുടെ പാർലമെന്ററി പാർട്ടിയോ​ഗം ചേർന്ന് സഭാ നേതാവിനെ തെരഞ്ഞെടുക്കും. എൽഡിഎഫ്‌ സർക്കാരിന്റെ പുതിയ മന്ത്രിസഭയിൽ 21 മന്ത്രിമാർ ഉണ്ടാകുമെന്നും മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയിലാണ്‌ എൽഡിഎഫ്‌ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത്‌. അതിനാൽ എല്ലാ ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പിക്കുന്ന സർക്കാരാണ്‌ രൂപീകരിക്കുക.

സിപിഐ എമ്മിന്‌ ‐ 12 , സിപിഐക്ക്‌ ‐ 4 , കേരള കോൺഗ്രസ്‌ എം‐ 1. ജനതാദൾ എസ്‌ ‐1. എൻസിപി‐ 1. എന്നിങ്ങനെയും രണ്ട്‌ സ്‌ഥാനങ്ങളിൽ ഘടകകക്ഷികൾ രണ്ടരവർഷം വീതം മന്ത്രിസ്‌ഥാനം പങ്കിടുകയുമാണ്‌ ചെയ്യുക. ജനാധിപത്യ കേരള കോൺഗ്രസും ഐഎൻഎലും ആദ്യ ഘട്ടത്തിലും തുടർന്ന്‌ കേരള കോൺഗ്രസ്‌ ബി, കോൺഗ്രസ്‌ എസ്‌ എന്നിങ്ങനെയും മന്ത്രിസ്‌ഥാനം പങ്കിടും. സ്‌പീക്കർ സ്‌ഥാനം സിപിഐ എമ്മിനും ഡെപ്യൂട്ടി സ്‌പീക്കർ സിപിഐക്കുമാണ്‌. ചീഫ്‌ വിപ്പ്‌ കേരള കോൺഗ്രസ്‌ എമ്മിനാണ്‌.

സത്യപ്രതിജ്ഞ വലിയ ആൾക്കൂട്ടം ഒഴിവാക്കി 20 ന്‌ സംഘടിപ്പിക്കും. ‌18 ന്‌ വൈകിട്ട്‌ പാർലമെൻറി പാർടിയോഗം ചേർന്ന്‌ പുതിയ എൽഡിഎഫ്‌ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടർന്ന്‌ സത്യപ്രതിജ്ഞക്കുള്ള ഔദ്യോഗിക കാര്യങ്ങൾ ഗവർണറുമായി സംസാരിക്കുമെന്നും വിജയരാഘവൻ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close