INSIGHTTop News

സി എച്ച് എന്ന രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചവൻ; കഴിവുകൊണ്ട് നടന്നുകയറിയത് കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ; മുസ്ലീം ലീ​ഗിന്റെ ഏക മുഖ്യമന്ത്രിയായി ചരിത്രം രചിച്ചു; സി എച്ച് മുഹ്മമ്മദ് കോയ എന്ന നേതാവിന്റെ അധികാര പഥങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 1977 ഫെബ്രുവരി 21ന് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണത്തിലുണ്ടായിരുന്ന ഐക്യജനാധിപത്യ മുന്നണി 111 സീറ്റ് നേടി അധികാരം നിലനിർത്തി. തുടർച്ചയായ മൂന്നാം തവണയും കോൺ​ഗ്രസ്- സിപിഐ സഖ്യം അധികാരത്തിലെത്തി. നാല് മുഖ്യമന്ത്രിമാരാണ് ഈ നിയമസഭാ കാലയളവിൽ കേരളം ഭരിച്ചത്. കെ കരുണാകരൻ, എ കെ ആന്റണി, പി കെ വാസുദേവൻ നായർ, സി എച്ച് മുഹമ്മദ് കോയ എന്നിവരായിരുന്നു അഞ്ചാം നിയമസഭയുടെ കാലത്ത് മുഖ്യമന്ത്രിമാരായത്. മുഖ്യമന്ത്രിയായിരുന്ന സി അച്ചുതമേനോൻ ഇക്കുറി മത്സരിക്കാനുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിൽ നിന്ന് തന്നെ സ്വയം വിരമിച്ച അച്ചുതമേനോൻ തൃശ്ശൂരിലേക്ക് പോയി സ്വസ്ഥജീവിതം നയിച്ചു.

കോൺഗ്രസ്, എൻ.ഡി.പി., സി.പി.ഐ., ആർ.എസ്.പി., കേരള കോൺഗ്രസ് (മാണി), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, പി.എസ്.പി. എന്നീ പാർട്ടികൾ ചേർന്നതായി ഐക്യജനാധിപത്യ മുന്നണി. സി.പി.ഐ.(എം.), അഖില്യോ മുസ്ലീം ലീഗ്, കേരളാ കോൺഗ്രസ് (പിള്ള), ജനതാപാർട്ടി തുടങ്ങിയവരായിരുന്നു ഇടതുപക്ഷ മുന്നണി. കോൺഗ്രസ് 38, സി.പി.ഐ. 23, കേരളാ കോൺഗ്രസ് (എം.) 20, മുസ്ലീം ലീഗ് 13, ആർ.എസ്.പി. 9, എൻ.ഡി.പി. 5, പി.എസ്.പി. 3, സി.പി.ഐ. (എം.) 17, ജനതാ പാർട്ടി 6, കേരളാ കോൺഗ്രസ് (പിള്ള) 2, അഖില്യോ മുസ്ലീം ലീഗ് 3 ആയിരുന്നു കക്ഷിനില. ഇതേത്തുടർന്ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായി 1977 മാർച്ച് 25ന് സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റുചെയ്ത് തടങ്കലിലാക്കിയ റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്തി രാജനെ ഹാജരാക്കാൻ അച്ഛൻ ഈശ്വരവാര്യർ നൽകിയ പരാതിയെത്തുടർന്നുള്ള ഹൈക്കോടതിവിധിയെ തുടർന്ന് ഏപ്രിൽ 25ന് കെ. കരുണാകരൻ മന്ത്രിസഭ നിലംപതിച്ചു. തുടർന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായി. ഇന്ദിരാഗാന്ധിയെ അനുകൂലിക്കുന്നവരുടെ കൂട്ടത്തിൽ കെ. കരുണാകരനും, എതിർക്കുന്നവരുടെ നേതാവായി എ.കെ. ആൻറണിയും നിലയുറപ്പിച്ചു.

