KERALANEWSTop News

സിപിഐ സംസ്ഥാന നേതൃയോ​ഗങ്ങൾ നാളെ; നിലപാട് കൊണ്ട് ഇക്കുറിയും അത്ഭുതം സൃഷ്ടിക്കുന്ന പാർട്ടിയാകുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം; മന്ത്രിമാരാകാൻ സാധ്യത കൽപ്പിക്കുന്നത് ഇവർക്ക്

തിരുവനന്തപുരം: റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് സിപിഐ ഇക്കുറി അവസരം നൽകില്ലെന്ന് റിപ്പോർട്ടുകൾ. പാർട്ടിക്ക് ലഭിക്കുന്ന നാല് മന്ത്രിമാരും ഡെപ്യുട്ടി സ്പീക്കറും പുതുമുഖങ്ങളാകും എന്നാണ് സൂചന. നാളെ ചേരുന്ന സംസ്ഥാന നേതൃയോ​ഗങ്ങൾക്ക് ശേഷമാകും ഔദ്യോ​ഗിക പ്രഖ്യാപനം. ചിഞ്ചുറാണി, പി പ്രസാദ്, കെ രാജൻ, അഡ്വ. ജി ആർ അനിൽ എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരി​ഗണിക്കുന്നത്. ചിറ്റയം ​ഗോപകുമാർ, സി കെ ആശ എന്നിവരുടെ പേരുകളും ഉയർന്ന് വരുന്നുണ്ട്. കൊല്ലം ജില്ലയിൽ നിന്നും പി എസ് സുപാലിന്റെ പേരും ശക്തമായി ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ, ദേശീയ കൗൺസിൽ അം​ഗമെന്ന മേന്മയും വനിത എന്ന പരി​ഗണനയും ചിഞ്ചുറാണിക്ക് തുണയാകും.

നാളെയാണ് സിപിഐ സംസ്ഥാന നേതൃയോ​ഗങ്ങൾ. സംസ്ഥാന എക്സിക്യൂട്ടീവ് തിരുവനന്തപുരം എംഎൻ സ്മാരകത്തിലും സംസ്ഥാന കൗൺസിൽ യോ​ഗം ഓൺലൈനായും നടക്കും. രാവിലെ ചേരുന്ന എക്സിക്യൂട്ടീവിലാകും മന്ത്രിമാരെ തീരുമാനിക്കുക. അതിന് ശേഷം ഓൺലൈനായി ചേരുന്ന സംസ്ഥാന കൗൺസിൽ യോ​ഗത്തിൽ മന്ത്രിമാരുടെ പട്ടിക അവതരിപ്പിച്ച് അം​ഗീകാരം വാങ്ങും. ജില്ലാ കൗൺസിലുകളിൽ നിന്നും ഇതിന് മുമ്പ് തന്നെ അഭിപ്രായം ശേഖരിച്ചിരുന്നു. സംസ്ഥാന കൗൺസിലിന്റെ രഹസ്യ സ്വഭാവം നിലനിർത്താൻ ജില്ലാ കൗൺസിൽ ഓഫീസുകളിലെ കമ്പ്യൂട്ടറുകളിൽ നിന്നാകും സംസ്ഥാന കമ്മിറ്റി അം​ഗങ്ങൾ യോ​ഗത്തിൽ പങ്കെടുക്കുക. ജില്ലാ കൗൺസിൽ മന്ദിരങ്ങളിൽ മാധ്യമ പ്രവർത്തകർ ഉള്ളിൽ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ വോളണ്ടിയർമാരെയും നിയോ​ഗിച്ചിട്ടുണ്ട്. സംസ്ഥാന കൗൺസിൽ പട്ടിക അം​ഗീകരിച്ചതിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമങ്ങളെ കാണും.

