Election 2021KERALANEWSTrending

സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ചരമക്കോളത്തില്‍ വാര്‍ത്ത; വാര്‍ത്ത വന്നത് ബിജെപിയുടെ മുഖപത്രം ജന്മഭൂമിയില്‍

തൃശൂര്‍: നാട്ടികയിലെ സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ചരമക്കോളത്തില്‍ വാര്‍ത്ത. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിലാണ് സി.സി.മുകുന്ദന്റെ പടം സഹിതമുള്ള വാര്‍ത്ത വന്നത്. ജന്മഭൂമി തൃശൂര്‍ എഡിഷനിലെ എട്ടാം പേജിലാണ് ചരമവാര്‍ത്ത. തര്‍ക്കം നിലനിന്നിരുന്ന നാട്ടികയില്‍ ഇന്നലെയാണ് സിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അതേസമയം, വാര്‍ത്തയ്‌ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് സിപിഐ അറയിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിന്‍വലിച്ചിട്ടുണ്ട്.

സി.സി മുകുന്ദന്‍റെ ചരമവാര്‍ത്ത ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ചത് മനുഷ്യത്വവിരുദ്ധവും അപമാനകരവുമാണെന്ന് കെ.കെ വത്സരാജ് പ്രസ്താവനയില്‍ പറഞ്ഞു. ജന്മഭൂമി പത്രം മാത്രം സഖാവ് മുകുന്ദന്‍റെ ബയോഡാറ്റ ചരമകോളത്തില്‍ പ്രസിദ്ധീകരിച്ചത് പാര്‍ട്ടിയെ മാത്രമല്ല, നാട്ടിക നിയോജക മണ്ഡലത്തിലെ ജനങ്ങളെയാകെ അപമാനിച്ചതിന് തുല്യമാണ്. നാട്ടികയില്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പരാജയം മണത്ത ചില ആളുകള്‍ ബോധപൂര്‍വ്വം ചമച്ചതാണോ ഈ വാര്‍ത്തയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജന്മഭൂമി പത്രം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്‍റെ സവര്‍ണ ഫാസിസ്റ്റ് മുഖമാണ് ഈ വ്യാജവാര്‍ത്തയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരു നേതാവ് തെരഞ്ഞെടുക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയുടെ ഭാഗമായാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. വ്യാജവാര്‍ത്ത ചമച്ച ജന്മഭൂമി പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി പത്രത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസ്, മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍, പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും കെ.കെ വത്സരാജ് പറഞ്ഞു. കര്‍ഷക തൊഴിലാളി യൂണിയന്‍റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ് തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.സി മുകുന്ദന്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close