ചിക്കമംഗളൂർ ഉപതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയ്ക്ക് സീറ്റ് നൽകിയ കോൺഗ്രസ് പാർലമെൻററി ബോർഡിന്റെ നിലപാടിൽ പ്രതിഷേധിച്ച് എ.കെ. ആൻറണി രാജിവച്ചതിനെത്തുടർന്ന് സിപിഐ നേതാവ് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി. ഇതിനിടയിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലുണ്ടായ പൊട്ടിത്തെറിയും മാണിഗ്രൂപ്പും, ജോസഫ് ഗ്രൂപ്പും തമ്മിലുള്ള തർക്കവും മന്ത്രിസഭയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇഷ്ടദാനബില്ലിനെ സംബന്ധിച്ച തർക്കവും അഖിലേന്ത്യാതലത്തിൽ ഇടതുപക്ഷ ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനവും സി.പി.ഐ.യും ആർ.എസ്.പി.യും മുന്നണി മാറാൻ തീരുമാനിച്ചു. ഇതേത്തുടർന്ന് 1979 ഒക്ടോബർ 7ന് പി.കെ.വി. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.

പി.കെ.വി. മന്ത്രിസഭയുടെ പതനത്തെ തുടർന്ന് മുസ്ലീം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. 1979 ഒക്ടോബർ 12നാണ് സി എച്ച് അധികാരമേറ്റത്. ഇന്ത്യയുടെ ചരിത്രത്തിൽ‌ തന്നെ മുസ്ലീം ലീ​ഗ് നേതാവ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന സംഭവമായി ഇത് മാറി. ലീഗിന്റെ ഒരേഒരു മുഖ്യമന്ത്രിയാണ്‌ ചെറിയാൻകണ്ടി മുഹമ്മദ്‌ കോയ. ഒരുമാസവും ഇരുപത്‌ ദിവസവും മാത്രം നീണ്ടുനിന്ന കോയ മന്ത്രിസഭ 1979 ഡിസംബർ ഒന്നിന്‌ കൂപ്പുകുത്തി. സഖ്യകക്ഷികളായ മാണിയും ജോസഫും പിന്തുണ പിൻവലിച്ചതോടെ സിഎച്ചിന്‌ പടിയിറങ്ങേണ്ടിവന്നു

കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ച് പ്രതിപക്ഷത്തുചേർന്നു. ജനതാപാർട്ടിയിലും പിളർപ്പ് ഉണ്ടായി. എ.കെ. ആൻറണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് (യു) പിന്തുണ പിൻവലിച്ചതിനെ തുടർന്ന് രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായി. ഇതിനിടയിൽ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാൻ പ്രതിപക്ഷശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ട സി.എച്ച്. മന്ത്രിസഭ 1979 ഡിസംബർ ഒന്നിന് രാജിവെക്കുകയായിരുന്നു.

വിദ്യാഭ്യാസ രംഗത്ത്‌ നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന നേതാവ്‌ കൂടിയാണ്‌ സിഎച്ച്‌. മുസ്ലീം പെൺകുട്ടികൾക്ക്‌ സ്‌കോളർഷിപ്പ്‌ ഏർപ്പെടുത്തി. അറബി ഭാഷ പഠനവിഷയമാക്കി. ഒപ്പം ഒട്ടനവധി പുരോഗമന നയങ്ങൾക്കും കുറഞ്ഞകാലം കൊണ്ട്‌ തുടക്കമിട്ടു. കാലിക്കറ്റ്‌ സർവ്വകലാശാലയ്‌ക്കുവേണ്ടി അഹോരാത്രം പ്രയത്‌നിച്ചു. കേരളത്തിലെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയും സ്‌പീക്കറായും സിഎച്ച്‌ പ്രവർത്തിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനും വാഗ്മിയുമായിരുന്നു സിഎച്ച്‌ മുഹമ്മദ്‌കോയ. ഉപമുഖ്യമന്ത്രി പദത്തിലിരിക്കെയാണ്‌ 1983ൽ അദ്ദേഹം വിടവാങ്ങിയത്‌.