പൂർണമായും പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് സിപിഐ തീരുമാനം. വനിതാ- പട്ടികജാതി പ്രാതിനിധ്യവും ഉറപ്പാക്കും. മന്ത്രിസ്ഥാനത്തേക്ക് കൊല്ലത്ത് നിന്നും പി എസ് സുപാലിന്റെ പേര് ശക്തമായി ഉയർന്ന് വന്നാൽ, ഡെപ്യുട്ടി സ്പീക്കറായി പരി​ഗണിക്കുന്ന കര്യവും സംസ്ഥാന എക്സിക്യൂട്ടീവിൽ ചർച്ചയാകുമെന്നാണ് മുതിർന്ന നേതാവ് നൽകുന്ന സൂചന. ​വിഭാ​ഗീയത മന്ത്രിനിർണയത്തിൽ പ്രതിഫലിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കുന്നു.

25 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് 17 സീറ്റുകളിൽ വിജയം സമ്മാനിച്ചാണ് കേരളജനത ലാളിത്യത്തിന്റെയും ആദർശത്തിന്റെയും പ്രതീകമായ സിപിഐക്ക് അം​ഗീകാരം നൽകിയത്. സിപിഐ മന്ത്രിപദത്തിലേക്ക് ചർച്ച ചെയ്യുന്നത് പ്രധാനമായും നാല് പേരുകളാണ്. നെടുമങ്ങാട് നിന്നും ജയിച്ച അഡ്വ. ജി ആർ അനിൽ, ചടയമം​ഗലത്ത് നിന്നും ജയിച്ച ചിഞ്ചുറാണി, ചേർത്തലയിൽ നിന്നും വിജയിച്ച പി പ്രസാദ്, ഒല്ലൂരിൽ നിന്നും ജയിച്ച കെ രാജൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും സിപിഐയിൽ ഉയർന്ന് വരിക. ഇ ചന്ദ്രശേഖരന് മന്ത്രിപദവിയിൽ ഒരു അവസരം കൂടി ലഭിക്കാത്ത പശ്ചാത്തലത്തിൽ നാദാപുരത്ത് നിന്നും വീണ്ടും വിജയിച്ചെത്തിയ ഇ കെ വിജയന്റെ പേരും സജീവ പരി​ഗണനയിലാണ്.

ജി ആർ അനിൽ

തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആയിരുന്ന ജി ആർ അനിലിന് തുണയാകുന്നത് പ്രവർത്തന മികവ് തന്നെയാണ്. 23,171 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി പി.എസ്.പ്രശാന്തിനെ ജി ആർ പരാജയപ്പെടുത്തിയത്. 2016ൽ സിപിഐ നേതാവ് സി.ദിവാകരൻ 3,621 വോട്ടിനാണ് ഇവിടെ ജയിച്ചത്. പാർട്ടിയുടെ താഴെ തട്ടിൽ നിന്നും വളർന്നുവന്ന നേതാവാണ് ജി ആർ അനിൽ. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി ആരംഭിച്ച രാഷ്ട്രീയ പ്രവർത്തനത്തിൽ ഓരോ പടവുകളും കയറിയാണ് അനിൽ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പദം വരെയെത്തുന്നത്. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി, തിരുവനന്തപുരം സിറ്റി കമ്മിറ്റി സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ അനിൽ തിളങ്ങി. പിന്നീട് എഐവൈഎഫിലേക്ക് പ്രവർത്തനരം​ഗം മാറ്റിയ അദ്ദേഹം തലക്കാട് യൂണിറ്റ് സെക്രട്ടറിയിൽ നിന്നും നേമം മണ്ഡലം സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി തു‌ടങ്ങിയ പദവികൾ വഹിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം വരെയായി. പാർട്ടിയിലും താഴെ തട്ടിൽ നിന്നും തന്നെ വളർന്നാണ് അനിൽ എത്തുന്നത്. സിപിഐ ബ്രാഞ്ച് സെക്രട്ടറിയായി ആരംഭിച്ച പാർട്ടി പ്രവർത്തനം ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, മണ്ഡലം സെക്രട്ടറി, ജില്ലാ എക്സിക്യൂട്ടീവ് അം​ഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ച ശേഷം ജില്ലാ സെക്രട്ടറി വരെയായി.

