
തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപച്ചു. മന്ത്രി എ കെ ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഷിനോസ് റഹ്മാന് സജാസ് റഹ്മാന് എന്നിവര്‍ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ മികച്ച രണ്ടാമത്തെ ചിത്രമായി. ജെല്ലിക്കെട്ടിന്റെ സംവിധായകന് ലിജോ ജോസ് ആണ് മികച്ച സംവിധായകന്.ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, വികൃതി എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി.ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പോയ വര്‍ഷത്തെ മികച്ച സിനിമകളേയും അഭിനേതാക്കളേയും സാങ്കേതിക പ്രവര്‍ത്തകരേയും തെരഞ്ഞെടുത്തത്.
ഇത്തവണ 119 ചിത്രങ്ങളാണ് അവാര്‍ഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. 2019ല്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്കാണ് പുരസ്കാരം. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് പുരസ്കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു. മികച്ച നടനുള്ള പുരസ്കാരത്തിനായി മോഹന്‍ലാല്‍ (മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ലൂസിഫര്‍), മമ്മൂട്ടി (ഉണ്ട, മാമാങ്കം) ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം മത്സരരംഗത്ത് പരിഗണിക്കപ്പെട്ടിരുന്നു. നിവിന്‍ പോളി (മൂത്തോന്), സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, ഡ്രൈവിംഗ് ലൈസന്‍സ്, വികൃതി), ആസിഫ് അലി (കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ന് നിഗം (കുമ്ബളങ്ങി നൈറ്റ്സ്, ഇഷ്ഖ്) എന്നിവര്‍ തമ്മില്‍ കടുത്ത മത്സരം തുടക്കം മുതലേ പ്രതീക്ഷിച്ചിരുന്നു.
മികച്ച നടിക്കുള്ള മത്സരരംഗവും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. പാര്‍വതി (ഉയരെ), രജിഷ വിജയന് (ജൂണ്‍, ഫൈനല്‍സ്), അന്ന ബെന്‍ (ഹെലന്, കുമ്ബളങ്ങി നൈറ്റ്സ്), മഞ്ജു വാര്യര്‍ (പ്രതി പൂവങ്കോഴി) എന്നിവരുടെ പേരുകള്‍ അവസാന നിമിഷം വരെയും ഉയര്‍ന്ന് കേട്ടു.
മുതിര്‍ന്ന സംവിധായകനും ഛായാഗ്രാഹകനുമായ മധു അമ്ബാട്ട് ചെയര്‍മാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ചലച്ചിത്ര സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, നടി ജോമോള്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ്. രാധാകൃഷ്ണന്, ഗായിക ലതിക, ഗ്രന്ഥകര്‍ത്താവ് ബെന്യാമിന്, സംസ്ഥാന ചലച്ചിത്ര അക്കാദമി മെമ്ബര്‍ സെക്രട്ടറി സി. അജോയ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.