ആദരണീയനായ ജനനേതാവ്, കഴിവുറ്റ ഭരണാധികാരി, കൃതഹസ്തനായ പത്രപ്രവർത്തകൻ, ഉന്നതനായ എഴുത്തുകാരൻ, വശ്യവചസ്സായ പ്രഭാഷകൻ, അങ്ങനെ എല്ലാ രംഗത്തും സി.എച്ച് കഴിവു തെളിയിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ അത്തോളിയെന്ന കൊച്ചു ഗ്രാമമാണ് സി.എച്ചിൻറെ ജന്മദേശം. 1927 ജൂലൈ 15 ന് പയമ്പുനത്തിൽ ആലി മുസലിയർ എന്ന യുനാനി നാട്ടുവൈദ്യൻറെ മകനായി ജനിച്ചു. കോഴിക്കോട്ടെ പൊതുരംഗത്ത് പ്രവർത്തിച്ചുപോന്ന അദ്ദേഹം ചന്ദ്രിക ദിനപ്പത്രത്തിൻറെ പത്രാധിപരായിരുന്നു. 1952 ൽ കോഴിക്കോട്ടെ നഗരസഭയിലേക്ക് തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ അദ്ദേഹത്തിൻറെ ദീർഘമായ പൊതുജീവിതത്തിന് തുടക്കമാവുകയായിരുന്നു.

1957 ൽ അദ്ദേഹം നിയമസഭയിലെത്തി. പിന്നെ തുടർച്ചയായി മരണം വരെ അദ്ദേഹത്തിൻറെ ശബ്ദം കേരള നിയമസഭയിൽ മുഴങ്ങിക്കേട്ടു. ഇടയ്ക്ക് അൽപകാലം മാത്രം അദ്ദേഹം പാർലമെൻറംഗമായി മാറി നിന്നത് ഒഴിച്ചാൽ സി.എച്ച് കേരള രാഷ് ട്രീയത്തിലെ സജീവ വ്യക്തിത്വമായിരുന്നു. പ്രതിപക്ഷത്തായാലും ഭരനപക്ഷത്തായാലും സി.എച്ചിൻറെ ശബ്ദം ആരും ശ്രദ്ധിച്ചിരുന്നു. ഭരണപക്ഷത്തിരുന്നപ്പോൾ അദ്ദേഹം ഏതാണ്ട് എല്ലാ വകുപ്പുകളും പല തവണയായി കൈയാളിയിരുന്നു. 1961 ൽ രാഷ്ട്രീയ ഗുരുവായ സീതിസാഹിബിൻറെ നിര്യാണത്തെ തുടർന്ന് സി.എച്ച് നിയമസഭാ സ്പീക്കറായി. അന്ന് സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലായിരുന്നു സി.എച്ച് ഏറ്റവുമേറെ ശൃദ്ധേയനായത്. ഏറ്റവും കൂടുതൽ കാലം അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആഭ്യന്തരം, വിനോദസഞ്ചാരം, റവന്യൂ, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം തുടങ്ങിയ വകുപ്പുകളിലും അദ്ദേഹം മന്ത്രിയായിരുന്നു. കേരളത്തിലെ പുതിയ സർവകലാശാലകൾ സി.എച്ചിൻറെ കാലത്തുണ്ടായതാണ്. പ്രത്യേകിച്ഛ് കാലിക്കറ്റ് സർവകലാശാല.വിദ്യാർത്ഥികൾക്ക് അദ്ദേഹം വിവിധ ആനുകൂല്യങ്ങൾ നൽകി. അദ്യാപകർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കി. പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ മുൻ കൈയെടുത്തതും സി.എച്ചായിരുന്നു.

അടിയുറച്ച ലീഗുകാരനായിരുന്നിട്ടും സി.എച്ച് എല്ലാവർക്കും സമ്മതനായ നേതാവായിരുന്നു. അദ്ദേഹത്തിൻറെ സമീപനങ്ങളിൽ സാമുദായികമോ രാഷ് ട്രീയമോ ആയ ഒരു താതᅲര്യങ്ങളും കടന്നുവന്നിരുന്നില്ല. മൃദുഭാഷിയും വിനയാന്വിതനുമായിട്ടാണ് എല്ലാവരും സി.എച്ചിനെ ഓർക്കുക എങ്കിലും വേണ്ടപ്പോൾ കടുത്ത വിമർശനങ്ങളുടെ കൂരമ്പെയ്യാൻ സി.എച്ച് മടിച്ചിരുന്നില്ല. പാവപ്പെട്ടവരിൽ പാവപ്പെട്ടവനായി ജനിച്ച് കേരളത്തിൻറെ മുഖ്യമന്ത്രി പദം വരെയെത്തിയ സി.എച്ചിൻറെ ജീവിതഗാഥ ഒരു പാഠപുസ്തകമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close