തിരുവനന്തപുരത്തെ സിപിഐ വലിയ പ്രതിസന്ധി നേരിടുന്ന കാലത്താണ് ജി ആർ അനിൽ പാർട്ടിയുടെ അമരക്കാരനായി എത്തുന്നത്. ജില്ലയിലെ പ്രമുഖരായ രണ്ട് നേതാക്കൾ പാർട്ടി വിട്ട് പോയതോടെ ദുർബലമായ സംഘടനാ സംവിധാനം, തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദം പൊതു സമൂഹത്തിൽ ഉണ്ടാക്കിയ മോശം പ്രതിച്ഛായ, ഒരു ചില്ലിക്കാശ് പോലും സംഘടനാ പ്രവർത്തനത്തിന് ഇല്ലാത്ത സാമ്പത്തികാവസ്ഥ. മറ്റേതൊരു നേതാവാണെങ്കിലും പാർട്ടിയാപ്പീസും പൂട്ടി വീട്ടിൽ പോയിരിക്കുമായിരുന്ന സാഹചര്യത്തിലാണ് ജി ആർ അനിലിനെ തലസ്ഥാന ജില്ലയിൽ പാർട്ടിയെ ജീവനോടെ നിലനിർത്താൻ സിപിഐ സംസ്ഥാന നേതൃത്വം നിയോ​ഗിക്കുന്നത്. പിന്നീട് സിപിഐ കണ്ട ആറു വർഷങ്ങൾ തിരുവനന്തപുരം ജില്ലയിലെ സിപിഐയുടെ തിരിച്ച് വരവിന്റെ നാളുകളായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ ​ഗരിമയിൽ ജില്ലയുടെ പല ഭാ​ഗങ്ങളിൽ നിന്നും ആയിരങ്ങൾ സിപിഐയിലേക്കെത്തി. തിരുവനന്തപുരത്ത് പാർലമെന്ററി രം​ഗത്തും സംഘടനാ രം​ഗത്തും നിർണായക ശക്തിയായി സിപിഐ മാറുന്നതിന് ലാളിത്യവും നിശ്ചയ ദാർഢ്യവും കൈമുതലായുള്ള അനിലിന്റെ നേതൃത്വത്തിന് കഴിഞ്ഞു.

എൺപതുകളിലും തൊണ്ണൂറുകളിലും കോൺ​ഗ്രസ് സർക്കാരുകൾക്കെതിരായി നടത്തിയ വിദ്യാർത്ഥി- യുവജന സമരങ്ങൾക്കെല്ലാം തിരുവനന്തപുരത്ത് നേതൃത്വം നൽകിയത് ജി ആർ അനിലായിരുന്നു. സ്വാശ്രയ കോളജുകൾ അനുവദിക്കുന്നതിനെതിരെ കെ കരുണാകരൻ സർക്കാരിനെതിരെ നടത്തിയ സമരമാണ് അതിൽ ഏറ്റവും നിർണായകമായത്. 1991 മെയ് മാസത്തിൽ അധികാരത്തിൽ വന്ന കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ മെഡിക്കൽ വിദ്യാഭ്യാസം സ്വകാര്യവൽക്കരിക്കാൻ നടത്തിയ നീക്കത്തിനെതിരായ സമരത്തിലാണ് യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രിയങ്കരനായ നേതാവ് ജയപ്രകാശ് രക്തസാക്ഷി ആയത്. അന്ന് എഐവൈഎഫിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് അഡ്വ. ജി ആർ അനിൽ. ജയപ്രകാശ് എഐഎസ്എഫ് തിരുവനന്തപുരം സിറ്റി കമ്മിറ്റി സെക്രട്ടറിയും. ജി ആർ അനിലിന്റെ നേതൃത്വത്തിൽ 1991 ഡിസംബർ 9ന് സമരമുഖത്ത് അണിനിരന്ന ജയപ്രകാശിന് നേരെ കുടപ്പനക്കുന്നിൽ വെച്ച് കെ കരുണാകരന്റെ പൊലീസ് നിറയൊഴിക്കുന്നത്. വെടിയേറ്റ ജയപ്രകാശ് ഡിസംബർ 10ന് മരണമടഞ്ഞു. ഒപ്പം നിന്ന പ്രിയ സഖാവ് വെടിയേറ്റ് വീണിട്ടും ജി ആർ അനിലിന്റെ പോരാട്ട വീര്യത്തെ തളർത്താൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. വിദ്യാർത്ഥി- യുവജന രം​ഗത്ത് നിന്നും നേടിയ അനുഭവങ്ങൾ പിന്നീട് തലസ്ഥാന ജില്ലയിലെ പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവായി അനിലിനെ വളർത്തുകയായിരുന്നു.

