
ന്യൂഡല്‍ഹി: ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സി.പി.എം, സി.പി.ഐ. ദേശീയ നേതാക്കള്‍ ഇന്ന് സന്ദര്‍ശിക്കും. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി.രാജ, പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സി.പി.ഐ. ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഎം സംസ്ഥാനകമ്മിറ്റി സെക്രട്ടറി ഹിരലാല്‍ യാദവ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായി ഹാഥ്റസിലെത്തുന്നത്. നേരത്തേ കര്‍ഷക തൊഴിലാളി യൂണിയന്, കിസാന്‍ സഭ, സി.ഐ.ടി.യു. ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. 19കാരിയെ നാലുപേര്‍ചേര്‍ന്ന് സെപ്റ്റംബര്‍ 14 നാണ് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. പോലീസിന് വിവരം നല്കാതിരിക്കാന് പെണ്‍കുട്ടിയുടെ നാവ് മുറിച്ചു. കുടുംബാംഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തി.