പി പ്രസാദ്

സിപിഐയുടെ താരമുഖമായ പി.പ്രസാദ്, കോൺഗ്രസ് സ്ഥാനാർഥി എസ്.ശരത്തിനെ ചേർത്തലയിൽ 6148 വോട്ടുകൾക്കാണു തോൽപിച്ചത്. ഉറപ്പായും പുതിയ മന്ത്രിസഭയിൽ ഉണ്ടാകുന്ന നേതാവാണ് പി പ്രസാദ്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗവും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമാണ് പി പ്രസാദ്. 2016-ൽ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയോട് ഏറ്റുമുട്ടിയാണ് പി.പ്രസാദ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. കഴിഞ്ഞ തവണ ഹരിപ്പാട്ട് രമേശ് ചെന്നിത്തലക്ക് എതിരെ മത്സരിച്ച പി പ്രസാദിനെ സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് ചേർത്തലയിലേക്ക് പാർട്ടി പരി​ഗണിച്ചത്. മൂന്ന് ടേം നിബന്ധനയിൽ മന്ത്രി പി.തിലോത്തമൻ മാറുന്ന ഒഴിവിലാണ് സംസ്ഥാന നേതാവായ പി. പ്രസാദ് ചേർത്തലയിലേക്ക് എത്തുന്നത്. വനം, കൃഷി വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ പി പ്രസാദിനെ പാർട്ടി ഏൽപ്പിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.

ആലപ്പുഴ ജില്ലയിലാണു ജനിച്ചതും വളർന്നതും. പക്ഷേ, പത്തനംതിട്ടക്കാരനായി അറിയപ്പെടാനായിരുന്നു പി പ്രസാദിന് യോഗം. പ്രവർത്തനത്തിനായി പാർട്ടി നിയോഗിച്ചത് പത്തനംതിട്ടയിലാണ്. അങ്ങനെ, ആലപ്പുഴക്കാരനായ പ്രസാദ് പത്തനംതിട്ടയിൽ സിപിഐ ജില്ലാ സെക്രട്ടറിയായി. മറ്റൊരു നാടിനെ സ്വന്തം നാടായി കാണാൻ പ്രസാദിന് ഒട്ടും പ്രയാസമില്ല. നർമദയിലും പ്ലാച്ചിമടയിലും തൃക്കുന്നപ്പുഴയിലും ആറന്മുളയില‍ും സമരം ചെയ്യാനിറങ്ങിയപ്പോൾ അതെല്ലാം പ്രസാദിന് സ്വന്തം നാടായിരുന്നു.

ചിഞ്ചുറാണി

ഏറെ തർക്കത്തിനൊടുവിലാണ് ചടയമം​ഗലത്ത് സിപിഐ സ്ഥാനാർത്ഥിയായി ചിഞ്ചുറാണി എത്തിയത്. സിപിഐ സംസ്ഥാന നേതൃത്വം ചടയമം​ഗലത്ത് ഒരു വനിതയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയും പാർട്ടി ദേശീയ കൗൺസിൽ അം​ഗവും സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗവുമായ ചിഞ്ചുറാണിയെ പ്രഖ്യാപിക്കുകയുമായിരുന്നു. കൊല്ലം ജില്ലയിൽ നിന്നും ഒരു മന്ത്രി എന്ന നിലയാണെങ്കിൽ ചിഞ്ചുറാണി മന്ത്രിയാകും. എന്നാൽ, ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം പരി​ഗണിക്കപ്പെട്ടാൽ പി എസ് സുപാലാകും മന്ത്രി.

ചടയമം​ഗലത്ത് കോൺഗ്രസ് സ്ഥാനാർഥി എം.എം.നസീറിനെ 13,678 വോട്ടുകൾക്കാണു ചിഞ്ചുറാണി തോൽപ്പിച്ചത്. 2016ൽ മുല്ലക്കര രത്‌നാകരൻ 21,928 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. 1957ൽ മണ്ഡലം രൂപീകരിച്ച ശേഷം രണ്ടു തവണ മാത്രമെ സിപിഐ സ്ഥാനാർഥികളല്ലാത്തവർ ചടയമംഗലത്തു ജയിച്ചിട്ടുള്ളൂ.

കൊല്ലം ജില്ലയിലെ സിപിഐയിൽ വലിയൊരു വിഭാ​ഗം പുനലൂരിൽ നിന്നും നിയമസഭയിലെത്തിയ പി എസ് സുപാലിനെ മന്ത്രിയാക്കണം എന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. യുഡിഎഫിന്റെ ലീഗ് സ്ഥാനാർഥി അബ്ദുറഹ്മാൻ രണ്ടത്താണിയെ 37,057 വോട്ടുകൾക്കാണ് സുപാൽ പരാജയപ്പെടുത്തിയത്. 1957 മുതൽ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 13 എണ്ണത്തിലും സിപിഐ വിജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ മൂന്നുവട്ടവും സിപിഐയുടെ കെ.രാജുവായിരുന്നു എംഎൽഎ. 2016ൽ 33,582 വോട്ടായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. പക്ഷേ, സുപാലിന് മന്ത്രിയാകണമെങ്കിൽ കൊല്ലം ജില്ലയിൽ നിന്നും രണ്ട് മന്ത്രിമാർ ഉണ്ടാകണം. ചിഞ്ചുറാണിയെ ദേശീയ കൗൺസിൽ അം​ഗമെന്ന നിലയിലും വനിത എന്ന നിലയിലും പരി​ഗണന ലഭിക്കും. പാർട്ടിക്ക് ഒരു വനിതാ മന്ത്രി ഉണ്ടാകണമെന്ന നിർദ്ദേശത്തിനെ തള്ളിക്കളയാൻ ജില്ലാ കമ്മിറ്റിക്കും കഴിയില്ല. കൊല്ലം ജില്ലയിൽ നിന്നും രണ്ട് മന്ത്രിമാർ എന്നത് പുതിയ കാര്യമല്ലെന്ന് പി എസ് സുപാലിന് വേണ്ടി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. വി എസ് അച്ചുതാനന്ദൻ സർക്കാരിൽ കൊല്ലം ജില്ലയിൽ നിന്നും സി ദിവാകരനും(കരുനാ​ഗപ്പള്ളി) മുല്ലക്കര രത്നാകരനും(ചടയമം​ഗലം) മന്ത്രിമാരായിരുന്നു. പിണറായി വിജയൻ സർക്കാരിൽ തൃശ്ശൂരിന് രണ്ട് കാബിനറ്റ് പദവികൾ(മന്ത്രി വി എസ് സുനിൽകുമാറും ചീഫ് വിപ്പ് കെ രാജനും) ഉണ്ടായിരുന്നു എന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പി എസ് സുപാലിനെ ഡെപ്യുട്ടി സ്പീക്കറാക്കി സംഘടനാ രം​ഗത്ത് നിന്നും മാറ്റി നിർത്തുന്നതിനെ കുറിച്ച് ചില ചർച്ചകൾ നടക്കുന്നതായും സൂചനകളുണ്ട്.

കെ രാജൻ

ഉറപ്പായും ഇക്കുറി മന്ത്രിസഭയിലുണ്ടാകും എന്ന് കരുതുന്ന ആളാണ് ഒല്ലൂരിൽ നിന്നുള്ള കെ രാജൻ. 21,506 വോട്ടിനാണു യുഡിഎഫിലെ ജോസ് വള്ളൂരിനെ രാജൻ തോൽപ്പിച്ചത്. 2016ലെ തിരഞ്ഞെടുപ്പിൽ രാജന്റെ ഭൂരിപക്ഷം 13,248 വോട്ടായിരുന്നു. എന്നാൽ, നിലവിൽ ചീഫ് വിപ്പാണ് എന്നത് രാജന് വിനയായേക്കും. കഴിഞ്ഞ തവണ പരി​ഗണിക്കപ്പെട്ടവരെ ഇക്കുറി മാറ്റി നിർത്തണം എന്ന കഴിഞ്ഞ തവണത്തെ നിലപാട് സിപിഐ തുടർന്നാൽ, രാജന് അവസരം ലഭില്ല. എന്നാൽ രണ്ടു വർഷത്തിൽ താഴെ മാത്രമാണ് തനിക്ക് ചീഫ് വിപ്പ് പദവി ലഭിച്ചതെന്നത് രാജന് തുണയാകും.

ഇ ചന്ദ്രശേഖരനോ ഇ കെ വിജയനോ

പുതുമുഖങ്ങൾക്ക് അവസരം എന്ന പഴയ നിലപാട് ഇക്കുറിയും തുടർന്നാൽ ഇ ചന്ദ്രശേഖരന് ഇക്കുറി മന്ത്രി പദം ലഭിക്കില്ല. അങ്ങനെയെങ്കിൽ വടക്കൻ ജില്ലകളുടെ പ്രാതിനിധ്യം എന്ന നിലയിൽ ചീഫ് വിപ്പ് പദവിയിലേക്ക് പരി​ഗണിക്കപ്പെടുക നാദാപുരത്ത് നിന്നുള്ള ഇ കെ വിജയനെ ആകും. കോഴിക്കോട് ജില്ലയിൽ സിപിഐ മത്സരിക്കുന്ന ഏക സീറ്റായ നാദാപുരത്ത് കടുത്ത പോരാട്ടമാണ് നടന്നത്. സിറ്റിങ് എംഎൽഎ ഇ.കെ.വിജയനെതിരെ കഴിഞ്ഞ തവണത്തെ എതിരാളി കെ.പ്രവീൺകുമാർ തന്നെയാണു രംഗത്തിറങ്ങിയത്. 3,385 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയനു വിജയം. 2016ൽ ഇടതു തരംഗം അലയടിച്ചപ്പോൾ 4,759 വോട്ടിന്റെ ഭൂരിപക്ഷമാണ് വിജയന് ലഭിച്ചത്.

ഡെപ്യുട്ടി സ്പീക്കർ സ്ഥാനത്തേക്ക് വാഴൂർ സോമൻ

എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ വാഴൂർ സോമന് മന്ത്രിപദം അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ പദവി ഉറപ്പാണ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്ഥനായാണ് വാഴൂർ സോമൻ അറിയപ്പെടുന്നത്. നാല് പതിറ്റാണ്ടായി പീരുമേടിലെ തോട്ടം തൊഴിലാളികൾക്ക് ഇടയിലെ സജീവ സാന്നിധ്യമാണ് വാഴൂർ സോമൻ. തോട്ടം മേഖലയുൾപ്പെടുന്ന പീരുമേടിൽ വാഴൂർ സോമനുള്ള സ്വാധീനമാണ് സ്ഥാനാർഥിത്വം ലഭിക്കാക്കാനും കാരണമായത്. പാർട്ടി ജില്ല എക്സിക്യൂട്ടിവ് അംഗം ജോസ് ഫിലിപിനെയും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെയും പരിഗണിച്ചിരുന്നെങ്കിലും എതിർപ്പുകളെല്ലാം മറികടന്ന് നറുക്ക് വാഴൂർ സോമന് വീഴുകയായിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായ ഇ.എസ്.ബിജിമോളെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് പാർട്ടി നിയോഗിച്ച കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്ന് വാഴൂർ സോമൻ തരംതാഴ്ത്തലിന് വിധേയനായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close